മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം; മദ്യ വില്പനശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 43,430 രൂപ പിടിച്ചെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-09-22 06:11 GMT
മലപ്പുറം: കൺസ്യൂമർഫെഡ് നിയന്ത്രണത്തിലുള്ള മുണ്ടംപറമ്പ് വിദേശ മദ്യവിൽപനശാലയിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ വിൽപനശാലയിലെ ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.
ഈ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് സംശയിക്കുന്നതായി വിജിലൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘം വിൽപനശാലയിലെത്തിയത്. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്.