ഇറാനില്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍; കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍; സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തു; വെടിവെയ്പില്‍ ആറ് മരണം; കശ്മീരിലും ലഖ്നൗവിലും തെരുവിലിറങ്ങി ഷിയാ വിഭാഗം; ഏകാധിപതിയുടെ അന്ത്യം മധുരം നല്‍കി ആഘോഷിച്ച് മറ്റൊരു വിഭാഗം

Update: 2026-03-01 08:11 GMT

ലാഹോര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ വധത്തിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍. ഇറാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ സംഭവത്തോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറി. പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ പ്രക്ഷോഭകാരികള്‍ അതിരൂക്ഷമായ ആക്രമണം നടത്തി. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് കോണ്‍സുലേറ്റിനകത്ത് കടന്ന പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ക്ക് തീയിട്ടു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുമായാണ് ജനക്കൂട്ടം എംബസി വളഞ്ഞത്. ഇറാഖിലെ ബാഗ്ദാദിലും അമേരിക്കന്‍ എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി. ഇറാനില്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി കരഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.

കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ചിലഭാഗങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാര്‍ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് മുന്‍ഭാഗത്തെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പലയിടങ്ങളിലും തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെ ഷിയാ വിഭാഗം പ്രബലമായ ഇടങ്ങളിലെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ലക്നൗ, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. ഖമനയിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകള്‍ കാശ്മീരില്‍ ബന്ദിന് ആഹ്വാനം നല്‍കി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഇതിനെ പിന്തുണച്ചിട്ടുണ്ട്. 'സംയമനം പാലിക്കണം. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്.' എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഹ്വാനം ചെയ്തു.

ഇറാനില്‍ എല്ലാവരും ദുഃഖത്തിലല്ല എന്നതാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കടുത്ത ഭരണകൂട നിയന്ത്രണങ്ങളില്‍ അതൃപ്തിയുള്ള ഒരു വിഭാഗം ജനങ്ങള്‍ ഖമനയിയുടെ അന്ത്യം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലുള്ള ഇറാനിയന്‍ വംശജരും ആഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി. സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളും ഈ വധത്തെ അപലപിക്കണമെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 'ഈ ഘട്ടത്തില്‍ ആരും നിശബ്ദത പാലിക്കരുത്' എന്നാണ് എംബസി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടത്.

ഇറാനില്‍ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാഗം പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതില്‍ ഇവര്‍ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയില്‍ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി.

Tags:    

Similar News