ബന്ധുവിന്റെ ഫോണിൽ ഭാര്യയുടെ നമ്പർ കണ്ടതിൽ വൈരാഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; ഭർത്താവ് പിടിയിൽ
കൊല്ലം: ഭാര്യയുടെ മൊബൈൽ നമ്പർ ബന്ധുവിന്‍റെ ഫോണിൽ കണ്ടതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബന്ധുവിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആയൂർ സ്വദേശി സ്റ്റെഫിനെയാണ് ചടയമംഗലം പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ആയൂർ വഞ്ചിപ്പട്ടി സ്വദേശി ബിനുരാജിനും ഭാര്യയ്ക്കുമാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവർ ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബിനുരാജിന്റെ മൊബൈൽ ഫോണിൽ സ്റ്റെഫിന്റെ ഭാര്യയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിന് കാരണം. ഇതിന്റെ വൈരാഗ്യത്തിൽ സ്റ്റെഫിൻ പട്ടിക കമ്പുമായി ബിനുരാജിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ബിനുരാജിനെ തലയ്ക്കും ദേഹത്തും അടിച്ചും മുറിവേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ബിനുരാജിന്റെ ഭാര്യയുടെ തലയ്ക്കും സ്റ്റെഫിൻ പട്ടിക കമ്പ് കൊണ്ട് അടിച്ചു.
ആക്രമണത്തിൽ ബോധരഹിതനായി നിലത്തുവീണ ബിനുരാജിനെയും ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വർഷങ്ങളായി ഈ രണ്ട് കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ബിനുരാജിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ്, പ്രതിയായ സ്റ്റെഫിനെ വൈക്കൽ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.