അധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്‍കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് പദ്ധതി കരാറില്‍ സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്നതിനിടെ, അധിക കിലോമീറ്ററുകള്‍ ഓടിയെന്ന കണക്കു നല്‍കി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കമ്പനി സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് 51.63 കോടിരൂപ. മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയ കണക്കുകള്‍ നല്‍കിയാണ് ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനി കോടികള്‍ കൈപ്പറ്റിയത്. സംസ്ഥാനത്തുടനീളമുള്ള 315 ആംബുലന്‍സുകള്‍ എല്ലാ വര്‍ഷവും അധിക കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ടെന്നു കാണിച്ച് കമ്പനി നല്‍കിയ രേഖകളില്‍ ആരോഗ്യ വകുപ്പ് വേണ്ടത്ര പരിശോധന നടത്തിയില്ല. സര്‍ക്കാര്‍ അംഗീകരിച്ച ടെണ്ടറിനു പുറത്ത് കോടികള്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം.
ഒരു ആംബുലന്‍സ് ഒരുമാസം ആയിരം കിലോമീറ്റര്‍ ഓടാനാണ് ടെണ്ടറില്‍ കരാറുള്ളത്. അധികമായി ഓടുന്ന കിലോമീറ്ററുകള്‍ക്ക് 15 രൂപ നിരക്കിലാണ് കമ്പനി ഈടാക്കിയിട്ടുള്ളത്. 2019-20 ല്‍ 2.27 കോടിരൂപയും 2020- 21 ല്‍ 13 കോടിയും 2021-22 ല്‍ 10.85 കോടിയും 2022-23 ല്‍ 12.55 കോടിയും 2023-24 ല്‍ 12.09 കോടിരൂപയും അധികമായി ഓടിയതിന് കമ്പനി ഈടാക്കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴിയാണ് ആരോഗ്യ വകുപ്പ് പണം നല്‍കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് കോടികള്‍ കുടിശിക നല്‍കാനുണ്ട്. പണം നല്‍കിയില്ലെങ്കില്‍ ഇനിമുതല്‍ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വിതരണം ചെയ്യില്ലെന്ന മുന്നറിയിപ്പ് കമ്പനികള്‍ നല്‍കിയിട്ടുണ്ട്.
108 ആംബുലന്‍സ് പദ്ധതി കരാറില്‍ കോടികളുടെ അഴിമതി പിണറായി സര്‍ക്കാര്‍ നടത്തിയെന്ന് പ്രതിപക്ഷം മുന്‍പും ആരോപിച്ചിരുന്നു. 2019 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സെക്കന്തരാബാദ് ആസ്ഥാനമായ സ്വകാര്യ 108 ആംബുലന്‍സ് കമ്പനിക്ക് 517 കോടി രൂപക്ക് കരാര്‍ കൊടുത്തപ്പോള്‍ ഈ സര്‍ക്കാര്‍ പുതിയ കരാര്‍ നല്‍കിയത് വെറും 293 കോടി രൂപക്കായിരുന്നു. ആംബുലന്‍സുകളുടെ എണ്ണം വര്‍ധിച്ചതോടൊപ്പം ഇന്ധനമടക്കമുള്ള പ്രവര്‍ത്തന ചെലവും കൂടി. എന്നിട്ടും, മുന്‍ കരാറിനേക്കാള്‍ 224 കോടിരൂപ കുറവില്‍ ഈ സര്‍ക്കാര്‍ കരാര്‍ നല്‍കിതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യ കരാറില്‍ കൂടിയ തുക ചേര്‍ത്ത് 250 കോടിയോളം രൂപ കമ്മീഷനായി സര്‍ക്കാര്‍ കൈപ്പറ്റിയെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമാണ് ഈ അഴിമതിക്ക് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കൂടാതെ, കരാര്‍ നല്‍കുമ്പോള്‍ പാലിക്കപ്പെടേണ്ട ചട്ടങ്ങളും അട്ടിമറിച്ചിരുന്നു. കേരളത്തില്‍ ആദ്യ കരാര്‍ നേടിയതിനു ശേഷം ഈ കമ്പനി മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ വിവിധ കാര്യങ്ങളില്‍ നടപടി നേരിട്ടിരുന്നു. ഈ വിവരം മറച്ചുവച്ചും വേണ്ടത്ര അന്വേഷിക്കാതെയുമാണ് 2024ല്‍ കമ്പനിയെ ടെണ്ടറില്‍ ഉള്‍പ്പെടുത്തിയത്. ജിവികെ കമ്പനിയ്ക്കെതിരെ 2023 ല്‍ കര്‍ണാടക സര്‍ക്കാരും 2022 ല്‍ മേഘാലയ സര്‍ക്കാരും നടപടിയെടുത്ത് ആംബുലന്‍സ് പദ്ധതിയില്‍ നിന്ന് മാറ്റിയിരുന്നു. നടപടി നേരിട്ട കമ്പനികളെ ടെണ്ടറിന് പരിഗണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുള്ളതാണ്. എന്നാല്‍ 2024 ല്‍ നടന്ന ടെണ്ടറില്‍ ജിവികെ കമ്പനി നടപടി നേരിട്ട കാര്യം മറച്ചുവെച്ചു. ടെണ്ടര്‍ നടപടികള്‍ക്ക് നേതൃത്വം കൊടുത്ത ആരോഗ്യവകുപ്പിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഇക്കാര്യം പരിശോധിച്ചില്ലെന്ന് മാത്രമല്ല, കമ്പനിയേക്കുറിച്ച് ലഭിച്ച പരാതി അവഗണിച്ച് കരാറും നല്‍കി. ഇത്തരത്തില്‍ ചട്ടം ലംഘിച്ച് നടപടി നേരിട്ട കമ്പനിക്ക് കരാര്‍ നല്‍കിയത് 2019 ല്‍ 250 കോടി രൂപയുടെ കമ്മീഷന്‍ കൊടുത്തതിന്റെ ഉപകാരസ്മരണയെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം.