കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയും ഭാര്യയും മരിച്ചു: പരുക്കേറ്റ ഏഴുപേര്‍ ആശുപത്രിയില്‍
കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; രോഗിയടക്കം 2 പേർ മരിച്ചു
കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ മരിച്ചു. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഏഴുപേര്‍ ആശുപത്രിയിലാണ്. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ച തമ്പിയുടേയും ശ്യാമളയുടേയും മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്.
കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. പരുക്കേറ്റ മറ്റുള്ളവര്‍ ചികില്‍സയിലാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.