പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു: യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു; കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനകത്ത് വാക്കേറ്റവും മുദ്രാവാക്യം വിളിയും
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി. പി.ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധത്തിനിടെ അറസ്റ്റു ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സ്റ്റേഷനിലുള്ളില്‍ നിന്നും സംഘര്‍ഷം. പൊലിസുമായി ഉന്തുംതള്ളും വാക്കേറ്റവും നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ മിനുട്ടുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത പൊലിസ് ക്രിമിനല്‍ കേസില്‍ പ്രതിയായ പി.പി ദിവ്യയെ എന്തുകൊണ്ടു അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ചു ബഹളം വെച്ചു.
ഇന്ന് രാവിലെ 11 മണിയോടെ കാല്‍ടെക്‌സിലെ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ നിന്നും പ്രകടനമായാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന് മുന്‍പിലെത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് മുന്നിലുള്ള റോഡ് യൂത്ത് ലീഗ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ചയൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ് ചെയ്ത് നീക്കി.
പോലീസ് സ്റ്റേഷന് ഉള്ളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.സംസ്ഥാന സെക്രട്ടറി സി. കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. സി. നസീര്‍, നേതാക്കളായ അലി മങ്കര, ഫൈസല്‍ ചെറുകുന്ന്, ഷംസീര്‍ മയ്യില്‍ തുടങ്ങിയ 20 ഓളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതേ തുടര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് തങ്ങളെ അടച്ച പോലിസ് നടപടിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു ബഹളം വയ്ക്കുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍എസ്.ഐ പി.പി ഷമീലിന്റെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിയത്. കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരിസ്റ്റേഷനിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ബഹളം അവസാനിപ്പിച്ചത്.