പ്ലസ്വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ കേസെടുത്തു; പുറത്താക്കി സി പി എം

പീഡനക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ കേസ്‌

Update: 2024-09-30 18:13 GMT

കണ്ണൂര്‍: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിനുമെതിരെയാണ് കേസെടുത്തത്. രമേശനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരകളായ സുഹൃത്തുക്കള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രമേശന്‍ അറസ്റ്റിലായത്. ഞായറാഴ്ച്ച വൈകുന്നേരം വിദ്യാര്‍ത്ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരില്‍ ചിലരും രമേശന്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. പീഡനത്തിനിരയായ കുട്ടികള്‍ രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയെക്കൊണ്ട് രമേശനെ ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശന്‍ തന്റെ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെ ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. ഈ സമയം ഇതൊന്നുമറിയാതെ രമേശന്റെ നിര്‍ദേശാനുസരണം സ്ഥലത്തെത്തിയ അനീഷ് അപകടം മനസിലാക്കി കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു.

സ്ഥലത്തെത്തിയ രക്ഷിതാക്കളും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് രമേശനെ പോലീസില്‍ ഏല്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് രമേശനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച രാവിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

രമേശനും അനീഷും ചേര്‍ന്ന് ഈ മാസം 24ന് മുയ്യത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ വച്ച് വേറൊരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും പരാതി ഉണ്ട്. രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 17 കാരനെ പീഡിപ്പിച്ച കേസില്‍ രമേശനെതിരെയും, മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രമേശനും അനീഷിനുമെതിരെയുമാണ് കേസുകള്‍. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സിപിഎം നാട്ടില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടികളുടെ വീട്ടുകാരെല്ലാം സജീവ സിപിഎം പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിധം പെരുമാറിയതിന് മുയ്യം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശന്‍, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി .ജയരാജന്‍ അറിയിച്ചു.


Tags:    

Similar News