ഗ്രൗണ്ടിൽ വാശിയേറിയ പോരാട്ടം നടക്കുമ്പോൾ ആ ടീം മാനേജർ കാണിച്ചത് ആരും പ്രതീക്ഷക്കത്തൊരു പ്രവർത്തി; ഇതെല്ലാം ആകാംഷയോടെ എത്തിനോക്കിയ കൗമാരതാരവും; വെളിപ്പെടുത്തലിൽ ഞെട്ടൽ
ഗുവാഹത്തി: ഐപിഎല്ലിലെ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഡഗ് ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ റൂമി ഭിന്ദറിനെതിരെയുള്ള ബിസിസിഐ നടപടിയും, അതിന് പിന്നിലെ വൈകാരികമായ കാരണങ്ങളും ചർച്ചയാകുന്നു. ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്.
മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡഗ് ഔട്ടിലിരുന്ന് റൂമി ഭിന്ദർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടീമിലെ കൗമാരതാരം വൈഭവ് സൂര്യവംശി ഭിന്ദറുടെ ഫോണിലേക്ക് കൗതുകത്തോടെ നോക്കുന്നതും ക്യാമറയിൽ പതിഞ്ഞു. ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ (ACU) കർശനമായ ചട്ടപ്രകാരം, മത്സരസമയത്ത് ഡഗ് ഔട്ടിൽ മൊബൈൽ ഫോണുകളോ സ്മാർട്ട് വാച്ചുകളോ മറ്റ് ആശയവിനിമയ ഉപാധികളോ ഉപയോഗിക്കാൻ അനുവാദമില്ല. ഡ്രസ്സിംഗ് റൂമിൽ മാത്രമേ മാനേജർമാർക്ക് ഫോൺ ഉപയോഗിക്കാൻ കഴിയൂ. കളിക്കാരും സ്റ്റാഫും സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഫോണുകൾ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് റൂമി ഭിന്ദറിന് ബിസിസിഐ നോട്ടീസ് അയച്ചത്.
എന്നാൽ, നിയമം ലംഘിക്കണമെന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് താൻ ഫോൺ കൈവശം വെച്ചതെന്ന വിശദീകരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. റൂമി ഭിന്ദറുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ പരിതാപകരമാണ്.
നേരത്തെ രണ്ട് ശ്വാസകോശങ്ങളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന വ്യക്തിയാണ് റൂമി ഭിന്ദർ. നാഗ്പൂരിലെ ആശുപത്രിയിൽ ഒരു മാസത്തോളം അദ്ദേഹം തീവ്രപരിചരണത്തിലായിരുന്നു.
ചികിത്സയെത്തുടർന്ന് പത്ത് കിലോയോളം ഭാരം കുറഞ്ഞ അദ്ദേഹം ശാരീരികമായി വളരെ ദുർബലനാണ്. ആസ്ത്മ ഉള്ളതിനാൽ ദീർഘദൂരം നടക്കാനോ പടികൾ കയറാനോ ഡോക്ടർമാർ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല.
ഗുവാഹത്തിയിലെ സ്റ്റേഡിയത്തിൽ ഡഗ് ഔട്ടിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് എത്തണമെങ്കിൽ 50 അടിയോളം നടന്ന ശേഷം 20 പടികൾ കയറണം. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതിനാൽ ഇത് അദ്ദേഹത്തിന് അസാധ്യമായിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഫോൺ വാങ്ങാൻ ഡ്രസ്സിംഗ് റൂമിലേക്ക് പോകാതെ അത് കൈവശം വെച്ചത്.
ഭിന്ദർ ഫോണിലൂടെ ആരെയും വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു. വർഷങ്ങളായി ടീം മാനേജറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഐപിഎൽ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും എന്നാൽ ശാരീരികാവസ്ഥ പരിഗണിച്ചാണ് ഈ ഇളവ് എടുത്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ ബിസിസിഐ റൂമി ഭിന്ദറിനോട് വിശദീകരണം തേടിയിട്ടുണ്ട്. തന്റെ മെഡിക്കൽ റിപ്പോർട്ടുകളും നിലവിലെ ആരോഗ്യസ്ഥിതിയും അദ്ദേഹം അധികൃതർക്ക് മുന്നിൽ സമർപ്പിക്കും. സ്പോർട്സ്മാൻ സ്പിരിറ്റും മാനുഷിക പരിഗണനയും വെച്ച് ബിസിസിഐ അനുകൂലമായ ഒരു തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് അധികൃതർ. പരിക്കോ ആരോഗ്യപ്രശ്നങ്ങളോ ഉള്ള താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സുരക്ഷാ ചട്ടങ്ങളിൽ പ്രത്യേക ഇളവുകൾ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഈ കേസ് ഒരു നിർണ്ണായക തീരുമാനത്തിന് വഴിയൊരുക്കിയേക്കാം.
