പാചകവാതക വിലവര്‍ധന: കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് സിപിഎം
ന്യൂഡല്‍ഹി: ഗാര്‍ഹിക, വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന ജനദ്രോഹപരമായ തീരുമാനമാണിതെന്ന് പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെട്ട ദരിദ്രരായ ഗുണഭോക്താക്കളെപ്പോലും ഈ വിലവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിരന്തരമായ ഇത്തരം വര്‍ധനവുകള്‍ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് വിലവര്‍ധനവിന് കാരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കപടമാണെന്നും സിപിഎം വിമര്‍ശിച്ചു. ട്രംപ് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും യുഎസ് ആധിപത്യത്തിനും കേന്ദ്രം വഴങ്ങുന്നതിന്റെ ഭാഗമാണിതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.