തൃശൂര്‍ പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എഡിജിപി അജിത് കുമാര്‍; അന്വേഷിക്കുന്നത് എഡിജിപി തന്നെയെന്നത് തമാശയുള്ള കാര്യമെന്നും വി ഡി സതീശന്‍
പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എഡിജിപി അജിത് കുമാര്‍
മലപ്പുറം: തൃശൂര്‍ പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എഡിജിപി എംആര്‍ അജിത് കുമാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പൂരത്തിന്റെ മൂന്ന് ദിവസം മുന്‍പ് എഡിജിപി ഉണ്ടാക്കിയ പ്ലാന്‍ പ്രകാരമാണ് പൂരം കലക്കിയതെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുന്നത് അജിത് കുമാര്‍ തന്നെയാണെന്നത് തമാശയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഐഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരില്‍ ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷമായി ഒളിച്ചു വെച്ചു. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ദുര്‍ബലമായ അന്വേഷണ സംഘമാണുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.
റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം പറഞ്ഞു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞു. പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ല. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുകയാണ്. എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കാണുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ടിയാണിത്. ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതില്‍ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നല്‍കി. അതിന് പിന്നാലെ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പൂരനഗരിയില്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലന്‍സില്‍ എത്തിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.