'ഇപ്പോഴത്തെ ഇന്ധനവില ആസ്വദിച്ചോളൂ! ഈ ഇന്ധനവില നിങ്ങള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയായി മാറും'; എണ്ണവിലയുടെ 'കണക്ക് ഒളിപ്പിച്ച' ഗണിത സൂത്രവാക്യവുമായി ട്രംപിനെ പരിഹസിച്ച് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ്; ΔO_BSOH>0 ⇒ f(f(O))>f(O) എന്താണ് ഈ ഫോര്‍മുല? ഹോര്‍മുസിലെ യുഎസ് നീക്കം കടല്‍ക്കൊള്ളയെന്ന് ഇറാന്‍ സായുധസേന; ഗള്‍ഫിലോ ഒമാന്‍ ഉള്‍ക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതിയും സാമ്പത്തിക ആശങ്കകളും കനക്കുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇറാനിയന്‍ തുറമുഖങ്ങളെയും അവിടെ പ്രവേശിക്കുന്ന കപ്പലുകളെയും ലക്ഷ്യം വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നാവിക ഉപരോധം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഈ ഉപരോധം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതിനകം തന്നെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഈ നീക്കം നിയമവിരുദ്ധമാണെന്നും സമുദ്ര മേഖലയിലെ 'കടല്‍ക്കൊള്ള'യാണെന്നുമാണ് ഇറാന്‍ സായുധസേന ഇതിനോട് പ്രതികരിച്ചത്.
ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് വരുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് മേല്‍ വിവേചനമില്ലാതെ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് അല്ലാതെ പോകുന്ന കപ്പലുകളെ തടയില്ലെന്നും യുഎസ് സേന വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പ്രതിരോധിക്കുന്നത്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ തടസ്സമോ ഉണ്ടായാല്‍ ഗള്‍ഫ് മേഖലയിലോ ഒമാന്‍ ഉള്‍ക്കടലിലോ ഉള്ള ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഐആര്‍ജിസി വക്താവ് കടുത്ത മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ യുഎസ് ഭീഷണി നേരിടാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇറാന്‍ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് രംഗത്തെത്തിയത് ലോകശ്രദ്ധയാകര്‍ഷിച്ചു. നിലവിലെ ഇന്ധനവില ആസ്വദിച്ചോളൂ എന്നും അമേരിക്കയുടെ ഈ ഉപരോധം മൂലം ഇന്ധനവില കുതിച്ചുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാലന് 4-5 ഡോളര്‍ എന്ന ഇപ്പോഴത്തെ ഇന്ധനവില അമേരിക്കന്‍ ജനതയ്ക്ക് കേവലം ഒരു ഗൃഹാതുര സ്മരണയായി മാറുമെന്നായിരുന്നു ഖാലിബാഫിന്റെ പരിഹാസം. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യുഎസ് സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു. ഖാലിബാഫ് തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഒരു ഗണിത സൂത്രവാക്യമാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ട്വീറ്റിനൊപ്പം ഖാലിബാഫ് ചേര്‍ത്തത് ഇങ്ങനെ ΔO_BSOH>0 ⇒ f(f(O))>f(O).
എന്താണ് ഈ ഫോര്‍മുല?
ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ഇത്രകാലം വാശിപിടിച്ച ട്രംപ്, ഇപ്പോഴത് പൂട്ടി ഇറാന് സാമ്പത്തികമായി ആഘാതമേല്‍പ്പിക്കുമെന്നാണ് പറയുന്നത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്ന് മുന്നേറി. ബാരലിന് 8.55% കുതിച്ച് യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില 104.8 ഡോളറിലും ബ്രെന്റ് വില 7.41% ഉയര്‍ന്ന് 102.3 ഡോളറിലും എത്തി.
ഇതിനിടെയായിരുന്നു ഖാലിബാഫിന്റെ പോസ്റ്റ്. എന്താണ് ΔO_BSOH>0 ⇒ f(f(O))>f(O) എന്ന് നോക്കാം.
·ΔO_BSOH>0 : എണ്ണവില 'പോസിറ്റീവ്' ആയി ഉയരുമെന്നാണ് ΔO എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
· BSOH>0 : ബ്ലോക്കേഡ് സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് എന്ന് ഇംഗ്ലിഷില്‍ എഴുതുമ്പോള്‍ ഓരോ വാക്കിന്റെയും ആദ്യ അക്ഷരമാണ് ബിഎസ്ഒഎച്ച്.
· ⇒: വിലയെ മുന്നോട്ട് നയിക്കുമെന്ന് ഈ ചിഹ്നം അര്‍ഥമാക്കുന്നു.
· f(f(O))>f(O) : സാധാരണഗതിയില്‍ (ഫസ്റ്റ്-ഓര്‍ഡര്‍-ഇഫക്റ്റ്/f(O)) സംഭവിക്കേണ്ട വിലവര്‍ധനയെ ആശങ്കയോടെയുള്ള വാങ്ങല്‍ (പാനിക് ബയിങ്), വിതരണശൃംഖലയിലെ തടസ്സം, ഭൗമരാഷ്ട്രീയ പ്രശ്‌നം തുടങ്ങിയവ അഥവാ f(f(O)) മൂലമുള്ള വിലവര്‍ധന കടത്തിവെട്ടുമെന്നാണ് ഇതിനര്‍ഥം. അതായത്, വില നമ്മളുദ്ദേശിക്കുന്നതിനേക്കാള്‍ കൂടാന്‍ ട്രംപിന്റെ ഭീഷണി ഇടവരുത്തുമെന്ന് ഖാലിബാഫ് പറയുന്നു.
യുഎസില്‍ വൈറ്റ്ഹൗസിന് സമീപത്തെ നിലവിലെ ഇന്ധനവിലയും ട്വീറ്റില്‍ ചിത്രത്തിനൊപ്പം ഖാലിബാഫ് പങ്കുവച്ചു. പലയിടത്തും 4-5 ഡോളറിനുള്ളിലാണ് വില. ഇത് പഴങ്കഥയാകുമെന്നും വില കുതിക്കുമെന്നും പറയുന്ന ഖാലിബാഫ്, ഈ വിലയെ യുഎസ് ജനത 'മിസ്' ചെയ്യുമെന്നും പറയുന്നു.
സമാധാന ചര്‍ച്ചകള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം ഇസ്രയേലിന്റെ ഇടപെടലാണെന്ന ഗുരുതരമായ ആരോപണമാണ് ഇറാന്‍ ഉന്നയിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തമ്മില്‍ നടന്ന ഫോണ്‍വിളിയാണ് കരാറിന് തൊട്ടടുത്തെത്തിയ ചര്‍ച്ചകളെ താളംതെറ്റിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ കടന്നുവന്നത് കരാറിനെ പ്രതികൂലമായി ബാധിച്ചു. അമേരിക്ക യുദ്ധക്കളത്തില്‍ നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇറാന്റെ ആണവശേഷി ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമാബാദിലെ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും ഇറാനിലെ പുതിയ നേതൃത്വവുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആണവ പ്രവര്‍ത്തനങ്ങള്‍, മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടുനല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ ഇറാനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനും തങ്ങളുടെ നിബന്ധനകള്‍ അംഗീകരിപ്പിക്കാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ ഭൗമരാഷ്ട്രീയ സംഘര്‍ഷം അന്താരാഷ്ട്ര എണ്ണവിപണിയില്‍ ഇതിനകം തന്നെ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്.
