'ബാബുരാജിന്റെ സില്‍ബന്തി; ഇരുവരും മത്സരിക്കുന്നത് അമ്മയുടെ അക്കൗണ്ടിലുള്ള ഏഴരക്കോടി രൂപ തട്ടിയെടുക്കാന്‍'; അനൂപ് ചന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍; നീക്കം എതിരാളികളില്ലാതെ അമ്മയുടെ ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ; 'അമ്മ'യുടെ മത്സരചിത്രം തെളിഞ്ഞു
'അമ്മ'യുടെ മത്സരചിത്രം തെളിഞ്ഞു
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് നടക്കാനിരിക്കെ ജോയന്റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്ന 13 പേരില്‍ 12 പേരും മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെയാണ് അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ നടന്‍ അനൂപ് ചന്ദ്രനെതിരെ അന്‍സിബ ഹസന്‍ പൊലീസില്‍ പരാതി നല്‍കി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വാട്സാപ്പ് ഗ്രൂപ്പില്‍ അടക്കം ബാബുരാജിന്റെ സില്‍ബന്തി എന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ഹസന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ അന്‍സിബ ഹസനും ബാബുരാജും അമ്മയുടെ അക്കൗണ്ടിലുള്ള ഏഴരക്കോടി രൂപ തട്ടിയെടുക്കാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന് അനൂപ് ചന്ദ്രന്‍ ആരോപിച്ചിരുന്നു.
ഈ ആരോപണത്തിലാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയര്‍ക്ക് മത്സരിക്കുന്നതില്‍ തടസമില്ല എന്ന നിലപാട് നേരത്തെ അന്‍സിബ പങ്ക് വെച്ചിരുന്നു. കൃത്യമായ നിലപാടുകളോടെയാണ് ഇത്തവണ സംഘടനയില്‍ മത്സരിക്കാനിറങ്ങിയത് എന്നും ആരോപണ വിധേയരായവര്‍ മാറി നില്‍ക്കണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അതിലെ മനുഷ്യാവകാശത്തെപ്പറ്റിയാണ് താന്‍ ചൂണ്ടിക്കാട്ടിയത് എന്നും അന്‍സിബ പറഞ്ഞിരുന്നു.
ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനയിലെ എല്ലാവരും ആഗ്രഹിക്കുന്നത്. മന്ത്രിമാരില്‍ പലരും ആരോപണം നേരിട്ടിട്ടും പദവിയില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് ആരോപണ വിധേയര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കൂടാ എന്നായിരുന്നു അന്‍സിബ ഹസന്റെ ചോദ്യം. ഇതിനെതിരെ ആയിരുന്നു അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയത്.
അതേസമയം അമ്മയിലെ തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവന്‍, ശ്വേത മേനോന്‍ എന്നിവര്‍ക്കൊപ്പം അനൂപ് ചന്ദ്രനും മത്സരിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പത്രിക പിന്‍വലിച്ചു. നേരത്തെ ജഗദീഷും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പത്രിക പിന്‍വലിക്കുകയായിരുന്നു. അമ്മയ്ക്ക് വനിതാ പ്രസിഡന്റ് വരണം എന്ന ആവശ്യം വിവിധ കോണില്‍ നിന്നുയര്‍ന്നതോടെയാണ് ജഗദീഷ് പത്രിക പിന്‍വലിച്ചത്.
എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറില്ല എന്ന് ദേവന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം നടക്കും എന്നുറപ്പായി. അതിനിടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ബാബുരാജും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യ നായരും പിന്മാറി. മറ്റു താരങ്ങള്‍ പലരും പിന്‍മാറിയ സാഹചര്യത്തിലാണ് താനും പിന്‍മാറിയതെന്ന് നവ്യ പറഞ്ഞു.
നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ഉണ്ണിശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരരംഗത്തുണ്ട്.
അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും പിന്‍വലിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നത്. ആരോപണവിധേയര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദവും ഉയര്‍ന്നതോടെ അദ്ദേഹം വ്യാഴാഴ്ച മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിക്കുകയായിരുന്നു. ഒരുപാട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഉണ്ടായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയില്‍ നടന്നത്. അവിടെയാണ് ഒടുവില്‍ മത്സര ചിത്രം തെളിഞ്ഞിരിക്കുന്നത്.