കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി; 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂരില്‍ ജനക്ഷേമമുന്നേറ്റ സമ്മേളനം; എഎപിയെ ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി
തൃശൂര്‍: കേരളത്തില്‍ ചുവടു ഉറപ്പിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ആം ആദ്മി പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത വ്യക്തമാക്കി. ഇവിടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി, പഞ്ചാബ് മാതൃക കേരളത്തിലും നടപ്പാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിശ്വാസമുണ്ടെന്ന് തൃശ്ശൂരില്‍ ജനക്ഷേമ മുന്നേറ്റ സമ്മേളനം ഉത്ഘാടനം ചെയ്ത അദ്ദേഹം സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ അധ്യക്ഷനായി. പാര്‍ട്ടിയുടെ സന്നദ്ധസേവകസേന ബ്രുീ ബ്രഗേഡിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍ അരുണ്‍, സിആര്‍ നീലകണ്ഠന്‍, ഡോ. സെലിന്‍ ഫിലിപ്പ്, നവീന്‍ ജി, ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടുത്ത വര്‍ഷം അതായത് 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലുടനീളം ആം ആദ്മി പാര്‍ട്ടി ചുവടുഉറപ്പിക്കാന്‍ ഒരുങ്ങുന്നത്. പന്ത്രണ്ട് വിഷയങ്ങളടക്കം നയങ്ങളായി പ്രഖ്യാപിച്ചു കൊണ്ടുള്ള സംസ്ഥാന തല മീറ്റിംഗ് ആയിരിന്നു തൃശ്ശൂരില്‍ വച്ച് നടന്നത്. അഴിമതി രഹിത ഭരണം, യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം, കര്‍ഷകരുടെ വരുമാനം വര്‍ദ്ധന, സ്റ്റാര്‍ട്ടപ്പ് ഇന്നോവേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കല്‍, സൗജന്യ മാലിന്യ സംസ്‌കരണം, തെരുവ് നായ വിഷയത്തില്‍ പരിഹാരം, സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ, പ്രായമായ രക്ഷിതാക്കള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കല്‍, വീടുകളില്‍ ജലവിതരണം ലഭ്യമാക്കല്‍, പ്രാദേശിക വിനോദസഞ്ചാര പ്രോത്സാഹനം, മഴവെള്ള സ്തംഭനത്തിന് പരിഹാരം, വന്യജീവി ശല്യത്തിന് പരിഹാരം എന്നിവയാണ് പന്ത്രണ്ടിന വിഷയങ്ങള്‍.
ഇക്കാര്യങ്ങള്‍ നടപ്പിലാക്കുകയും വീടുവീടാനന്തരം ക്യാമ്പയിന്‍ നടത്താനുമാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. സമ്മേളനത്തില്‍ മനീഷ് സിസോദിയ വീഡിയോ കാള്‍ വഴി പങ്ക് എടുത്തു. ഹരിയാന തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് സമ്മേളനത്തിന് നേരിട്ട് എത്താന്‍ സാധിച്ചില്ല. രണ്ടുവര്‍ഷത്തെ മരവിപ്പിക്കലിന് ശേഷം 2022 ല്‍ ആണ് പാര്‍ട്ടി വീണ്ടും കേരളത്തില്‍ സജീവമാകുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും പാര്‍ട്ടി മുന്‍കൈ എടുത്ത് നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.
പക്ഷെ പലപ്പോഴും അതൊന്നും മാധ്യമ ശ്രദ്ധ നേടാതെ പോവുകയായിരുന്നു. തൃശ്ശൂരില്‍ നടന്ന സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഏതാണ്ട് ആയിരത്തോളം പ്രവര്‍ത്തകര്‍ ഇന്നലെ സമ്മേളനത്തിന് പങ്ക് എടുത്തിട്ടുണ്ട്. ഈ സമ്മേളനത്തോട് കൂടി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നല്ല ആത്മവിശ്വാസം കൈവന്നു.
അതേസമയം, സമ്മേളനത്തിനിടെ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും വേണ്ടി പോലീസിന്റെ പിടിവാശി കാരണം ആം ആദ്മി പാര്‍ട്ടിയുടെ ജനക്ഷേമ മുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിച്ചു. തൃശൂര്‍ നഗരത്തിന്റെ പ്രധാന വീഥികളായ റൗണ്ടിന് ചുറ്റും നേരെത്തെ പരിപാടി നിശ്ചയിക്കുകയും അത് അനുസരിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും ആം ആദ്മി പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളടക്കം പങ്ക് എടുത്ത ജനക്ഷേമ മുന്നേറ്റ യാത്ര അവസാന മണിക്കൂറില്‍ പോലീസിന് കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച് തീര്‍ത്തും അപ്രധാനമായ മേഖലയിലേക്ക് പ്രകടനം മാറ്റിവെയ്‌ക്കേണ്ടി വന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയും അത് അനുസരിച്ചുള്ള പോലീസിന്റെ നിലപാട് കാരണമാണെന്നുമാണ് ആരോപണം.