നാസയുടെ ആര്‍ട്ടെമിസ് ദൗത്യം വെറും പച്ചക്കള്ളം? കടലില്‍ വീണത് 'തകരപ്പെട്ടി'യാണെന്ന് റിയാലിറ്റി ഷോ താരം; ലൂയിസ് തോംസണിന്റെ വിവാദ വെളിപ്പെടുത്തല്‍; താരത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
വാഷിങ്ടണ്‍: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ 'ആര്‍ട്ടെമിസ് ടൂവിന്റെ ബഹിരാകാശ ദൗത്യം വെറും തട്ടിപ്പാണെന്ന ആരോപണവുമായി പ്രശസ്ത റിയാലിറ്റി ഷോ താരം ലൂയിസ് തോംസണ്‍. പത്ത് ദിവസത്തെ വിജയകരമായ യാത്രയ്ക്ക് ശേഷം ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ്, ഈ ദൗത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് താരം രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ലൂയിസിന്റെ ഈ വിവാദ പ്രതികരണം.
ലോകം മുഴുവന്‍ തത്സമയം വീക്ഷിച്ച ദൗത്യത്തെയാണ് ലൂയിസ് തള്ളിക്കളഞ്ഞത്. പസഫിക് സമുദ്രത്തില്‍ പേടകം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് സംശയം തോന്നിയെന്നും ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് കരുതുന്നതായും താരം കുറിച്ചു. 1969-ലെ ആദ്യ ചന്ദ്രയാത്രയെ കുറിച്ച് നിലനില്‍ക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ലൂയിസിന്റെ ഈ പുതിയ പ്രസ്താവന കൂടുതല്‍ കരുത്തുപകരുന്നതാണ്. പസഫിക് സമുദ്രത്തില്‍ പേടകം തിരിച്ചിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ക്ഷമിക്കണം, പക്ഷേ റോക്കറ്റിന്റെ ഭാഗം സമുദ്രത്തില്‍ പതിക്കുന്ന ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ എവിടെയോ എന്തോ പന്തികേട് തോന്നുന്നു എന്നാണ് ലൂയിസ് കുറിച്ചത്. ഇതിനൊപ്പം ആശയക്കുഴപ്പം പ്രകടിപ്പിക്കുന്ന ഒരു ഇമോജിയും താരം പങ്കുവെച്ചിട്ടുണ്ട്.
അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് താന്‍ ഈ വാര്‍ത്ത കണ്ടതെന്നും അത് കണ്ടപ്പോള്‍ ഇത്തരമൊരു ചിന്തയാണ് മനസ്സില്‍ വന്നതെന്നും താരം വിശദീകരിച്ചു. അതേസമയം, ചരിത്രപരമായ ഈ നേട്ടം കൈവരിച്ച നാല് ബഹിരാകാശ സഞ്ചാരികള്‍ക്കും ടെക്സസിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സണ്‍ എന്നിവര്‍ ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയായിരുന്നപ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് അവര്‍ വികാരാധീനരായി.
തങ്ങള്‍ നാലുപേരും ഈ യാത്രയിലൂടെ എന്നെന്നേക്കുമായി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് റീഡ് വൈസ്മാന്‍ പറഞ്ഞു. ബഹിരാകാശത്ത് ഞങ്ങള്‍ കടന്നുപോയ അനുഭവങ്ങള്‍ ഇവിടെയുള്ളവര്‍ക്ക് ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്നും, അത് തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെയും സുഹൃത്തുക്കളെയും പിരിഞ്ഞ് ഇത്രദൂരം സഞ്ചരിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായ ജെറമി ഹാന്‍സണ്‍ തമാശരൂപേണയാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ദൗത്യത്തിന് ശേഷം തങ്ങള്‍ നാലുപേരും അത്രമേല്‍ അടുത്ത സുഹൃത്തുക്കളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പേടകത്തില്‍ നിന്ന് പുറത്തുവന്ന ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം യുഎസ്എസ് ജോണ്‍ പി മൂര്‍ത്ത എന്ന കപ്പലിലേക്കാണ് മാറ്റിയത്. അവിടെ വലിയ ജനക്കൂട്ടം അവരെ ആവേശത്തോടെ വരവേറ്റു.
ബഹിരാകാശ ദൗത്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടയില്‍, കഴിഞ്ഞ കുറച്ചു കാലമായി താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും ലൂയിസ് മനസ്സ് തുറന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഇതിനായുള്ള ചികിത്സകള്‍ തുടരുകയാണെന്നും താരം വ്യക്തമാക്കി. 2018 മുതല്‍ താരം അള്‍സറേറ്റീവ് കൊളൈറ്റിസ് എന്ന ഗുരുതരമായ കുടല്‍രോഗത്തിന് ചികിത്സയിലാണ്. രണ്ടു വര്‍ഷം മുന്‍പ് ഇതേ രോഗാവസ്ഥയെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ തന്റെ വന്‍കുടല്‍ നീക്കം ചെയ്യേണ്ടി വന്നതും ലൂയിസ് ഓര്‍ത്തെടുത്തു. ഇപ്പോള്‍ ആന്റിഗ്വയില്‍ സമാധാനപരമായ ഒരു അവധിക്കാലം ആഘോഷിക്കുന്നതിലൂടെ ആ പഴയ കയ്പ്പേറിയ ഓര്‍മ്മകളെ മായ്ച്ചുകളയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ മകന്‍ ലിയോയ്ക്കും പങ്കാളി റയാനുമൊപ്പമുള്ള സന്തോഷനിമിഷങ്ങളും അവര്‍ പങ്കുവെച്ചു. പി.ടി.എസ്.ഡി ബാധിച്ച ഒരാള്‍ക്ക് യാത്രകള്‍ ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൂയിസ് പറയുന്നു.
ചിട്ടയായ ജീവിതക്രമങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ തന്റെ തലച്ചോറിനെ പരിഭ്രാന്തിയിലാക്കാറുണ്ട്. എങ്കിലും ഇപ്പോള്‍ താന്‍ ആ അവസ്ഥയെ മറികടന്നുകൊണ്ടിരിക്കുകയാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും ആ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനും താന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ കുറിച്ചു. വന്‍കുടലിലെ വ്രണങ്ങള്‍ കാരണം രക്തസ്രാവവും കഠിനമായ വേദനയും അനുഭവിച്ച താരം, ഇപ്പോള്‍ ഒരു സ്റ്റോമ ബാഗിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. 'വിന്നി' എന്നാണ് താന്‍ ആ ബാഗിന് പേരിട്ടിരിക്കുന്നതെന്നും ലൂയിസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് ലൂയിസ് പങ്കുവെച്ച കാര്യങ്ങള്‍ നിരവധി ആരാധകര്‍ക്ക് പ്രചോദനമായെങ്കിലും, ബഹിരാകാശ ദൗത്യത്തെ കുറിച്ചുള്ള അവരുടെ നിലപാട് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ്.
