നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത തുടരുന്നതിനാലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകം ആണോ എന്നുസംശയം ഉണ്ടെന്നാണ് കുടുംബം കോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെന്ന നിഗമനം സ്ഥിരീകരിച്ച് അതിനെ ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ആ അന്വേഷണമാകട്ടെ പി പി ദിവ്യയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടതാണെന്നും സംശയങ്ങള്‍ ഉയരുന്നു. ഈ സാഹചര്യത്തില്‍ നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്ന് തെളിയേണ്ടത് അനിവാര്യമാണ്.
പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. പി പി ദിവ്യയുടെ ജയില്‍വാസവും രാജിയും ഒഴിച്ചാല്‍ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിലെ പല കാര്യങ്ങളിലും ദൂരൂഹത തുടരുകയാണ്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍, തുടക്കത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കുമാണ് ഇപ്പോഴും ഉത്തരമില്ലാത്ത അവസ്ഥയുള്ളത്.
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണ് എന്ന് ധൃതി പിടിച്ച് തീരുമാനിച്ചതിന്റെ പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കണം. ഈ ആത്മഹത്യാ തിയറി വിജയിപ്പിച്ചെടുക്കാനാണ് ദിവ്യയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഒരുക്കിയതെന്നും, ജാമ്യം കിട്ടുന്ന സാഹചര്യം സൃഷ്ടിച്ചതെന്നും സംശയങ്ങള്‍ ഉയരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണ്, കൊലപാതകമല്ല എന്ന തിയറി വിജയിപ്പിച്ചെടുക്കാന്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഗൂഢാലോചനയുടെ ഫലമായി മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിക്കാതെ മറച്ചുവയ്ക്കുന്നു എന്നതാണ് സംശയം.
മൂന്നുതവണ ഓട്ടോയില്‍ കയറി? സിസി ടിവി ദൃശ്യങ്ങള്‍ എവിടെ?
പൊലീസ് ഇതുവരെ ജനങ്ങളോട് പറഞ്ഞത് അനുസരിച്ച് നവീന്‍ ബാബു കളക്ടറേറ്റില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്നുതവണയെങ്കിലും ഓട്ടോയില്‍ കയറി കാണണം. വൈകുന്നേരം മുനീശ്വരന്‍ കോവിലില്‍ നിന്ന് നവീന്‍ ബാബു ക്വാര്‍ട്ടേഴ്സിലേക്ക് പോയി എന്നാണ് പൊലീസ് പറയുന്നത്. ആ പോയത് ഒരു ഓട്ടോയില്‍ ആയിരിക്കണം. കുറച്ചുകഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് നവീന്‍ ഓട്ടോയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോയി എന്നുപറയുന്നു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ ട്രെയിന്‍ പോയതിനാല്‍, നവീന്‍ ബാബു അവിടെ പുലര്‍ച്ചെ ഒന്നര വരെ ഇരുന്നു എന്നുപറയുന്നു. അതിനുശേഷം വീണ്ടും ഓട്ടോ പിടിച്ച് പള്ളിക്കുന്നിലേക്ക് പോയി. നവീന്‍ സഞ്ചരിച്ച ഈ മൂന്നുഓട്ടോക്കാരെ കണ്ടെത്തിയോ? ഈ മൂന്നുപേരുടെ വിശദാംശങ്ങള്‍ കണ്ടെത്തിയോ? മൂന്നുതവണ ഓട്ടോയില്‍ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പൊലീസിന് കിട്ടിയില്ല. ഇവിടയാണ് ദുരൂഹത സംശയിക്കേണ്ടത്.
മാതൃഭൂമി പത്രത്തില്‍ ആ സമയത്ത് വന്ന വാര്‍ത്ത പ്രകാരം, നവീന്‍ ബാബു ക്വാര്‍ട്ടേഴ്സില്‍ നിന്ന് അല്‍പം വൈകിയിറങ്ങി, അതിനുശേഷം റെയില്‍വെ സ്റ്റേഷനില്‍ പോയി, ട്രെയിന്‍ മിസായത് കൊണ്ട് കുറെ നേരം ബെഞ്ചിലിരുന്നുവെന്നും റെയില്‍ പാളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുവെന്നും, ഒന്നര മണിയോട് തിരിച്ചുപോയി എന്നുസിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു എന്നുമാണ് വന്നത്. ആ വാര്‍ത്ത പൊലീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കായിരുന്നു. എന്നാല്‍, അങ്ങനെ ഒരു സിസി ടിവി ദൃശ്യം പൊലീസ് കണ്ടെടുത്തോ? സിസി ടിവി ദൃശ്യങ്ങളില്‍ ഉള്ളത് നവീന്‍ ബാബു തന്നെയാണോ? എന്നാല്‍, റെയില്‍വെയുമായി ബന്ധപ്പെട്ട് മറുനാടന്‍ നടത്തിയ അന്വേഷണത്തില്‍ നവീന്‍ ബാബു സ്റ്റേഷനില്‍ വന്നിട്ടേയില്ല. സിസി ടവി ദൃശ്യവുമില്ല. സ്റ്റേഷനില്‍ ഇരുന്നയാള്‍ നവീന്‍ ബാബുവുമല്ല. ആരാണ് ഇങ്ങനെയൊരു വ്യാജ കഥ ചമച്ചത് എന്നാണ് അറിയേണ്ടത്. നവീന്‍ ബാബു റെയില്‍ പാളത്തിലൂടെ നടന്നു എന്ന കളളക്കഥയും അക്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ താല്‍പര്യം ഉളളത് കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ ഒരുക്കി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആ കളളക്കഥ. പൊലീസ് എന്തിനാണ് അങ്ങനെയൊരു കള്ളക്കഥ ചമച്ചത് എന്നതാണ് ചോദ്യം.
സത്യം ആര്‍ക്കറിയാം?
കളക്ടറേറ്റില്‍ നിന്നും ഡ്രൈവര്‍ ഷംസുദ്ദീന്‍ മുനീശ്വരന്‍ കോവിലിന് മുന്നില്‍ കൊണ്ടുവിടുമ്പോള്‍, നവീന്‍ ബാബു പറഞ്ഞ് ആരെയോ കാണാന്‍ ഉണ്ടെന്നാണ്. എങ്കില്‍ പിന്നെ നവീന്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഓട്ടോ പിടിച്ച് മടങ്ങിപ്പോയതോ? ഷംസുദ്ദീനോട് ക്വാര്‍ട്ടേഴ്സിലേക്ക് വിടാന്‍ നവീന് ആവശ്യപ്പെട്ടാല്‍ മതിയായിരുന്നല്ലോ. ക്വാര്‍ട്ടേഴ്സിലെ എല്ലാ സാധനങ്ങളും എടുത്ത താക്കോല്‍ പോലും ഏല്‍പ്പിച്ചതിന് ശേഷമാണ് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ നവീന്‍ ബാബു വീണ്ടും ക്വാര്‍ട്ടേഴ്സിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കില്‍, എന്തുകൊണ്ട് ഡ്രൈവറോട് അവിടെ ഇറക്കാന്‍ പറഞ്ഞില്ല? താക്കോല്‍ എവിടെ എന്ന ചോദ്യവും അവശേഷിക്കുന്നു. താക്കോല്‍ ഏല്‍പ്പിച്ചെങ്കിലും തിരിച്ചുമേടിച്ചതായി സൂചനയില്ല. പൊലീസിന്റെ ന്യായം രണ്ടാമതൊരു താക്കോല്‍ നവീന്‍ ബാബുവിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ്. അത് എത്രമാത്രം സത്യമാണെന്ന് ആര്‍ക്കും അറിയില്ല. സംശയത്തിന്റെ പഴുതടയ്ക്കാനുള്ള പൊലീസ് ഭാഷ്യമാകാം. അക്കാര്യത്തിലും ദുരൂഹത നിലനില്‍ക്കുന്നു.
ആത്മഹത്യ ചെയ്യാന്‍ വേണ്ടി ആരുമറിയാതെ നവീന്‍ ബാബു, വീണ്ടും ക്വാര്‍ട്ടേഴ്സിലേക്ക് പോകാന്‍ തീരുമാനിച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യമെങ്കില്‍, മനസിലാക്കാമായിരുന്നു. കാരണം ഡ്രൈവര്‍ അറിയേണ്ട ഞാന്‍ പോയി എന്നു അയാള്‍ കരുതിക്കോട്ടേ, എന്നുള്ള കരുതലായി കണക്കാക്കാം. പക്ഷേ ക്വാര്‍ട്ടേഴ്സില്‍ പോയ നവീന്‍ ബാബു, അവിടെ നിന്ന് ട്രെയിന്‍ കയറാന്‍ വേണ്ടി വീണ്ടും എത്തിയെന്നും, ആ ഓട്ടോ വൈകിയെന്നും അതുകൊണ്ടാണ് ട്രെയിനില്‍ പോകാതിരുന്നതെന്നും, അതുകൊണ്ടാണ് അവിടെ തന്നെ ഇരുന്നതെന്നും ആണ് സിസി ടവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത് എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞതില്‍ ദുരൂഹത നിലനില്‍ക്കുന്നു.
ദുരൂഹതയുടെ കെട്ടുകള്‍
കണ്ണൂരിലെ വിജിലന്‍സ് സിഐ വിനു മോഹന്‍ നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ. സിപിഎമ്മിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥനെന്നാണ് അറിയപ്പെടുന്നത്. വിനു മോഹനെ വിജിലന്‍സിലേക്ക് മാറ്റിയതിന് പിന്നില്‍ മറ്റുചില കാരണങ്ങളുണ്ട്. പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ഉദ്യോഗസഥന്‍ ആയത് കൊണ്ട് തന്നെ ചുഴലി വില്ലേജിലെ വലിയ ഭൂമി ഇടപാടിനെ കുറിച്ചുള്ള അന്വേഷണം ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ മുന്‍കൈയില്‍ നടന്നുവന്നപ്പോള്‍, കൃത്യമായ തീരുമാനം എടുക്കേണ്ടതുകൊണ്ടാണ്. ചുഴലി വില്ലേജിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവരില്‍ പലരും സിപിഎമ്മുകാരാണ്. ഇ എം എസ് വായനശാലയുടെ പരിസത്തുളള ഇടങ്ങളിലെ ഭൂമിയിലാണ് കൃത്രിമം നടന്നത്. ഈ സിപിഎം ഭൂമാഫിയയുടെ തട്ടിപ്പിന്റെ ഫയലുകള്‍ എഡിഎം നവീന്‍ ബാബുവിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്ന്് കരുതപ്പെടുന്നു. 1000 ഏക്കറോളം സ്്ഥലത്തെ കയ്യേറ്റത്തിന്റെ വിവരങ്ങള്‍ നവീന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ രേഖകളുമായി നവീന്‍ ബാബു നേരിട്ട് വിജിലന്‍സ് ഓഫീസിലേക്ക് പോയതാണോ, അതോ വിനു മോഹന്‍ വിളിച്ചുവരുത്തിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. കാരണം അതേദിവസം ഉച്ചയ്ക്ക് ഒന്നരയോടെ, പരാതിക്കാരനായ ടി വി പ്രശാന്തന്‍ ഈ വിജിലന്‍സ് ഓഫീസിന്റെ മുന്നില്‍ നില്‍ക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഒരുചാനല്‍ പുറത്തുവിട്ടിരുന്നു.
വൈകുന്നേരം നാലുമണി കഴിഞ്ഞ് നടന്ന യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ ഭീഷണിപ്പെടുത്തിയത് കാണിച്ചുതരാമെന്നാണ്. ഇതെല്ലാം കൂട്ടിവായിക്കേണ്ടതല്ലേ എന്നാണ് ചോദ്യം. ഒന്നുങ്കില്‍, ഇത് പി പി ദിവ്യയും ടി വി പ്രശാന്തും ഒരുമിച്ചെഴുതിയ ദൃശ്യം മോഡല്‍ തിരക്കഥയുടെ ഭാഗമായി, വിജിലന്‍സ് ഓഫീസര്‍ നവീന്‍ ബാബുവിനെ വിളിപ്പിച്ചതാവാം. അതല്ലെങ്കില്‍ നവീന്‍ ബാബു തന്റെ കയ്യിലെ രേഖകള്‍ കൈമറാന്‍ പോയതാവാം. അവിടെ പോയതിന് ശേഷമാണോ, അവിടെ നിന്ന് തിരിച്ചുവന്നതിന് ശേഷമാണോ നവീന്‍ ബാബുവിനെ കാണാതായത്? ഇക്കാര്യം ആര്‍ക്കും അറിയില്ല. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വിനു മോഹന്‍ അടക്കം ഉള്ളവരുടെ മൊഴി പൊലീസ് എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വിനു മോഹന്റെ സഹോദരന്‍ ഡയറക്ടറായ കാര്‍ട്ടണ്‍ കമ്പനിയാണ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍, അനേകം കരാര്‍ ജോലികള്‍ എടുത്തിരിക്കുന്നത്. ഇതും പരിശോധിക്കേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കൂടി പരിശോധിക്കേണ്ടതുണ്ട്. മഞ്ജുഷയുടെ മൊഴി എടുക്കാന്‍ എത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് സിഐ ശ്രീജിത് കൊടേരി. ഈ ഉദ്യോഗസ്ഥനും സിപിഎമ്മിന്റെ രഹസ്യ കാവല്‍ക്കാരില്‍ ഒരാളെന്നാണ് സംസാരം. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കിയ ദിവസം ശ്രീജിത് കൊടേരി ആരെയൊക്കെ വിളിച്ചിട്ടുണ്ട് എന്നതും അന്വേഷിക്കേണ്ടതാണ്. സിപിഎമ്മിന്റെ അതീവ വിശ്വസ്തനെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിലനിര്‍ത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇടപാടുകള്‍ തന്നെ അന്വേഷിക്കേണ്ട സാഹചര്യം ഉള്ളപ്പോള്‍, അയാള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയാല്‍ അതിന്റെ ഗതിയെന്താവും?
ഒരുലക്ഷം രൂപ കൈക്കൂലി കൊടുക്കാന്‍ കാശില്ലാത്തത് കൊണ്ട്് സ്വര്‍ണം പണയം വച്ചയാളാണ് ടി വി പ്രശാന്ത്്. അങ്ങനെ ഒരാള്‍ എങ്ങനെയാണ് കോടികള്‍ വേണ്ട പെട്രോള്‍ പമ്പിനായി പണം മുടക്കിയതെന്ന് അന്വേഷിക്കേണ്ടതാണ്. പ്രശാന്തന്റെയോ സിപിഎമ്മിന്റെയോ ബെനാമി ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതിന് മുമ്പ്, വിജിലന്‍സ് എന്തുകൊണ്ട്, നവീന്‍ ബാബുവിനെ വിളിച്ചു? അല്ലെങ്കില്‍ നവീന്‍ ബാബു വിജിലന്‍സില്‍ എന്തുകൊണ്ട് പോയി എന്ന് അന്വേഷിച്ചിട്ടില്ല.? ടിവി പ്രശാന്തിന്റെ ഒപ്പിലെ വൈരുദ്ധ്യം എന്തുകൊണ്ട് അന്വേഷിച്ചിട്ടില്ല?
ആരാണ് യഥാര്‍ഥത്തില്‍ പെട്രോള്‍ പമ്പിനായി പണം മുടക്കുന്നത് എന്നത് അടക്കം ഇപ്പോഴും പുറത്തുവരാത്ത് വസ്തുതയാണ്. മാത്രമല്ല, ദിവ്യ ഈ വിഷയത്തില്‍ എടുത്ത അമിത താല്‍പ്പര്യത്തിന് പിന്നില്‍ എന്താണെന്നതും ഇപ്പോഴും ചോദ്യമായി ഉയരുന്നു. കൈക്കൂലി നല്‍കാന്‍ സ്വര്‍ണം പണയപ്പെടുത്തിയെന്നാണ് പ്രശാന്ത് പറഞ്ഞത്. അതങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് പമ്പ് തുടങ്ങാന്‍ പണം എന്ന കാതലായ ചോദ്യത്തില്‍ അടക്കം ഇപ്പോഴും മൗനമാണ്. പ്രശാന്തിന് പിന്നില്‍ ബിനാമികളിലേക്ക് അന്വേഷണം തിരിഞ്ഞിട്ടുമില്ല.
പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഏല്‍പിച്ചെങ്കിലും ഈ അന്വേഷണവും യഥാര്‍ഥ വിഷയങ്ങളിലേക്ക് കടക്കാതെ വെണ്ണപ്പാളി പോലെ പുറമേ മാത്രമാണ് അന്വേഷണം. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങള്‍ പല കോണുകളില്‍ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
നവീന്‍ ബാബുവിനെ കുറ്റക്കാരനാക്കി കേസ് തേച്ചുമാച്ചുകളയാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് സത്യം പുറത്തുവരാന്‍, സിബിഐ അന്വേഷണം തേടി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.