'യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നു'; കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴി ആവര്‍ത്തിച്ച് നവീന്‍ ബാബുവിന്റെ കുടുംബം; കോള്‍ ലിസ്റ്റുമായെത്തി വിളിച്ചതാരൊക്കെയെന്ന് വ്യക്തത വരുത്തി അന്വേഷണ സംഘം
പ്രത്യേക അന്വേഷണ സംഘം നവീന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നല്‍കിയ മൊഴി പ്രത്യേക അന്വേഷണ സംഘത്തോടും ആവര്‍ത്തിച്ച് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നല്‍കി. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തശേഷമാണ് മടങ്ങിയത്.
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയത്. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേസില്‍ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നടന്ന ദിവസമാണ് കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെയും പ്രവീണ്‍ ബാബുവിന്റെയും മൊഴി രേഖപ്പെടുത്തിയത്. എസ്ഐടി രൂപീകരിച്ച് ആദ്യമായാണ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്താനെത്തുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. ആത്മഹത്യയ്ക്ക് മുമ്പ് നവീന്‍ ബാബു എന്തൊക്കെയാണ് മഞ്ജുഷയോട് ഫോണില്‍ സംസാരിച്ചതെന്നാണ് പ്രധാനമായും അന്വേഷിച്ചത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെ വിശ്വാസമില്ലെന്നും മഞ്ജുഷ എസ്ഐടിയോട് പറഞ്ഞു.
ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം നടപടി ആരംഭിച്ചത്. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴിയും ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഇന്ന് രാവിലെ 11 ക്കാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. എ ഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ ഏഴുപേര്‍ യുഡിഎഫും 17 പേര്‍ എല്‍ഡിഎഫുമാണ്.