പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; ആര്‍ രാഹുലും രാഹുല്‍ ആര്‍ മണലടിയും; ആകെ 16 സ്ഥാനാര്‍ത്ഥികള്‍; ചേലക്കരയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത്; പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന്
തിരഞ്ഞെടുപ്പിന് മുന്‍പെ പാലക്കാട് താമസം തുടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍ രംഗത്തുണ്ട്. ആര്‍ രാഹുല്‍, രാഹുല്‍ ആര്‍ മണലടി എന്നിവരാണ് പത്രിക നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്‍പെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ താമസം തുടങ്ങി. ഇന്നലെ രാവിലെയായിരുന്നു വീടിന്റെ പാല് കാച്ചല്‍. അമ്മ ബീനയാണ് പാലുകാച്ചിയത്. ഇനി രാഹുലിന് ഒരു കല്യാണം നടത്തണമെന്നും അമ്മ പറഞ്ഞു. ഇന്നലെയാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പാലക്കാട് ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനു മോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എസ് സെല്‍വന്‍, രാഹുല്‍ ആര്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര്‍ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
16 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതേസമയം, ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യുആര്‍ പ്രദീപ് , യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ പിഎം, എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണനും പിവി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ എന്‍കെയും മത്സര രംഗത്തുണ്ട്. സുനിത, രാജു എംഎ, ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നല്‍കിയ മറ്റുള്ളവര്‍. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്.
എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.
പ്രിയങ്ക ഗാന്ധി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എപിജെ ജുമാന്‍ വിഎസ് എന്നിവരാണ് മുന്‍ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
പാലക്കാട് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് സരിന്‍ പത്രിക നല്‍കിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൈമാറി.
വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംപി, എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ , ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം എന്നിവര്‍ക്ക് ഒപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം. മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.