സര്‍ക്കാര്‍ കയ്യൊഴിഞ്ഞു; ശമ്പളത്തിനു സ്വന്തം വഴി നോക്കണം; കടുത്ത സാമ്പത്തിക പ്രതിസന്ധി അലട്ടുന്ന കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍; മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു; ഡിസംബര്‍ ഒന്നുമുതല്‍ ഇവര്‍ക്ക് പണിയില്ലെന്ന് വിസിയുടെ ഉത്തരവ്; കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം

കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍

Update: 2024-11-30 16:02 GMT

തൃശൂര്‍: കേരള കലാമണ്ഡലം അടക്കമുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുകയാണ്. ശമ്പളത്തിന് സ്വന്തം വഴി നോക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതോടെ, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായിരിക്കുകയാണ്. കലാമണ്ഡലത്തിലെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് അദ്ധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാന്‍സലര്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കി.

ഒരു അദ്ധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ഇത് ആദ്യമാണ്. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി താല്‍ക്കാലിക അദ്ധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു.

എന്നാല്‍ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം. ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ പേരും താല്‍ക്കാലിക അദ്ധ്യാപകരാണ്. ഇവരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയുണ്ടാകും. പ്രതിമാസം 80 ലക്ഷം രൂപ കലാമണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവ് വരും. എന്നാല്‍ 40 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് കലാമണ്ഡലത്തിന് നല്‍കുന്നത്.

കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കുള്ള പണം സ്ഥാപനങ്ങള്‍ സ്വയം കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. കേരള കലാമണ്ഡലം, സാഹിത്യ അക്കാദമി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, ലളിതകലാ അക്കാദമി തുടങ്ങി ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പണം സ്ഥാപനങ്ങള്‍ സ്വയം കണ്ടെത്തണമെന്നു ധനവകുപ്പ് ഈ മാസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ജീവനക്കാരോ സ്ഥാപനങ്ങളില്‍നിന്നു പണം ലഭിക്കാനുള്ളവരോ കോടതിയെ സമീപിച്ചാല്‍ 'സര്‍ക്കാരിന് ബാധ്യതയില്ല' എന്നതും കേസുകളില്‍ തങ്ങളെ എതിര്‍കക്ഷി ആക്കേണ്ടതില്ലെന്നതും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നു സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ബജറ്റില്‍ നിലവില്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി പല സ്ഥാപനങ്ങളും ഗ്രാന്റ് തുക ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് തുടങ്ങിയവയും ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടില്ല.

Tags:    

Similar News