10 രൂപ തട്ടിച്ചെന്ന് മുദ്രകുത്തി പുറത്താക്കി, കയ്യിലുണ്ടായിരുന്ന 450 രൂപ ഭാര്യയുടെ മരുന്നിനെന്ന് പറഞ്ഞിട്ടും വിട്ടില്ല; 21 വർഷം നിയമപോരാട്ടം; റെയിൽവേയുടെ കള്ളക്കഥകൾ പൊളിച്ചടുക്കി മധ്യപ്രദേശ് ഹൈക്കോടതി; ഒടുവിൽ നാരായണൻ നായർക്ക് നീതി
ഇൻഡോർ: പത്തു രൂപയെച്ചൊല്ലിയുള്ള തർക്കം, നഷ്ടപ്പെട്ടത് നീണ്ട 21 വർഷത്തെ ഔദ്യോഗിക ജീവിതവും അന്തസ്സും. ഒടുവിൽ രണ്ടു പതിറ്റാണ്ടിനുശേഷം മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രവിധിയിലൂടെ റെയിൽവേ ക്ലർക്ക് നാരായണൻ നായർക്ക് നീതി പുനഃസ്ഥാപിക്കപ്പെട്ടു. വെറും 10 രൂപയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി ക്രൂരവും നീതീകരിക്കാനാവാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.
2002 ജനുവരി നാലിനാണ് നാരായണൻ നായരുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. ശ്രീധാം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലായിരുന്നു അദ്ദേഹം. വൻ തിരക്കുള്ള സമയത്ത് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. വിജിലൻസ് നിയോഗിച്ച ഡമ്മി യാത്രക്കാരന് 31 രൂപയ്ക്ക് പകരം 21 രൂപയാണ് നാരായണൻ നായർ നൽകിയതെന്നും 10 രൂപ തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം.
"തിരക്കിനിടയിൽ പറ്റിയ കൈപ്പിഴയാവാം" എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞെങ്കിലും ആരും കേൾക്കാൻ തയ്യാറായില്ല. പത്തു രൂപയുടെ പേരിൽ തുടങ്ങിയ അന്വേഷണം പിന്നീട് നാരായണൻ നായരെ വേട്ടയാടുകയായിരുന്നു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 450 രൂപ വിജിലൻസ് പിടിച്ചെടുത്തു. അസുഖബാധിതയായ ഭാര്യയ്ക്ക് മരുന്നു വാങ്ങാൻ മാറ്റിവെച്ച പണമാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തില്ല.
ടിക്കറ്റ് കൗണ്ടറിലെ തറയിൽ കിടന്ന ഒരു കൂട്ടം ടിക്കറ്റുകളുടെ ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ചു. കൗണ്ടറിലെ കണക്കുകളിൽ 778 രൂപയുടെ അധികമുണ്ടെന്ന് ആദ്യം ആരോപിച്ച ഉദ്യോഗസ്ഥർ, വിശദമായ പരിശോധനയിൽ അത് വെറും 7 രൂപയാണെന്ന് തിരുത്തി. എങ്കിലും നാരായണൻ നായരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിൽ അധികൃതർ ഉറച്ചുനിന്നു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2026-ൽ കോടതി വിധി പുറപ്പെടുവിച്ചപ്പോൾ റെയിൽവേയുടെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയാണ് കണ്ടത്. 10 രൂപയുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ സ്വതന്ത്ര സാക്ഷികളില്ലെന്നും, വിജിലൻസ് സംഘത്തിലെ ഒരാൾ മാത്രമാണ് മൊഴി നൽകിയതെന്നും കോടതി കണ്ടെത്തി. സാധാരണക്കാരായ യാത്രക്കാർ ആരും തന്നെ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പ്രോസിക്യൂട്ടറായും ജഡ്ജിയായും പ്രവർത്തിച്ച നടപടി ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നും വ്യക്തമാക്കി. ഇനി ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽപ്പോലും, ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് അമിതവും ക്രൂരവുമായ ശിക്ഷയാണെന്ന് കോടതി നിശിതമായി വിമർശിച്ചു. റെയിൽവേ നൽകിയ ഹർജി തള്ളിക്കൊണ്ട് ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി ശരിവെച്ചു. നാരായണൻ നായർക്ക് വൈകിയാണെങ്കിലും ലഭിച്ച ഈ വിധി സത്യത്തിന്റെ വിജയമായി.
