അരുമാനൂരിലേക്ക് പെണ്‍കുട്ടിയേയും മുസ്ലീം കാമുകനേയും എത്തിച്ചത് ക്യാമറമാന്‍; മാര്‍ച്ച് ഏഴിന് നെയ്യാറ്റിന്‍കരയില്‍ എത്തിയവര്‍ക്ക് ദിവസങ്ങള്‍ താമസൊരുക്കി; സിപിഎം നേതൃത്വത്തെ കല്യാണത്തില്‍ പങ്കാളിയാക്കിയത് ഇടതുപക്ഷ സംഘടനാ നേതാവ്; ഉദ്യോഗസ്ഥ കരുത്തില്‍ അതിവേഗ 'വിവാഹ സര്‍ട്ടിഫിക്കറ്റും'; ആ കേരളാ സ്‌റ്റോറിക്ക് പിന്നില്‍ 'കേരളാ മിഷന്‍'! ബാലപീഡനം തെളിഞ്ഞാല്‍ എല്ലാവരും കുടുങ്ങും

Update: 2026-04-13 06:09 GMT

നെയ്യാറ്റിന്‍കര: അരുമാനൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത വൈറല്‍ വിവാഹത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയേയും മുസ്ലീം കാമുകനേയും വിവാഹത്തിനായി നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത് ഒരു സിനിമ ക്യാമറമാനായിരുന്നു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന 'കേരള സ്റ്റോറി' എന്ന പേരില്‍ നടന്ന ഈ നീക്കത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയുണ്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇതില്‍ ഒരു 'കേരളാ മിഷനും' ഉണ്ടായിരുന്നു.

മാര്‍ച്ച് ഏഴിനാണ് പെണ്‍കുട്ടിയും പങ്കാളിയും സുഹൃത്തായ ക്യാമറമാന്‍ ലാലും നെയ്യാറ്റിന്‍കരയില്‍ എത്തിയത്. അരുമാനൂരിലെ വിവാഹത്തിന് രണ്ടാഴ്ച മുമ്പേ ഇവര്‍ ഇവിടെ എത്തിയിരുന്നു. ഇവരുടെ രഹസ്യ താമസത്തിനും മറ്റും സൗകര്യമൊരുക്കിയത് പ്രദേശത്തെ ഇടതുപക്ഷ സംഘടനാ നേതാവായിരുന്ന ജീവനക്കാരിയാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയെ വിവാഹത്തില്‍ പങ്കാളിയാക്കിയത് ഒരു ഇടതുപക്ഷ സംഘടനാ നേതാവാണ്. ഇവര്‍ തന്റെ നാത്തൂന്റെ പ്രസവവുമായി ബന്ധപ്പെട്ട ചടങ്ങിനും കുംഭമേള ഫെയിം ബാലികയെ എത്തിച്ചു. കുട്ടി ബാലികയാണെന്ന് തെളിയുകയും അവര്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോഗ്യ പരിശോധനകളില്‍ തെളിയുകയും ചെയ്താല്‍ അത്് ബലാത്സംഗ കേസായി മാറും.

യാതൊരുവിധ രേഖകളും പരിശോധിക്കാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടല്‍ മൂലമാണെന്ന് ആരോപണമുണ്ട്. അരുമാനൂരിലെ അമ്പലം ഭരണസമിതി സി.പി.എം നിയന്ത്രണത്തിലാണെന്നതും ശ്രദ്ധേയമാണ്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ കമ്മിറ്റി അംഗം വരെയുള്ള പ്രാദേശിക നേതാക്കള്‍ക്ക് ഈ വിവാഹത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. കല്യാണം അരുമാനൂരിലെ അമ്പലത്തില്‍ എത്തിയപ്പോള്‍ ഈ വിവാഹം ഒരു 'മതസൗഹാര്‍ദ്ദ മാതൃക' എന്ന നിലയില്‍ അവതരിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. അങ്ങനെ വന്നാല്‍ താമസ സൗകര്യം ഒരുക്കിയവരും റേപ്പ് കേസില്‍ പ്രതികളാകും.

വിവാഹത്തിന്റെ ദുരൂഹത പുറത്തുവന്നതോടെ അരുമാനൂരിലും പരിസര പ്രദേശങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. 'കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് മറുപടിയായി 'കേരള മിഷന്‍' ആസൂത്രണം ചെയ്തതാണോ ഇതെന്ന് പലരും സംശയിക്കുന്നു. പ്രാദേശിക സി.പി.എം നേതൃത്വവും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ചേര്‍ന്ന് നടത്തിയ ഈ നീക്കം പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഒരു വ്യക്തിപരമായ വിവാഹത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ചത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിലേക്കൊന്നും ഇതുവരെ അന്വേഷണം പോയിട്ടില്ല. കുട്ടിയെ അരുമാനൂരില്‍ താമസിച്ചവര്‍ അടക്കം കേസുണ്ടായാല്‍ കുടുങ്ങും.

കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയും ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ പൂവാര്‍ പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. വിവാഹ രജിസ്‌ട്രേഷനായി ഹാജരാക്കിയ രേഖകളില്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി ഡിജിപിക്ക് കൈമാറി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയില്‍ മധ്യപ്രദേശ് പോലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതിനെത്തുടര്‍ന്നാണ് കേരള പോലീസും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്.

വിവാഹത്തിനായി ഹാജരാക്കിയ രേഖകള്‍ അസ്സലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് പൂവാര്‍ പഞ്ചായത്ത് അധികൃതര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് നടപടികള്‍ വേഗത്തിലായത്. അതേസമയം, ഫര്‍മാന്‍ ഖാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നടപടി അഞ്ചാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കി.

മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ ഹര്‍ജി അടുത്ത മാസം 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ കേസില്‍ കേരള പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ മധ്യപ്രദേശ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിക്കും. ഇതിനായി കേരള പൊലീസുമായി ആശയവിനിമയം ഉടന്‍ നടത്തുമെന്ന് മധ്യപ്രദേശ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളും പരിശോധിക്കണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. തുടര്‍ന്നാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെന്നാണ് സൂചന.

വൈറല്‍ താരത്തിന്റെ വൈറല്‍ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനനതീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഈ മാസം 22 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് കമീഷന്റെ നിര്‍ദ്ദേശം.

Tags:    

Similar News