പശ്ചിമേഷ്യന്‍ സംഘര്‍ഷം മറയാക്കി സാധാരണക്കാരന്റെ നെഞ്ചത്തടിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍; നയാരക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും; ഷെല്‍ പമ്പുകളില്‍ ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി! പെട്രോളിനും തീവില

Update: 2026-04-02 06:32 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി സ്വകാര്യ എണ്ണക്കമ്പനികള്‍. പ്രമുഖ കമ്പനിയായ നയാര എനര്‍ജിക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ബെംഗളൂരുവിലെ ഷെല്‍ ഔട്ട്ലെറ്റുകളില്‍ ഡീസലിന് ഒറ്റയടിക്ക് 25 രൂപയിലധികം വര്‍ദ്ധിച്ചതോടെ വാഹന ഉടമകള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ബെംഗളൂരുവിലെ ഷെല്‍ പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സാധാരണ പെട്രോളിന് ലിറ്ററിന് 119.85 രൂപയും പവര്‍ പെട്രോളിന് 129.85 രൂപയുമായി ഉയര്‍ന്നു. എന്നാല്‍ ഡീസലിന്റെ കാര്യത്തിലാണ് ഞെട്ടിക്കുന്ന വര്‍ധനവുണ്ടായിരിക്കുന്നത്. ലിറ്ററിന് 25.01 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയം വേരിയന്റിന് 133.52 രൂപയും നല്‍കേണ്ടി വരും. രണ്ടാഴ്ച മുന്‍പും ഷെല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ രാജ്യത്തുടനീളം ഷെല്ലിന് 350 ഔട്ട്ലെറ്റുകളാണ് ഉള്ളത്.

മറ്റൊരു പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജി മാര്‍ച്ച് 27-നാണ് വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഇവര്‍ കൂട്ടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു നയാരയുടെ ഈ നടപടി.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇന്ധനവില വര്‍ദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഫെബ്രുവരി 28ന് ശേഷം ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 60 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാക്കി.

കൂടാതെ, എണ്ണവില ഉയര്‍ന്നതോടെ പൊതുമേഖലാ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അത്തരം സഹായങ്ങള്‍ ലഭിക്കാത്തതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍ വാദിക്കുന്നു.

ഡീസല്‍ വിലയില്‍ ഇനിയും വന്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 148 രൂപ മുതല്‍ 165 രൂപ വരെ എത്തിയേക്കാമെന്ന് സൂചനകളുണ്ടെങ്കിലും കമ്പനികള്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്വകാര്യ എണ്ണക്കമ്പനികളുടെ ഈ നടപടി ചരക്ക് നീക്കത്തെ ബാധിക്കുമെന്നും ഇത് വിപണിയില്‍ പൊതുവായ വിലക്കയറ്റത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്.

Tags:    

Similar News