സ്പിന്‍ പെന്‍ഡുലം റൈഡ് ഉയര്‍ന്ന് പൊങ്ങിയതിന് പിന്നാലെ രണ്ടായി പിളര്‍ന്നു; സൗദിയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍

സൗദി അറേബ്യയില്‍ അമ്യൂസ്മെന്റ്പാര്‍ക്കില്‍ വന്‍ അപകടം

Update: 2025-07-31 18:47 GMT

റിയാദ്: സൗദി അറേബ്യയില്‍ അമ്യൂസ്മെന്റ്പാര്‍ക്കില്‍ വന്‍ അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റു. സൗദിയിലെ ഹദയിലെ ഗ്രീന്‍ മൗണ്ടൈന്‍ പാര്‍ക്കിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ റൈഡ് തകര്‍ന്ന് വീണത്. 360 ഡിഗ്രി എന്ന അപ്‌സൈഡ് ഡൗണ്‍ സ്പിന്‍ പെന്‍ഡുലം റൈഡ് ആകാശത്തേക്ക് ഉയര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്. പകുതിയോളം ഉയര്‍ന്ന റൈഡ് പെട്ടെന്ന് രണ്ടായി തകര്‍ന്ന് വീഴുകയായിരുന്നു. 23 സീറ്റുകളുള്ള റൈഡില്‍ മുഴുവന്‍ സീറ്റിലും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. 23 പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ 3 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി വൈകിയാണ് അപകടം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതികളും പെണ്‍കുട്ടികളും അടക്കം നിറയെ ആളുകള്‍ കയറിയ യന്ത്രഊഞ്ഞാല്‍ രണ്ടായി മുറിഞ്ഞ് നിലംപതിക്കുകയായിരുന്നെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. റൈഡിനെ താങ്ങിനിര്‍ത്തുന്ന പ്രധാന തൂണ് ഒടിഞ്ഞതിനെ തുടര്‍ന്ന് ആളുകളിരുന്ന ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്. അപകടത്തില്‍ പെട്ട യുവതികളില്‍ ഒരാളുടെ കാല്‍ മുറിഞ്ഞ് വേര്‍പ്പെട്ടതായി ദൃക്‌സാക്ഷിയായ അഹ്‌മദ് അല്‍ഹര്‍ബി പറഞ്ഞു.

വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സംഘങ്ങള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി പരിക്കേറ്റവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി.അപകടത്തെ തുടര്‍ന്ന് പാര്‍ക്കില്‍ നിന്ന് മുഴുവന്‍ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.സംഭവത്തെത്തുടര്‍ന്ന് തായിഫ് ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Tags:    

Similar News