ട്രംപിന്റെ വിജയത്തോടെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കണ്ണുവെച്ച് അദാനി; അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു; യു.എസ് ഊര്‍ജമേഖലയിലും ഇന്‍ഫ്രാ മേഖലയിലും നിക്ഷേപം; ലക്ഷ്യമിടുന്നത് 15,000 തൊഴിലവസരങ്ങള്‍; ഹിന്‍ഡന്‍ബര്‍ഗ്ഗനെ അതിജീവിച്ച അദാനി അമേരിക്കയിലേക്ക് നീങ്ങുമ്പോള്‍ എന്തു സംഭവിക്കും?

ട്രംപിന്റെ വിജയത്തോടെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കണ്ണുവെച്ച് അദാനി

Update: 2024-11-15 04:49 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ശതകോടിശ്വീരന്‍മാര്‍ക്ക് നിര്‍ണായക റോള്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇലോണ്‍ മസ്‌ക്കിനും വിവേക് രാമസ്വാമിക്കും നിര്‍ണായക റോള്‍ നല്‍കുമെന്നാണ് വാര്‍ത്തകള്‍. ഇതിനിടെ മറ്റൊരു സുപ്രധാന നീക്കമാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി നടത്തുന്നത്. അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനാണ് അദാനി ഒരുങ്ങുന്നത്.

ഊര്‍ജ, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ 10 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് ചെയര്‍മാന്‍ ഗൗതം അദാനി എക്സില്‍ പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു. ട്രംപിന് അഭിനന്ദനങ്ങള്‍. ഇന്ത്യയും യു.എസും തമ്മിലെ ബന്ധം ആഴത്തിലുള്ളതനുസരിച്ച്, അദാനി ഗ്രൂപ്പ് അതിന്റെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് യു.എസ് ഊര്‍ജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് -എക്‌സില്‍ ചെയര്‍മാന്‍ ഗൗതം അദാനി കുറിച്ചു. എന്നാല്‍, എപ്പോള്‍ നിക്ഷേപിക്കുമെന്നതടക്കം കൂടുതല്‍ വിശദാംശങ്ങളൊന്നും ഗൗതം അദാനി നല്‍കിയിട്ടില്ല.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഏതാനും വര്‍ഷങ്ങളില്‍ 10 ജിഗാവാട്ട് വിദേശ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതികള്‍ക്കിടയിലാണ് ഇത്. നേപ്പാള്‍, ഭൂട്ടാന്‍, കെനിയ, ടാന്‍സാനിയ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഇത്തരം പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

തൊഴിലിനും ഊര്‍ജ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ പല നയങ്ങളും അവസാനിപ്പിക്കാന്‍ യു.എസ് എണ്ണ, വാതക വ്യവസായ ഗ്രൂപ്പായ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഡഓണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് അദാനിയുടെ പ്രഖ്യാപനം. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ക്ക് വീഴ്ച്ച സംഭവിച്ചെങ്കിലും പിന്നീട് അതിവേഗമാണ് കമ്പനി തിരികെ കയറിയത്.

അമേരിക്കയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതോടെ അദാനിയുടെ ബിസിനസ് അമേരിക്കന്‍ മണ്ണിലെ ബിസിനസ് ആയി മാറും. അങ്ങിനെയെങ്കില്‍ ഭാവിയില്‍ ആന്‍ഡേഴ്‌സണും ഹിന്‍ഡന്‍ ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിനെതിരെയും അദാനിയുടെ നിയമപോരാട്ടം നീണ്ടേക്കാം. അദാനി അദ്ദേഹത്തിന്റെ വിവിധ കമ്പനികളിലെ വരവ് ചെലവ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നുവെന്നും അദാനി കമ്പനികളുടെ ഓഹരി വില ഊതിവീര്‍പ്പിക്കാന്‍ വിദേശത്തെ കടലാസ് കമ്പനികള്‍ വഴി കോടികളുടെ കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുന്നുവെന്നും ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഗൗതം അദാനിയുടെ ജ്യേഷ്ഠനാണെന്നും ഒക്കെയുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വഴി അദാനി കമ്പനികളുടെ ഓഹരി വില 60 ശതമാനത്തോളം ഇടിഞ്ഞു തകര്‍ന്നിരുന്നു.

അദാനിയ്ക്കെതിരെ ഇങ്ങിനെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോകുന്നു എന്ന വിവരം ഇന്ത്യയില്‍ ചിലരെയൊക്കെ കാലേകൂട്ടി ഹിന്‍ഡന്‍ ബര്‍ഗ് റിസര്ച്ച് എന്ന സ്ഥാപനത്തിന്റെ ഉടമയായ ആന്‍ഡേഴ്‌സണ്‍ ചില ഇടനിലക്കാര്‍ വഴി അറിയിച്ചിരുന്നു. ഇവരെല്ലാം അദാനി ഓഹരികള്‍ വിലയിടിഞ്ഞപ്പോള്‍ വാങ്ങിക്കൂട്ടി കോടികളുടെ ലാഭം കൊയ്തിരുന്നു.

അതേസമയം ഇലോണ്‍ മസ്‌കിന് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് ആണ് ട്രംപ് നല്‍കിയത്. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്‌ക് ഈ വകുപ്പ് കൈകാര്യം ചെയ്യുക. ഇപ്പോളിതാ ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കിരുവര്‍ക്കും ശമ്പളം ഇല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്‌ക്. യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു ട്വീറ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേര്‍ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഉന്നം. പക്ഷെ മറുപടി നല്‍കിയത് മസ്‌ക് തന്നെയാണ്. നിങ്ങളെപ്പോലെയല്ല, ഞങ്ങള്‍ രണ്ട് പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ ശമ്പളം വാങ്ങുന്നില്ല എന്നായിരുന്നു മസ്‌ക്കിന്റെ മറുപടി.

Tags:    

Similar News