ഉമാ തോമസിന് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ് ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം
മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ അറസ്റ്റില്‍
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
സംഘാടകരായ മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നേരത്ത നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിഗോഷ് കുമാര്‍ കീഴടങ്ങുകയായിരുന്നു.
മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി
മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ 15അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്