കഴിഞ്ഞ വര്‍ഷം നല്‍കിയത് 20,000; തിരക്കില്‍പ്പെട്ടു പോയ 150 കുട്ടികളെ തിരികെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു; ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഇക്കുറിയും വി-സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തി

ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഇക്കുറിയും വി-സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തി

Update: 2025-11-18 13:56 GMT

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി പോലീസ് ടെലികോം ഓപ്പറേറ്റര്‍ വിയുമായി ചേര്‍ന്ന് സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ലഭിച്ച സ്വീകാര്യതയാണ് ഇക്കുറിയും കുട്ടികളുടെ സുരക്ഷയ്ക്കായി പദ്ധതി നടപ്പാക്കുന്നതില്‍ എത്തിയത്. ക്യു.ആര്‍ കോഡോടു കൂടിയ റിസ്റ്റ് ബാന്‍ഡുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കും. കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പോലീസിന് സാധിക്കും. നേരത്തേ തന്നെ റിസ്റ്റ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്‌കില്‍ നിന്നും കൈപ്പറ്റാനും കഴിയും.

www.visuraksha.online എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര്‍ അല്ലെങ്കില്‍ വി മിനി സ്റ്റോറില്‍ നേരിട്ടെത്തിയോ കുട്ടികള്‍ക്കുള്ള വി സുരക്ഷാ റിസ്റ്റ് ബാന്‍ഡിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നതിനു മുന്‍പ് ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐ.ഡി ലഭിക്കും. തീര്‍ത്ഥാടന സമയത്ത് പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കില്‍ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി കാണിച്ചാല്‍ അവരുടെ കോണ്‍ടാക്ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്തിരിക്കുന്ന ക്യൂ.ആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.

കേരള പോലീസിന്റെ കണക്കനുസരിച്ചു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശബരിമലതീര്‍ത്ഥാടകരില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം തീര്‍ത്ഥാടകരില്‍ ഏകദേശം 10-15 ശതമാനം കുട്ടികളായിരുന്നു.ജില്ലാ പോലീസ് ഓഫീസില്‍ വി-കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പദ്ധതിയുടെ മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം 20,000ത്തിലധികം വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഇതിലൂടെ തീര്‍ത്ഥാടനം സമയത്ത് വഴിതെറ്റിയ 150ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാന്‍ കേരള പോലീസിന് സാധിച്ചു.

Tags:    

Similar News