18 വയസ്സ് കഴിഞ്ഞവര്‍ ആധാറിന് അപേക്ഷിച്ചാല്‍ വീട്ടിലെത്തി പരിശോധന; വില്ലേജ് ഓഫിസര്‍ നേരിട്ടെത്തും: അപേക്ഷകനെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടണം

18 വയസ്സ് കഴിഞ്ഞവര്‍ ആധാറിന് അപേക്ഷിച്ചാല്‍ വീട്ടിലെത്തി പരിശോധന

Update: 2024-09-26 00:20 GMT

തിരുവനന്തപുരം: പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ പുതുതായി ആധാറിന് അപേക്ഷിച്ചാല്‍ വീട്ടിലെത്തി പരിശോധന. വില്ലേജ് ഓഫിസര്‍ നേരിട്ടു വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമേ ഇവരുടെ ആധാറിന് അംഗീകാരം നല്‍കൂ. അപേക്ഷകനെ നേരില്‍ക്കണ്ട് അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടണമെന്നും ഇതിനായി വില്ലേജ് ഓഫിസര്‍ നേരിട്ടെത്തണമെന്നും ആണ് നിര്‍ദേശം. എന്നാല്‍, ഈ നടപടിക്രമങ്ങള്‍ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.

പ്രായപൂര്‍ത്തിയായവരുടെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണു പുതിയ പരിഷ്‌കാരം. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കു പകരം തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് പരിശോധനയ്ക്കായി വീട്ടിലെത്തുക. കലക്ടര്‍മാരുടെ തീരുമാന പ്രകാരമാണ് ഈ രണ്ടു ജില്ലകളില്‍ പരിശോധനയ്ക്ക് തദ്ദേശ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയത്.

ആധാറിനായി എന്റോള്‍ ചെയ്തുകഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ (https://myaadhaar.uidai.gov.in/CheckAadhaarStatus) അപേക്ഷ ഏതു ഘട്ടത്തിലാണെന്നു പരിശോധിക്കാനാകും. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നെന്നാണു സ്റ്റാറ്റസ് എങ്കില്‍ വില്ലേജ് ഓഫീസുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ എത്തി തിരിച്ചറിയല്‍ രേഖകള്‍ കൈമാറുകയുമാകാം. വേഗം വിദേശത്തേക്കു മടങ്ങേണ്ട പ്രവാസികള്‍ക്ക് ഇതു സഹായകമാകും. 18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ല, ബ്ലോക്ക് തല അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയയുടെ വെബ്സൈറ്റിലുണ്ട്. (https://akshaya.kerala.gov.in/services/1/aadhaar-enrollment).

Tags:    

Similar News