കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോള്‍ തല കറങ്ങി താഴെ വീണുണ്ടായ പരിക്കെന്ന് ആവര്‍ത്തിക്കുന്ന ഷെമി; അഫ്‌സാനെ കാണാന്‍ കൊതിക്കുന്ന മാതൃത്വം; മകന്‍ പരീക്ഷയ്ക്ക് പോയെന്ന് ഭാര്യയോട് കള്ളം പറയുന്ന റഹിം; വെഞ്ഞാറമൂട്ടിലെ ദുരന്തം ഇനിയും ഷെമി അറിഞ്ഞിട്ടില്ല; കട ബാധ്യതയില്‍ അഫാന്‍ ക്രൂരനായെന്ന് സ്ഥിരീകരിച്ച് പോലീസും; അമ്മയെ അഫാന്‍ ചുറ്റികയ്ക്ക് അടിച്ചിരുന്നില്ല
തിരുവനന്തപുരം: അഫാനെതിരെ മൊഴി കൊടുക്കാതെ അമ്മ ഷെമി. അഫാന്റെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ കഴിയുന്ന അമ്മ ഷെമിയെ കൂട്ടക്കൊലപാതകം സംബന്ധിച്ച വിവരം അറിയിച്ചിട്ടില്ല. അഫാന്‍ കുറ്റം സമ്മതിച്ചു കീഴടങ്ങിയതും പറഞ്ഞിട്ടില്ല. താന്‍ കട്ടിലില്‍ നിന്ന് വീണുവെന്നാണ് അമ്മ ഇപ്പോഴും പറയുന്നത്. അഫ്‌സാന്‍ എവിടെയാണ്?' വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയ ഭര്‍ത്താവ് അബ്ദുള്‍ റഹീമിനെ കണ്ടതും ഷെമി ചോദിച്ചതും ഇതു മാത്രമായിരുന്നു. 'മകനെ കണ്ടിരുന്നു, അവന്‍ പരീക്ഷയ്ക്ക് പോയിരിക്കുകയാണ്' എന്നായിരുന്നു റഹിം നല്‍കിയ മറുപടി. കട്ടിലില്‍നിന്ന് വീണുപരിക്കേറ്റെന്നാണ് റഹീമിനോടും ഷെമി പറഞ്ഞത്. തനിക്കു മാത്രമാണു പരുക്കേറ്റതെന്ന ചിന്തയില്‍ കഴിയുന്ന ഷെമി, അഫാനാണ് ആക്രമിച്ചതെന്നും സമ്മതിച്ചിട്ടില്ല. കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോള്‍ തലകറങ്ങി താഴെ വീണുണ്ടായ പരുക്കാണെന്നാണു ഷെമി പറയുന്നത്. ഷെമിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ രാത്രി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയിരുന്നു.
ഏഴുവര്‍ഷത്തിനുശേഷമാണ് അബ്ദുള്‍ റഹീം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 7.45-ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളെ ഒഴിവാക്കി ഇരുപത് മിനിറ്റോളം ഐ.സി.യു.വില്‍ ഷെമിക്കൊപ്പം ഇരുന്നു. റഹീമിനെ കണ്ടയുടന്‍ ഷെമി തിരിച്ചറിഞ്ഞതായും കൈയില്‍ പിടിക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ കൂട്ടക്കൊലയില്‍ പോലീസ് ചില സ്ഥിരീകരണങ്ങള്‍ നല്‍കുന്നുണ്ട്. കടബാധ്യത മൂലം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ ആദ്യം ആലോചിച്ചത് കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്യാനാണെന്നത് സ്ഥിരീകരിക്കുകയാണ് പോലീസ്. ആത്മഹത്യാ ശ്രമം വിജയിക്കാന്‍ സാധ്യതയില്ലെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അഫാന്‍ പൊലീസിനു മൊഴി നല്‍കി. കടം നല്‍കിയവര്‍ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും തലേന്നും ചിലര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും അഫാന്‍ വെളിപ്പെടുത്തിയതായി റൂറല്‍ എസ്പി: കെ.എസ്.സുദര്‍ശന്‍ പറഞ്ഞു. ഇതാകാം പ്രകോപനമെന്നാണു പൊലീസിന്റെ നിഗമനം. അഫാനെ ഫോണില്‍ വിളിച്ചവരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്. ഇവരെയും ചോദ്യംചെയ്യും.
എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഫാനെ അവിടെയുള്ള പൊലീസ് സെല്ലിലേക്കു മാറ്റി. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണിത്. മറ്റു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും. വെഞ്ഞാറമൂട് കൂട്ടക്കുരുതി കേസിലെ പ്രതി അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതിയില്‍ മാറ്റം വന്നതോടെ സംസാരിച്ചു തുടങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ലെങ്കിലും ബോധം വന്നപ്പോള്‍ മുതല്‍ മക്കളെ കുറിച്ച് മാത്രമാണ് ഷെമി സംസാരിക്കുന്നത്. ആദ്യം ബോധം തെളിഞ്ഞപ്പോഴും ഇളയമകന്‍ അഫ്‌സാന്‍ എവിടെയെന്ന് ഷെമി ചോദിച്ചതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് വന്നപ്പോഴും ഇതു തന്നെയാണ് പറഞ്ഞത്. ഷെമിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൂര്‍ണമായും അപകടനില തരണം ചെയ്തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലിസിന് മൊഴി നല്‍കാന്‍ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
തലയില്‍ മുറിവുകളുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാന്‍ സാധിക്കില്ല. കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോള്‍ ബന്ധുക്കളെ അന്വേഷിച്ചെന്നും, തലച്ചോറിലെ നീര് കുറഞ്ഞു വരുന്നതായും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഉമ്മ ഷെമി മാത്രമായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ അര്‍ബുദ രോഗികൂടിയായ ഷെമി മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയത്. എന്നാല്‍ പൊലിസ് വീട്ടിലെത്തിയപ്പോള്‍ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം വെള്ളി രാവിലെ 7.30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഭാര്യ ഷെമി ചികിത്സയില്‍ കഴിയുന്ന ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.
ഏഴു വര്‍ഷത്തിനുശേഷം ഭര്‍ത്താവിനെ കണ്ട ഷെമി വിങ്ങിപ്പൊട്ടി. ഇളയമകന്‍ അഫ്‌സാനെ കണ്ടോയെന്നായിരുന്നു ഷെമി അവ്യക്തമായി റഹീമിനോട് ആദ്യം ചോദിച്ചത്. ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് ഇടറിയ ശബ്ദത്തില്‍ റഹീം പറഞ്ഞു. അരമണിക്കൂറോളം ഷെമിക്കരികില്‍ കഴിഞ്ഞശേഷം, പ്രിയപ്പെട്ട കുടുംബാംഗങ്ങളെ ഖബറടക്കിയ പാങ്ങോട് മുസ്ലിം ജമാഅത്തില്‍ എത്തി. 'മോനേ നിന്നെ ഇങ്ങനെ കാണാനല്ല ഞാന്‍ കൊതിച്ചത്... ' ഇളയമകന്‍ അഫ്സാന്റെ ഖബറിന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കും പള്ളിക്കമ്മിറ്റിക്കാര്‍ക്കും റഹിമിനെ ആശ്വസിപ്പിക്കാനായില്ല. മറ്റുള്ളവരുടെ ഖബറിനരികെ എത്തുമ്പോഴും റഹിമിന് കരച്ചില്‍ അടക്കാനായില്ല. കൂട്ടക്കൊലകളെക്കുറിച്ച് ഏറ്റുപറഞ്ഞ ശേഷമാണ് സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചപ്പോള്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും അഫാന്‍ പറഞ്ഞു. പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പിതൃസഹോദരന്‍ ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രതി പറഞ്ഞു. ലത്തീഫിനെ കൊന്ന വിവരം പുറത്തറിയുമെന്നതിനാലാണ് കൊല്ലേണ്ടിവന്നതെന്നാണ് മൊഴി. അമ്മ ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിയാത്തതിനാലാണ് അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയത്. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോള്‍ സല്‍മാബീവിയെ കണ്ടയുടനെ തലയ്ക്ക് അടിക്കുകയായിരുന്നു. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഷെമിയാണെന്ന് സല്‍മാബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. അമ്മയെ സ്ഥിരമായി കുറ്റം പറയുന്നത് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് അഫാന്‍ പറയുന്നത്.