നിലയ്ക്കലിലെ സമാന്തര സര്‍വീസുകാര്‍ ഹോട്ടലില്‍ കയറി അതിക്രമം കാട്ടി; മര്‍ദനമേറ്റ നാലു പേര്‍ ചികില്‍സയില്‍; സമാന്തര സര്‍വീസ് കൊള്ള നടത്തി കെഎസ്ആര്‍ടിസിക്ക് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലെന്നും പരാതി
നിലയ്ക്കലിലെ സമാന്തര സര്‍വീസുകാര്‍ ഹോട്ടലില്‍ കയറി അതിക്രമം കാട്ടി
നിലയ്ക്കല്‍: നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചുവെന്ന് പരാതി. മര്‍ദനമേറ്റ നാലു ജീവനക്കാര്‍ നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരായ അട്ടത്തോട് സ്വദേശികള്‍ എന്ന് അവകാശപ്പെടുന്നവരാണ് ജീവനക്കാരെ മര്‍ദിച്ചത്.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസിക്ക് 50 രൂപയാണ് നിരക്ക്. അതേസമയം, അയ്യപ്പന്മാരുടെ അജ്ഞത മുതലെടുത്ത് ആളൊന്നിന് 150 രൂപ ഈടാക്കിയാണ് സമാന്തര സര്‍വീസുകാര്‍ തീര്‍ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് പറയുന്നു. സമാന്തര സര്‍വീസുകാരുടെ ഈ രീതി കാരണം നിലയ്ക്കലിലെ ഹോട്ടലുകളിലേക്ക് സ്വാമിമാര്‍ എത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇത് ചോദ്യം ചെയ്തതിനും പരാതിപ്പെട്ടതിനുമാണ് അഞ്ചാം നമ്പര്‍ അന്നലക്ഷ്മി ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചത് എന്നാണ് പറയുന്നത്.
പമ്പയിലേക്ക് മറ്റു വാഹനങ്ങളും കടത്തി വിടാമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സമാന്തര സര്‍വീസുകള്‍ തീര്‍ഥാടകരെ കൊള്ളയടിക്കുന്നതെന്ന് പറയുന്നു. 45 ഓളം വാഹനങ്ങളാണ് സമാന്തര സര്‍വീസ് നടത്തുന്നത്. സുമോ, ജീപ്പ്, ടവേര, ഇന്നോവ തുടങ്ങിയ വാഹനങ്ങളില്‍ അയ്യപ്പന്മാരെ അമിത നിരക്ക് ഈടാക്കി കുത്തി നിറച്ചു കൊണ്ടു പോവുകയാണ് ചെയ്യുന്നത്. പോലീസും മോട്ടോര്‍ വാഹനവകുപ്പും അടക്കം ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് പരാതി. സമാന്തര സര്‍വീസിനെതിരേ പരാതി ഉയര്‍ന്നിട്ടും നടപടി ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ റൂട്ടിന് ഭീഷണിയായി സമാന്തര സര്‍വീസ് മാറിയിട്ടും നടപടി എടുക്കാതെ അധികൃതര്‍ തുടരുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് പറയുന്നത്.