പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ വിദ്യാർത്ഥികളെ ശകാരിച്ചു; വനിതാ അധ്യാപികയുടെ കസേരയിൽ പടക്ക ബോംബ് വെച്ച് സ്ഫോടനമുണ്ടാക്കി; അധ്യാപികയ്ക്ക് പരിക്ക്; +2 വിദ്യാർത്ഥികൾക്കെതിരെ നടപടി; സംഭവം ഹരിയാനയിലെ ഭിവാനിയിൽ

Update: 2024-11-16 16:29 GMT
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ വിദ്യാർത്ഥികളെ ശകാരിച്ചു; വനിതാ അധ്യാപികയുടെ കസേരയിൽ പടക്ക ബോംബ് വെച്ച് സ്ഫോടനമുണ്ടാക്കി; അധ്യാപികയ്ക്ക് പരിക്ക്; +2 വിദ്യാർത്ഥികൾക്കെതിരെ നടപടി; സംഭവം ഹരിയാനയിലെ ഭിവാനിയിൽ
  • whatsapp icon

ഭിവാനി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ ശകാരിച്ച അധ്യാപികക്കെതിരെ +2 വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി വെച്ച ശേഷം റിമോട്ട് കൊണ്ട് പൊട്ടിക്കുകയായിരുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളിലാണ് സംഭവം. സംഭവത്തിൽ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ 15 വിദ്യാർത്ഥികളുള്ള ക്ലാസിലെ 13 പേരുടേയും അറിവോടെയായിരുന്നു സംഭവമുണ്ടായതെന്നാണ് വിവരം. ഒരു ആഴ്ചത്തേക്ക് വിദ്യാർത്ഥികളെ ഡിഇഒ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വനിതാ അധ്യാപിക കസേരയിൽ ഇരുന്ന സമയത്താണ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. തുടർന്ന് കസേരയിൽ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ സംഭവം ഗൗരവമായ വിഷയമായി ചർച്ചയാകുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വരുന്നത്. യുട്യൂബിൽ നിന്നാണ് വിദ്യാർത്ഥികൾ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്നത് പഠിച്ചത്.

കഴിഞ്ഞ ആഴ്ച നടത്തിയ ക്ലാസ് പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് നേടിയ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ആയിരുന്നു വിദ്യാർത്ഥികളുടെ പടക്ക ബോംബ് സ്ഫോടനം. എന്നാൽ അധ്യാപികയെ പ്രാങ്ക് ചെയ്യാൻ മാത്രം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് വിദ്യാർത്ഥികൾ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. അധ്യാപികയ്ക്ക് പരിക്കേൽക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നാണ് വിദ്യാർത്ഥികൾ സംഭവത്തേക്കുറിച്ച് പറയുന്നത്.

എന്നാൽ 13 കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്. സംഭവം വലിയ രീതിയിൽ ചർച്ച ആയതിന് പിന്നാലെ വിദ്യാർത്ഥിക്കൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പഞ്ചായത്ത് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കയ്യിൽ നിന്ന് ക്ഷമാപണവും എഴുതി വാങ്ങിയിട്ടുണ്ട്. 

Tags:    

Similar News