സോഷ്യല്‍ മീഡിയ നിരോധനം അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനെന്ന് ആരോപണം; 'ജെന്‍ സി' പ്രക്ഷോഭം നേരിടാന്‍ സൈന്യത്തെ ഇറക്കി നേപ്പാള്‍ സര്‍ക്കാര്‍; കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്; വെടിവയ്പില്‍ മരണം 16 ആയി; നൂറിലധികം പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ വസതിക്ക് സൈനിക സുരക്ഷ; ജന ജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധം കനക്കുന്നു
ജന ജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധം കനക്കുന്നു
നേപ്പാള്‍: സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ 'ജെന്‍സി കിഡ്‌സ്' ഒറ്റക്കെട്ടായി തെരുവില്‍ ഇറങ്ങിയതോടെ നേപ്പാള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധം നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും ലാത്തിചാര്‍ജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘര്‍ഷത്തിലുമാണ് 16 പേര്‍ മരിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തര യോഗം വിളിച്ചു. സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകള്‍ പ്രക്ഷുബ്ധമായി മാറിയിരിക്കുകയാണ്. അതിനിടെ, പാര്‍ലമെന്റ് മന്ദിരത്തിലെക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. നിലവില്‍ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നത്. പാര്‍ലമെന്റിലേക്കു നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിലാണ് 16 പേര്‍ കൊല്ലപ്പെട്ടത്. നൂറിലേറെപ്പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ തലസ്ഥാനത്തു കരസേനയെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികള്‍ നടക്കുകയാണ്. റാലികള്‍ക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നുണ്ട്.
ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകള്‍ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ് പാര്‍ലമെന്റ് മന്ദിരത്തിനു നേരേ മാര്‍ച്ച് നടത്തിയത്. പാര്‍ലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുന്‍പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്പിലാണ് നിരവധി പേര്‍ക്കു പരുക്കേറ്റത്.
ഈ മാസം നാലിനാണ് ഫെയ്‌സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബര്‍ 4 വരെ സമയവും നല്‍കി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റര്‍ ചെയ്യാതിരുന്ന പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.
സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരെയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്.
നേപ്പാളിലെ രാഷ്ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്ഥരാക്കിയെന്നും അതിനു തടയിടാനാണ് റജിസ്‌ട്രേഷന്റെ പേരു പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചും അതുമായി സാധാരണ യുവാക്കളുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയും 'നെപ്പോകിഡ്‌സ്' തുടങ്ങിയ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ധാരാളം പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
സമൂഹമാധ്യമ നിരോധനം പ്രതിഷേധത്തിനു കാരണമാണെങ്കിലും അതു മാത്രമല്ല നേപ്പാളിലെ ചെറുപ്പക്കാരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നു സമരക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയക്കാരുടെ അഴിമതിക്കും സര്‍ക്കാരിന്റെ അധീശത്വ മനോഭാവത്തിനുമെതിരെയാണ് സമരമെന്നും ഇക്ഷമ തര്‍മക് എന്ന വിദ്യാര്‍ഥിനി എഎഫ്പിയോടു പറഞ്ഞു. ''ഞങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇത്രയും കാലം ജനങ്ങള്‍ ഇതു സഹിക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ തലമുറയോടെ ഇത് അവസാനിക്കണം'' ഇക്ഷമ പറയുന്നു.
പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭമായി മാറുന്ന നിലയിലാണുള്ളത്. അക്രമാസക്തരായ പ്രതിക്ഷധക്കാര്‍ പാര്‍ലമെന്റ് ഗേറ്റ് തകര്‍ത്തു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ ഉള്ളിലേയ്ക്ക് ബലപ്രയോഗത്തിലൂടെ കടക്കാന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലലിലേക്ക് നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വീടിന് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇതിനിടെ ജെന്‍സി പ്രക്ഷോഭത്തെ നേരിടാന്‍ സക്കാര്‍ പട്ടാളത്തെ രംഗത്ത് ഇറക്കിയിട്ടുണ്ട്. നേപ്പാളിലെ പ്രധാന നഗരങ്ങളിലെല്ലാം സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പലയിടുത്തും സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകളില്‍ പ്രക്ഷോഭം വ്യാപിച്ചതോടെ നേപ്പാളിലെ സാധാരണ ജനജീവിതത്തെയും ഇത് ബാധിച്ചിട്ടുണ്ട്.