ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അച്ഛന്‍ മരിച്ചതറിയാതെ പരീക്ഷയില്‍ പങ്കെടുത്ത് മകള്‍

ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അച്ഛന്‍ മരിച്ചതറിയാതെ പരീക്ഷയില്‍ പങ്കെടുത്ത് മകള്‍

Update: 2025-02-05 01:00 GMT

കുമളി: അച്ഛന്‍ മരിച്ചതറിയാതെ പരീക്ഷയില്‍ പങ്കെടുത്തു മകള്‍. അധ്യാപകരുടെ കരുതലിലാണ് സന്തോഷിണിക്ക് ഇന്നലെ പരീക്ഷ എഴുതാനായത്. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സന്തോഷിണിയുടെ പിതാവ് ജയകുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയതായിരുന്നു സന്തോഷിണി. അച്ഛന്‍ സുഖമായിരിക്കുന്നു എന്ന വിശ്വാസത്തിലാണ് സന്തോഷിണി പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് എത്തിയത്.

ചെങ്കര എസ്റ്റേറ്റില്‍ താമസിക്കുന്ന ജയകുമാര്‍ ശനിയാഴ്ച രാത്രി വീടിനു സമീപം കാലുതെറ്റി വീണു ചികിത്സയിലായിരുന്നു. ജയകുമാറിന്റെ നില ഗുരുതരമാണെന്നറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍നിന്നു പ്രത്യേക അനുമതി വാങ്ങി രാവിലെ 8നു സന്തോഷിണിക്കു മാത്രമായി പരീക്ഷ നടത്തി. പരീക്ഷ പൂര്‍ത്തിയായ ഉടന്‍ മകളെ പിതാവിന്റെ അടുത്തെത്തിക്കാന്‍ പ്രധാനാധ്യാപിക എ.മല്ലികയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ വാഹനവും ക്രമീകരിച്ചു.

എന്നാല്‍, പരീക്ഷ പൂര്‍ത്തിയാക്കി മകള്‍ പുറത്തിറങ്ങിയ നിമിഷം തന്നെ ആശുപത്രിയില്‍നിന്നു ജയകുമാറിന്റെ വിയോഗവാര്‍ത്ത സ്‌കൂളിലെത്തി. രാജേശ്വരിയാണു സന്തോഷിണിയുടെ അമ്മ. ജയകുമാറിന്റെ സംസ്‌കാരം ഇന്നു ചെങ്കരയില്‍.

Tags:    

Similar News