മധ്യസ്ഥനായ ഒമാനെയും വെറുതെ വിടാതെ ഇറാന്‍; ദുഖും തുറമുഖത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിന് നേരെയും മിസൈല്‍ വര്‍ഷം! മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് നിരന്തരം ഇറാന്‍; ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് മുന്നറിയിപ്പ്
ടെഹ്റാന്‍: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയെ യുദ്ധഭീതിയുടെ മുള്‍മുനയിലാഴ്ത്തി ഇറാന്‍ ആക്രമണം കടുപ്പിക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യരാജ്യങ്ങളെയും യുഎസ് സൈനിക താവളങ്ങള്‍ നിലകൊള്ളുന്ന ഇടങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രത്യാക്രമണം. ഇതാദ്യമായി മധ്യസ്ഥ രാജ്യമായ ഒമാന് നേരെയും ആക്രമണമുണ്ടായി എന്നത് മിഡില്‍ ഈസ്റ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. മേഖലയിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാറുള്ള ഒമാനെപ്പോലും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചു. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു. ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റു. ഇന്ധന ടാങ്കുകള്‍ക്ക് സമീപമാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണത്. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കര്‍ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. 15 ഇന്ത്യക്കാരും 5 ഇറാനികളും ഉണ്ടായിരുന്ന 'സ്‌കൈലൈറ്റ്' എന്ന ഓയില്‍ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ നാല് ജീവനക്കാരെ ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാര്‍, 5 ഇറാന്‍ പൗരന്മാര്‍ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒമാന്‍ സമുദര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്. രാജ്യത്തിന്റെയും നിവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പങ്കിടുന്ന ഒമാനെതിരെയുള്ള നീക്കം ഇറാന്റെ സാമ്പത്തിക താല്പര്യങ്ങളെപ്പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും, മേഖലയിലെ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായാണ് ഇറാന്റെ സൈന്യമായ ഐആര്‍ജിസി (IRGC) അവകാശപ്പെടുന്നത്.
ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആരംഭിച്ച പ്രത്യാക്രമണ പരമ്പരയ്ക്കിടെ യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാറുള്ള ഒമാനെതിരെ, നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. ഇറാനുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള ഒമാന് നേര്‍ക്ക് ആക്രമണമുണ്ടായത് ഏറെ ഞെട്ടിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിന് ഈ പ്രദേശം സുരക്ഷിതമായിരിക്കേണ്ടത് ഇറാന്റെയും ആവശ്യമാണ്. അതിനാല്‍ ഒമാനെ ആക്രമിക്കുന്നത് ഇറാന് വലിയ സാമ്പത്തിക-തന്ത്രപരമായ തിരിച്ചടിയുണ്ടാക്കും. ഇറാന്‍-ഒമാന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ ഒമാന് നേര്‍ക്ക് ഇത്തരമൊരു ആക്രമണമുണ്ടായത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുബായില്‍ ജനവാസ മേഖലകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് സ്വദേശികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച മാത്രം 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഖത്തറിന് നേരെ തൊടുത്തത്. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് വന്‍ തീപിടിത്തമുണ്ടായി. ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ. എന്നീ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍.
ദുബായില്‍ രണ്ട് സ്വദേശി പൗരന്മാരുടെ വീടുകളുടെ വരാന്തകളില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ തീപിടിത്തമുണ്ടായി. ബഹ്‌റൈനില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ബഹ്‌റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇറാന്‍ ഇതുവരെ ആക്രമിച്ചത്. ജബല്‍ അലി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലും ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി തുടരും. നിരവധി മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയത്.
ഖത്തറില്‍ അടിയന്തരജാഗ്രതാ നിര്‍ദേശം
രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്ഫോടകശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ അടിയന്തരജാഗ്രതാ നിര്‍ദേശം ഖത്തര്‍ പുറത്തിറക്കി. ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ ഒഴികെ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഖത്തറിലേക്ക് 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഞായറാഴ്ച വര്‍ഷിച്ചത്. വിവിധ ആക്രമണങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്‍ മിസൈല്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി ഖത്തര്‍ അറിയിച്ചു. ദോഹയിലെ ഇറാന്‍ ആക്രമണശ്രമത്തിനിടെ വ്യാവസായിക മേഖലയില്‍ ചെറിയ തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചു. പരിക്കുകളും തീപ്പിടിത്തങ്ങളുമേറേയും ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതിനെത്തുടര്‍ന്നുണ്ടായതാണ്. അതേസമയം, ഖത്തറിലേക്ക് ഇറാന്‍ ഏത് മാര്‍ഗമുപയോഗിച്ചാണ് മിസൈലുകള്‍ വര്‍ഷിക്കുന്നതെന്ന് വ്യക്തമല്ലന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയില്‍ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിന്റെ ആറാംഘട്ടമാണിപ്പോഴെന്നും ഐആര്‍ജിസി പറഞ്ഞു. ടെല്‍നോഫിലും ടെല്‍ അവീവിലും ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയെന്നും അവര്‍ അവകാശപ്പെട്ടു.
ബഹ്‌റെയ്ന്‍ തലസ്ഥാനമായ മനാമയിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ ആകാശത്തുവച്ച് അവ തകര്‍ക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കന്‍ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കഴിയുന്നതും വീടുകളില്‍ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതര്‍ പറയുന്നത്. ഇവിടത്തെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് പരീക്ഷ നടക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ദുബായില്‍ ഡ്രോണ്‍ അവശിഷ്ടം വീടുകള്‍ക്കുമുകളില്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ അയച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് കെട്ടിടങ്ങള്‍ക്കുമുകളില്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്കുനേരെയും ഇന്നലെ അര്‍ദ്ധരാത്രിയോടെ ആക്രമണമുണ്ടായി. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇറാന്‍ അയച്ച മിസൈലുകളില്‍ ഭൂരിഭാഗത്തെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു എന്നാണ് യുഎഇ അവകാശപ്പെടുന്നത്.ഇവയുടെ അവശിഷ്ടങ്ങളാണ് ജനവാസ മേഖലയിലുള്‍പ്പെടെ തീപിടിത്തത്തിന് കാരണമാകുന്നത്.
ആഞ്ഞടിച്ച് യുഎഇ
ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ രംഗത്തുവന്നു. ഇറാന്റെ ഈ നടപടികള്‍ ആ രാജ്യത്തെ ഒറ്റപ്പെടുത്തിയതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് അദ്ദേഹം ടെഹ്റാനു മുന്നറിയിപ്പ് നല്‍കി.
'ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ കടന്നുകയറ്റം ഒരു തെറ്റായ കണക്കുകൂട്ടലായിരുന്നു, ഇത് നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. നിങ്ങളുടെ യുദ്ധം അയല്‍ക്കാരുമായിട്ടല്ല,' അദ്ദേഹം പറഞ്ഞു. 'ഒറ്റപ്പെടലിന്റെയും സംഘര്‍ഷങ്ങളുടെയും ആഴം കൂടുന്നതിന് മുന്‍പ്, വിവേകത്തിലേക്കും നിങ്ങളുടെ ചുറ്റുപാടുകളിലേക്കും മടങ്ങിവരിക. അയല്‍വാസികളുമായി യുക്തിസഹമായും ഉത്തരവാദിത്തത്തോടും കൂടി ഇടപഴകുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടക്കവെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് വൈകുന്നേരം 9 മണിക്ക് തന്റെ സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചുകൂട്ടുമെന്ന് ഒരു മന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 10,12 ക്ലാസുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടര്‍ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
മലയാളികള്‍ ആശങ്കയില്‍: ഖത്തര്‍ എയര്‍വേയ്സ് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദോഹയിലും മനാമയിലും ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
