പൊലീസിനെ കണ്ട് ഭയന്നോടിയ മണല്‍ ലോറി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാര്‍

പൊലീസിനെ കണ്ട് ഭയന്നോടിയ മണല്‍ ലോറി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

Update: 2024-11-12 12:48 GMT

കണ്ണൂര്‍ : കണ്ണൂര്‍ പരിയാരത്ത് പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു. പരിക്കാരംകുറ്റിയേരി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മരണമടഞ്ഞ

ടി.കെ മഹ്‌റൂഫെന്ന യുവാവിനെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പൊലിസ് അന്വേഷണം നടത്തിയില്ലെന്ന ആരോപിച്ചാണ് നാട്ടുകാര്‍ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞത്.

തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശി ടി.കെ മെഹറൂഫാ (27) ണ് മരിച്ചത്. മിനി ലോറിഡ്രൈവറായ മെഹറൂഫ് പുഴയില്‍ ചാടിയത് മണല്‍കടത്ത് തടയാനെത്തിയ പൊലിസിനെ കണ്ട് ഭയന്നാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പൊലിസിനെതിരെ വന്‍ ജനരോഷമുണ്ടായത്. പ്രദേശവാസികള്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാത്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്. മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫിന്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെടുന്നതിനിടെ മെഹറൂഫ് പുഴയില്‍ വീണുവെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ടിനാണ് മൃതദേഹം കരക്കടിഞ്ഞത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ മറ്റ് നടപടി സ്വീകരിക്കാനോ നാട്ടുകാര്‍ ആദ്യം അനുവദിച്ചിട്ടില്ല.. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

മെഹറൂഫിനെ കാണാതായ വിവരം ചൊവ്വാഴ്ചയാണ് ലഭിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പയ്യന്നൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ മണല്‍ക്കടത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേരെ പരിയാരം പൊലിസ് നടത്തിയ റെയ്ഡില്‍ പിടികൂടിയിരുന്നു.

Tags:    

Similar News