മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!; 'പൊന്നാട അണിയിച്ച പാവപ്പെട്ട ഉമ്മ നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ കീറിക്കളയുന്ന വി.ഡി.സതീശന്‍': നികേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കുപ്രചാരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് സൈബര്‍ വിങ്; 'അപ്പോള്‍ അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ടെന്ന് 'പരിഹാസം; ക്യാപ്‌സ്യൂള്‍ കലഹം ഇങ്ങനെ
മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!
തിരുവനന്തപുരം; സോഷ്യല്‍ മീഡിയയില്‍ സിപിഎം-കോണ്‍ഗ്രസ് സൈബര്‍ യുദ്ധം രൂക്ഷമാകുന്നു. ഇടത് അനുകൂല മാധ്യമപ്രവര്‍ത്തകനും, സിപിഎം സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയുമുള്ള എം.വി. നികേഷ് കുമാറിനെ 'കിണര്‍ഗോലു' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് സൈബര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയതോടെയാണ് പോര് മുറുകിയത്. വി.ഡി. സതീശനെതിരെയുള്ള ഒരു പഴയ വീഡിയോ പുതിയതെന്ന രീതിയില്‍ നികേഷ് കുമാര്‍ പുറത്തുവിട്ടെന്നും അത് പൊളിഞ്ഞെന്നുമാണ് കോണ്‍ഗ്രസ് അനുകൂലികളുടെ വാദം.
വിവാദത്തിന്റെ തുടക്കം: ആ പഴയ വീഡിയോയും 'ഉമ്മയുടെ പരാതിയും'
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമെന്ന പേരില്‍ സിപിഎം സൈബര്‍ വിഭാഗം ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ സംബന്ധിച്ച് രണ്ട് രീതിയിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്:
ഇടത് സൈബര്‍ വിഭാഗത്തിന്റെ ആരോപണം
അടുത്ത മുഖ്യമന്ത്രിയാകാന്‍ യാത്ര നടത്തുന്ന വി.ഡി. സതീശന് ഒരു പാവപ്പെട്ട കോണ്‍ഗ്രസുകാരിയായ ഉമ്മ പൊന്നാട അണിയിച്ച ശേഷം ഒരു പരാതി (കത്ത്) നല്‍കുന്നുവെന്നും, അത് വായിച്ചുപോലും നോക്കാതെ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം കീറിക്കളയുന്നുവെന്നുമാണ് ഷിനോയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. സതീശന്‍ 'ഉഡായിപ്പിന്റെ അപ്പൂപ്പനാണെന്നും' അദ്ദേഹത്തിന് ജനങ്ങളോടോ നാടിനോടോ ബാധ്യതയില്ലെന്നും ഈ പോസ്റ്റുകള്‍ പരിഹസിക്കുന്നു.
വിവാദ പോസ്റ്റ് ഇങ്ങനെ:
അടുത്ത കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പുതുയുഗ യാത്ര നടത്തുന്ന വി ഡി സതീശന് ഒരു പാവപ്പെട്ട കോണ്‍ഗ്രസുകാരിയായ ഉമ്മ പൊന്നാട അണിയിച്ചിട്ടു ഒരു പരാതി ( കത്ത് ) കൊടുക്കുന്നു.
അത് വായിച്ചുപോലും നോക്കാതെ നിര്‍ദ്ദാക്ഷ്യം തുണ്ടുതുണ്ടായി കീറിക്കളയുന്നു...
ഉഡായിപ്പിന്റെ അപ്പൂപ്പനാണ് വി ഡി സതീശന്‍. അടുത്ത മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യമോ പാര്‍ട്ടിയോടോ ജനങ്ങളോടോ നാടിനോടോ ഒരു ബാധ്യതയുമില്ലെന്ന് സ്വയം തെളിയുന്ന വീഡിയോ..... ??
C. Suresh
ചെറുത്തു തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം
നികേഷ് കുമാര്‍ പുറത്തുവിട്ടത് 2025-ലെ പുതുയുഗ യാത്രയുടെ വീഡിയോ അല്ലെന്നും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയില്‍ നടന്ന ഒരുപരിപാടിയിലെ ദൃശ്യമാണെന്നുമാണ് ഇവരുടെ വാദം. സ്റ്റേജില്‍ ഇരിക്കുന്ന സതീശന് മാത്രം വായിക്കാന്‍ ഒരു പ്രവര്‍ത്തക നല്‍കിയ കുറിപ്പ് വായിച്ച ശേഷം അദ്ദേഹം നശിപ്പിച്ചത് രാഷ്ട്രീയത്തില്‍ സാധാരണ സംഭവമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹാരിസ് അറബി പങ്കുവച്ച കുറിപ്പ്:
മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു.
കഴിഞ്ഞ ലോക്കല്‍ ബോഡി ഇലക്ഷന്‍ സമയത്ത് ആലപ്പുഴയില്‍ നടന്ന സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാമില്‍ നിന്നും വെട്ടിഎടുത്ത വീഡിയോയും ആയി തുണ്ട് കനഗോലു ഇറങ്ങിയിട്ടുണ്ട്.
2022 ഇല്‍ ഇടുക്കിയിലെ ഒരാള്‍ രഹസ്യമായി ഇടി കൊടുത്തത് കൊണ്ടോ മറ്റോ കിണര്‍ഗോലുവിന് ഇയ്യിടെ കാഴ്ചക്ക് ചെറിയ പ്രശ്‌നം ഉണ്ട്. 3.12.2025 ഇന് നടന്ന പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന പുതുയുഗ യാത്രയുടെ ആണെന്ന ധാരണയില്‍ ആണ് ക്യാപ്‌സ്യൂള്‍ ഇറക്കിയത്.
സ്റ്റേജില്‍ വി ഡി സതീശന് മാത്രം വായിക്കാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ കുറിപ്പ് വായിച്ച ശേഷം വി ഡി നശിപ്പിച്ചു. ഇതൊക്കെ സാധാരണ സംഭവം ആണ്. പണി എടുക്കാതെ ഡൈനാസ്റ്റി വൈല്‍ഡ് കാര്‍ഡ്ആയി കയറിയ കിണര്‍ഗോലുവിന് ഇത് വല്ലതും അറിയാമോ...
അപ്പോള്‍ അതും പൊളിഞ്ഞു.
ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ട്.
ഇനിയും വരണേ. ഷിനോയ് ചന്ദ്രന്‍
വീണ്ടും പറയുന്നു, കിണര്‍ ഗോലുവിനെ ഞങ്ങളുടെ പേ റോളില്‍ കയറ്റുക. അയാളുടെ തല ഞങ്ങള്‍ക്ക് വേണം
നികേഷ് കുമാറിന് 'കിണര്‍ഗോലു' പട്ടം
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ശൈലിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന നികേഷ് കുമാറിനെ പരിഹസിക്കാനാണ് 'കിണര്‍ഗോലു' എന്ന പ്രയോഗം കോണ്‍ഗ്രസ് സൈബര്‍ വിംഗ് ഉപയോഗിക്കുന്നത്.
സൈബര്‍ പോര് മുറുകുന്നു
'അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കി' എന്ന ട്രോളുകളുമായി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, വി.ഡി. സതീശന്റെ ജനവിരുദ്ധ മനോഭാവമാണ് വീഡിയോയിലൂടെ വ്യക്തമാകുന്നതെന്ന് ഷിനോയ് ചന്ദ്രന്‍ അടക്കമുള്ള ഇടത് പോരാളികള്‍ വാദിക്കുന്നു.
