പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചു; വാഹനം ഉപേക്ഷിച്ച് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2025-08-12 13:37 GMT

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീം (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കർണാടകയിൽ നിന്ന് ആഡംബര കാറിൽ കേരളത്തിലേക്ക് വരികയായിരുന്ന റഹീമും സംഘവും സഞ്ചരിച്ച വാഹനം കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കായി കൈകാട്ടി നിർത്തിക്കുകയായിരുന്നു. വാഹനം നിർത്തിയ പുറത്തിറങ്ങിയ റഹീം, സമീപത്തെ ഊടുവഴിയിലൂടെ ഓടി പേരട്ട, ബാരാപോൾ പുഴകൾ സംഗമിക്കുന്ന ഭാഗത്തേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പുഴയിൽ ചാടിയ റഹീമിനെ കച്ചേരിക്കടവ് പാലത്തിന് സമീപം വരെ കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച രാത്രി മുതൽ വിപുലമായ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെ, ഇയാൾ ചാടിയ സ്ഥലത്തുനിന്ന് നാല് കിലോമീറ്ററോളം താഴെ കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽ പുഴയുടെ തീരത്തോട് ചേർന്നാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News