പി. കൃഷ്ണകുമാറും ജയകുമാറും മുരളി കൃഷ്ണയും അടക്കം അഞ്ചു പേര്‍; കേരളാ ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാര്‍ക്ക് നിയമനം; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഉത്തരവിറക്കി കേന്ദ്ര നിയമമന്ത്രാലയം
ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർകൂടി
കൊച്ചി: ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍ക്ക് കൂടി നിയമനം. ബുധനാഴ്ച അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആകും. 47 പേരാണ് വേണ്ടത്. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് പിന്നാലെ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുക ആയിരുന്നു. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് അഞ്ചു പേരും ഹൈക്കോടതിയിലേക്ക് എത്തിയത്.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്ന ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണന്‍ എന്നിവരെയാണ് പുതുതായി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉണ്ടാക്കി എടുത്തവരാണ് അഞ്ചു പേരും.
പി. കൃഷ്ണകുമാര്‍
2012 ഒക്ടോബറില്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പി. കൃഷ്ണ കുമാര്‍. കൊല്ലത്തും തിരുവനന്തപുരത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എറണാകുളം എന്‍.ഐ.എ./സി.ബി.ഐ. സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരിക്കേ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐ.എസ്.ഐ.എസ്. കേസ്, നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ആലപ്പുഴ വണ്ടാനം പുത്തന്‍വീട്ടില്‍ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. അഡ്വ. ശാലിനിയാണ് ഭാര്യ. മക്കള്‍: കെ. ആകാശ്, നിരഞ്ജന്‍, നീലാഞ്ജന.
കെ.വി. ജയകുമാര്‍
2012-ല്‍ ജില്ലാ ജഡ്ജിയായി. തലശ്ശേരിയിലും കൊല്ലത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ വിജിലന്‍സ് രജിസ്ട്രാര്‍. തൃശ്ശൂര്‍ കണിമംഗലം മാളിയേക്കലില്‍ പരേതനായ ഹരിദാസ് കര്‍ത്തയുടെയും കെ.വി. ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണന്‍. മക്കള്‍: അമൃത, സ്‌നേഹ.
എസ്. മുരളീകൃഷ്ണ
2014 മാര്‍ച്ച് 14-ന് ജില്ലാ ജഡ്ജിയായി. മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. കാഞ്ഞങ്ങാട് നവചേതന വീട്ടില്‍ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ: അര്‍ച്ചന. മക്കള്‍: അക്ഷരി, അവനീഷ്. സഹോദരി എസ്. ഭാരതി ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ്.
ജോബിന്‍ സെബാസ്റ്റ്യന്‍
2014 മാര്‍ച്ച് 14-ല്‍ കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്നു. പാലാ നീലൂര്‍ മംഗലത്തില്‍ എം.ഡി. സെബാസ്റ്റ്യന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മക്കള്‍: തെരേസ, എലിസബത്ത്, ജോസഫ്.
പി.വി. ബാലകൃഷ്ണന്‍
2014 മാര്‍ച്ച് 14-ന് കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ്. തൃശ്ശൂര്‍ പാവറട്ടി സ്വദേശിയാണ്. റിട്ട. ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കള്‍: ഗായത്രി, തരുണ്‍.
കേരളാ ഹൈക്കോടതി, ജഡ്ജിമാര്‍, നിയമനം, കേന്ദ്ര നിയമമന്ത്രാലയം, kerala highcourt