പെമ്പിള്ളാരുടെ മാറിടത്തിൽ തട്ടി ഒന്നും അറിയാത്ത പോലെ പോയവർ; എൻ്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കിയ ചിലർ; സ്ത്രീകൾ ഇനി കൂടുതൽ ജാഗ്രതയോടെ തന്നെ പെരുമാറണം..!! നാടിന് നോവായി മാറിയ ദീപക്കിന്റെ മരണത്തിന് തൊട്ട് പിന്നാലെ കേരളത്തിൽ കാണുന്നത് മറ്റൊരു ട്രെൻഡ്; സഹികെട്ട് എല്ലാത്തിനും മറുപടിയുമായി ശൈലജ

Update: 2026-01-22 11:39 GMT

തിരുവനന്തപുരം: വൈറൽ വീഡിയോയ്ക്ക് പിന്നാലെ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിത മുസ്തഫ റിമാൻഡിലായ പശ്ചാത്തലത്തിൽ, പ്രതികരിക്കുന്ന സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നടി ഷൈലജ പി. അമ്പു. ദീപക്കിന്റെ മരണശേഷം 'നല്ലവരായ പുരുഷന്മാരെ മുഴുവൻ നശിപ്പിക്കുന്നവരാണ് സ്ത്രീകൾ' എന്ന തരത്തിലുള്ള ഒരു പ്രവണത സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.

അതിക്രമങ്ങളോട് പ്രതികരിക്കുന്ന ചുരുക്കം ചില സ്ത്രീകളുടെ ധൈര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ സംഘടിതമായി ചിലർ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ഷൈലജ പി. അമ്പു അഭിപ്രായപ്പെട്ടു. പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയും ഇത് സൃഷ്ടിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

സ്വന്തം ശരീരത്തിലേക്ക് ഒരു പുരുഷന്റെ കൈ വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും, മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാമെന്നും അവർ പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന ഏത് അനീതികളോടും പ്രതികരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അതേസമയം, സ്ത്രീകളോട് മാന്യമായി പെരുമാറാൻ ആൺകുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടതുണ്ടെന്നും സ്ത്രീകളുടെ പ്രതികരണശേഷിയെക്കുറിച്ച് പുരുഷന്മാർക്ക് ഒരു ജാഗ്രത ഉണ്ടാകുന്നത് നല്ലതാണെന്നും ഷൈലജ വ്യക്തമാക്കി.

45 വയസ്സിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന സമാന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ പ്രതികരണമെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. ഏഴാം വയസ്സിൽ നേരിട്ട ലൈംഗികാതിക്രമം മുതൽ, സ്കൂൾ കാലഘട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നേരിട്ട മോശം അനുഭവങ്ങൾ അവർ പങ്കുവെച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഉത്സവപ്പറമ്പുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും അവർക്ക് ഓർമ്മയുണ്ടെന്ന് ഷൈലജ പറഞ്ഞു.

നടി ഷൈലജയുടെ പോസ്റ്റിന്റെ പൂർണരൂപം..

ബഹിരാകാശത്തേക്ക് ചെലവില്ലാതെ പോകാം എന്ന് നല്ല ധാരണയോടെയാണ് ഇത് എഴുതുന്നത്. ദീപക്കിന് ആദരാഞ്ജലികൾ. ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു.രണ്ടു വ്യക്തികളെയും എനിക്ക് വ്യക്തിപരമായി അറിയില്ല. ദീപക്കിന്റെ അച്ഛന്റെയും അമ്മയുടെയും ഉള്ളു പൊട്ടുന്ന വേദനയുടെ ഭാരം നമ്മുടേയും ഉറക്കം കെടുത്തി.

45 വയസ്സുവരെയുള്ള ജീവിതത്തിനിടയിൽ സ്ത്രീയായ ഞാൻ അനുഭവിച്ച ചില കാര്യങ്ങൾ ഇവിടെ പറയാം.ഏഴ് വയസ്സുള്ളപ്പോൾ എന്നെ എടുത്തുയർത്തി ഫ്രോക്കിനും ജട്ടിക്കും ഇടയിലൂടെ കൈ കടത്തിയ ഒരു ചേട്ടൻ.

മോഡൽ L P school ലെ കുഞ്ഞ് പെൺപിള്ളേരുടെ വളർന്ന് തുടങ്ങുന്ന മുലകളിൽ ഞെരടുന്ന കഥാപ്രസംഗം പഠിപ്പിക്കാൻ വന്ന ഒരു കിളവൻ സാറ്.

കോട്ടൺഹിൽ സ്കൂളിൽ നിന്നിറങ്ങി ടാഗോർ നഗർ വഴി നടക്കുമ്പോൾ ഉദ്ധരിച്ച ലിംഗം പാൻസിൻ്റെ സിബ് തുറന്ന് വെളിയിലേക്ക് ഇട്ട് രണ്ടു കൈകളും കുരിശലേറ്റപ്പെട്ട യേശുവിനെ പോലെ നിവർത്തിവെച്ച് കഴുത്തു ചരിച്ച്പെമ്പിള്ളാരുടെ മുലയിൽ തട്ടി കടന്നുപോകുന്ന യുവാവ് .

പിന്നെ ബസ്, ബസ്റ്റാൻഡ് ,റെയിൽവേ സ്റ്റേഷൻ, തീവണ്ടി, ഉൽസവപ്പറമ്പ് ,കല്യാണ വീട് ....... ഏറ്റവും അവസാനത്തേത് കഴിഞ്ഞാഴ്ച എൻ്റെ ടൂവീലറിൽ നിന്നിറങ്ങി ബസ്സിലേക്ക് കയറുന്ന എൻ്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്.

ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ ഉൾപ്പെടുന്ന ഓരോ സ്ത്രീയും കടന്നുപോകുന്നത്. ആദ്യമൊക്കെ പകച്ചു പോയിട്ടുണ്ട്, ഒരു പ്രായത്തിൽ പ്രതികരിച്ചു തുടങ്ങി

ഉറക്കെ അലറുകയും ,കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പൊതു ഇടങ്ങളിൽ ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യം ഉണ്ടായതങ്ങനെയാണ് . വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാൻ തോന്നാത്തത് എന്തെന്നാൽ, സ്ത്രീയെ അധിക്ഷേപിക്കുന്നവന്റെ വീട്ടിലുള്ള അമ്മയെയും ,അച്ഛനെയും, ഭാര്യയേയും, മക്കളേയും ,സഹോദരങ്ങളെയും ഓർത്താണ്. ഇവനെ ഓർത്ത് തലവഴി മുണ്ടിട്ട് നടക്കാനുള്ള ഗതികേട് അവർക്ക് ഉണ്ടാകരുത് എന്ന് കരുതി മാത്രം.

മാറുമറയ്ക്കാനും, സ്കൂളിൽ പോകാനും, ജോലിക്ക് പോകാനും, വണ്ടിയോടിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീ ഉണ്ടാക്കിയെടുത്തത് പോരാട്ടങ്ങളിലൂടെ തന്നെയാണ്. അത് ഔദാര്യമല്ല.

എൻ്റെ വ്യക്തിപരമായ, തികച്ചും വ്യക്തിപരമായ അഭിപ്രായത്തിൽ ആ യുവതി ചെയ്യേണ്ടിയിരുന്നത് സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുകയല്ല.അപ്പോൾ തന്നെ പ്രതികരിക്കുക എന്നുള്ളതാണ്. ഒരു പുരുഷന്റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നിൽക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാം.

സമൂഹത്തിൽ നടക്കുന്ന ഏത് നീതി കേടിനോടും നമുക്ക് പ്രതികരിക്കാം. പ്രതികരിക്കുന്ന സ്ത്രീകളെ സൊസൈറ്റി എങ്ങനെ കാണുന്നു എന്നുള്ളത് പ്രധാനമാണ്. ബഹുഭൂരിപക്ഷത്തെയും ഒറ്റപ്പെടുത്തും. സോഷ്യൽ മീഡിയയിൽ ആണെങ്കിൽ യാതൊരു മര്യാദയും ഇല്ലാതെ വ്യക്തിഹത്യ നടത്തും. പെണ്ണിൻ്റെ വസ്ത്രധാരണത്തെയും, സംസാരത്തെയും , നടത്തത്തെയും,

സൗഹൃദങ്ങളെയും വെച്ചുവരെ അവൾക്ക് മാർക്കിടും.സമൂഹം സ്ത്രീ സൗഹൃദപരം ഒന്നുമല്ല. തുല്യതയുമില്ല.

18 വയസ്സുള്ള എൻ്റെ മകൾ യാത്ര ചെയ്യുമ്പോൾ ഒരു കൈകൊണ്ട് ബസ്സിൽ പിടിച്ച് നിന്നിട്ട് മറ്റൊരു കൈ കൊണ്ട് നെഞ്ച് സ്വയം മറച്ചുപിടിക്കും . അപ്പോളും പിന്നിൽ നിന്ന് ആരെങ്കിലും വന്ന് ചേർന്ന് നിൽക്കുമോ എന്ന് ആലോചിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളും ഇങ്ങനെയാണ്.ആക്രമിക്കപ്പെടുമോ എന്ന് പേടിയില്ലാതെ നടക്കാനും, ചിന്തിക്കാനും, സംസാരിക്കാനും ധൈര്യമുള്ള എത്ര സ്ത്രീകൾ ഉണ്ട് നമുക്ക് ചുറ്റും? സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട് നമ്മളുടെ ഇടയിൽ ?

ദീപക്കിന്റെ മരണത്തിനുശേഷം ഒരു ട്രെൻഡ് വന്നു . നല്ലവരായ പുരുഷന്മാരെ മുഴുവൻ നശിപ്പിക്കുന്നവരാണ് സ്ത്രീകൾ എന്ന് തോന്നിപ്പിക്കുന്ന ഒരു ട്രെൻഡ്. കമ്പി വേലിധരിച്ചും ,കാർബോർഡ് പെട്ടിക്കകത്ത് ഇറങ്ങിയും ബസ്സിൽ യാത്ര പോകുന്ന മാന്യന്മാരായ ചേട്ടന്മാരുടെ വീഡിയോകൾ. പുരുഷ മേധാവിത്വത്തിന് കുടപിടിച്ചു കൊടുക്കുന്ന കുറേ ചേച്ചിമാർ. (ഈ ചേച്ചിമാരും ഞാൻ പറഞ്ഞ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നുള്ളത് ഉറപ്പു തന്നെയാണ്). 'ബസ്സിൽ സ്ത്രീകളുണ്ട് പുരുഷന്മാർ സൂക്ഷിക്കുക എന്നുള്ള പോസ്റ്ററുകൾ" ഇതൊക്കെ കണ്ടാൽ തോന്നും സമത്വ സുന്ദര സുരഭിലമായിരുന്ന ഈ ഭൂമി കുറേ ഒരുമ്പെട്ട സ്ത്രീകൾ ചേർന്ന് നശിപ്പിച്ചുവെന്ന്. ഷിംജിത പോസ്റ്റ് ചെയ്ത ഒരു വീഡിയോ കൊണ്ട് ഒരു യുവാവ് ആത്മഹത്യ ചെയ്തു.സോഷ്യൽ മീഡിയ നീതിപീഠമല്ല. ഒരു കാര്യത്തിനും പരിഹാരം കാണാൻ സോഷ്യൽ മീഡിയയ്ക്ക് കഴിയുകയുമില്ല.ഇടപെടലുകൾ നടത്താൻ സോഷ്യൽ മീഡിയയ്ക്ക് കഴിയും.അവരെ അറസ്റ്റ് ചെയ്തു അന്വേഷണം നടക്കുന്നു.അത് സ്വാഗതാർഹമാണ്.

പക്ഷേ അതിക്രമങ്ങളോട് പ്രതികരിച്ചു കൊണ്ടിരുന്ന ഒരു കുറഞ്ഞ ശതമാനം സ്ത്രീകളുടെ എങ്കിലും ധൈര്യത്തെ ഇല്ലാതാക്കാൻ ഇപ്പോൾ സംഘടിതമായി രംഗത്തിറങ്ങിയിട്ടുള്ള നല്ലവരായ ചേട്ടന്മാർ ശ്രമിക്കുന്നുണ്ട്. "ഭൂലോക അംഗവാലൻ കോഴികൾ ' വരെ ഷിംജിതയ്ക്ക് എതിരെ വാചാലരാവുകയാണ്. ഇതിനേക്കാൾ നല്ലൊരു അവസരം ആ ചേട്ടൻ മാർക്ക് വീണു കിട്ടാനില്ലല്ലോ.

ആ കലാപരിപാടി തുടർന്നുകൊണ്ടിരിക്കും. സ്ത്രീയുടെ മുഖത്തുനോക്കി സംസാരിക്കാൻ തൊട്ട്, മാന്യമായി അവരോട് പെരുമാറാൻ വരെ നമ്മൾ നമ്മുടെ ആൺകുട്ടികളെ മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു.സ്ത്രീകൾ കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കുക തന്നെ വേണം.സ്ത്രീകൾ പ്രതികരിക്കും എന്നുള്ള ഒരു ജാഗ്രത പുരുഷനുണ്ടാകുന്നതും വളരെ നല്ലതാണ്.

ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതാണ്.സമത്വത്തോടെയും, സൗഹാർദ്ദത്തോടെയും ജീവിക്കാനുള്ള ഇടം നമുക്കുണ്ടാവണം. അത് നമ്മൾ ഒരുമിച്ച് വിചാരിച്ചാലേ ഉണ്ടാവു.

Tags:    

Similar News