ജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം; വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും ലക്ഷ്യമിടുന്നത് വാട്സാപ്പിലൂടെ; ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങി മുങ്ങുന്ന വ്യാജന്മാർ; സ്റ്റാഫിങ് ഏജൻസികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുമ്പോൾ

Update: 2026-04-13 15:19 GMT

തിരുവനന്തപുരം: വ്യാജ സ്റ്റാഫിങ് ഏജൻസികളുടെ പേരിൽ ജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംരംഭകരെ കബളിപ്പിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ സജീവം. വ്യാപാരികൾ, ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യംവച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, പ്രത്യേകിച്ച് വാട്സാപ്പ് വഴിയാണ് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്.

വിശ്വാസ്യതയുള്ള സ്ഥാപനങ്ങളാണെന്ന് തോന്നിപ്പിക്കാൻ 'SKAN Crew', 'SKAN Nexus' തുടങ്ങിയ പേരുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ എത്തിക്കാമെന്ന് ഉറപ്പുനൽകുന്ന സംഘം, വ്യാജ കരാറുകളും രേഖകളും നൽകി ഇരകളുടെ വിശ്വാസം പിടിച്ചുപറ്റും. തുടർന്ന് 'അഡ്വാൻസ് ഫീസ്', 'യാത്ര ചെലവ്' തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കും. പണം ലഭിച്ചുകഴിഞ്ഞാൽ പല കാരണങ്ങൾ പറഞ്ഞു കാലതാമസം വരുത്തുകയും ഒടുവിൽ മുങ്ങുകയുമാണ് ഇവരുടെ രീതി.

ഏതെങ്കിലും സ്ഥാപനവുമായി ഇടപഴകുന്നതിന് മുൻപ് ഔദ്യോഗിക രജിസ്‌ട്രേഷൻ, ഓഫീസ് വിലാസം, വെബ്‌സൈറ്റ് എന്നിവ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ ലിങ്കുകളോ രേഖകളോ തുറക്കരുത്. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി നൽകണം.

Tags:    

Similar News