യാത്രാ വിലക്കില്‍ ഇളവ് നല്‍കി ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി; പിന്നാലെ താലിബാന്‍ വിദേശകാര്യ മന്ത്രിയും സംഘവും ഇന്ത്യയിലേക്ക്; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചതും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചതും നിര്‍ണായകമായി; ഇന്ത്യ - അഫ്ഗാന്‍ ബന്ധം പുതിയ മാനങ്ങളിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ നിര്‍ണായക നീക്കം
ഇന്ത്യ - അഫ്ഗാന്‍ ബന്ധം പുതിയ മാനങ്ങളിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ബന്ധം വീണ്ടും പുതിയ തലത്തിലേക്ക്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുത്തഖിയുടെ സന്ദര്‍ശനം അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മെയ് 15 ന് മുത്തഖിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആശയവിനിമയമായിരുന്നു അത്.
ഓപ്പറേഷന്‍ സിന്ദൂറിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ മുത്തഖിയുമായി സംഭാഷണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ താലിബാന്‍ അപലപിച്ചതിനെ ജയശങ്കര്‍ അഭിനന്ദിക്കുകയും മുന്‍പോട്ടുള്ള സൗഹൃദം ആവര്‍ത്തിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തീവ്രവാദ നീക്കങ്ങളില്‍ ഇന്ത്യയും അഫ്ഗാനും ഒരേ നിലപാടാണെന്നും അന്നത്തെ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം അഫ്ഗാനുള്ള സഹായം ഇന്ത്യ വര്‍ധിപ്പിച്ചു. ഊര്‍ജ്ജ സഹായം മുതല്‍ അടിസ്ഥാന സൗകര്യ സഹകരണം വരെയുള്ള ആവശ്യങ്ങള്‍ താലിബാന്‍ ഭരണകൂടം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇന്ത്യ അഫ്ഗാനിസ്ഥാന് ഏകദേശം 50,000 ടണ്‍ ഗോതമ്പ്, 330 ടണ്ണിലധികം മരുന്നുകളും വാക്‌സിനുകളും, 40,000 ലിറ്റര്‍ കീടനാശിനികള്‍ എന്നിവ കൂടാതെ മറ്റ് അവശ്യവസ്തുക്കളും വിതരണം ഇന്ത്യ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താലിബാന്‍ ഭരണകൂടത്തിലെ സുപ്രധാന സംഘം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.
നാലു വര്‍ഷം മുന്‍പ് അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യ അഫ്ഗാന്‍ ഉന്നതതല സംഘമാണ് ഇന്ത്യയിലേക്കെത്തുന്നത്. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി (യുഎന്‍എസ്സി) ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുന്നതിനാല്‍, കഴിഞ്ഞ മാസം ന്യൂഡല്‍ഹി സന്ദര്‍ശിക്കാനിരുന്ന മുത്തഖിയുടെ യാത്ര റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 30-ന്, യാത്രാ വിലക്കില്‍ യുഎന്‍എസ്സി ഇളവ് നല്‍കി. ഇതനുസരിച്ച് ഒക്ടോബര്‍ 9 മുതല്‍ 16 വരെ മുത്തഖിക്ക് ന്യൂഡല്‍ഹി സന്ദര്‍ശിക്കാമെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചകളുടെ ഏഴാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ മുത്തഖി ഒക്ടോബര്‍ 6 ന് മോസ്‌കോയിലേക്ക് പോകുമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ താലിബാന്‍ നേതാക്കള്‍ക്കെല്ലാം യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിദേശയാത്രകള്‍ക്ക് അവര്‍ പ്രത്യേക ഇളവ് നേടേണ്ടതുണ്ട്. അതേസമയം ഇന്ത്യ ഇതുവരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല, കാബൂളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ജനുവരിയില്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുത്തഖിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം താലിബാന്‍ ഭരണകൂടം ഇന്ത്യയെ ഒരു 'പ്രധാനപ്പെട്ട' പ്രാദേശിക, സാമ്പത്തിക ശക്തിയായി വിശേഷിപ്പിച്ചിരുന്നു. ഇന്ത്യ ഗോതമ്പും മരുന്നുകളും ഉള്‍പ്പെടെ നിരവധി മാനുഷിക സഹായം അഫ്ഗാനിസ്താനിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അഫ്ഗാനിസതാന് തടസ്സമില്ലാത്ത സഹായം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. 2022 ജൂണില്‍, അഫ്ഗാന്‍ തലസ്ഥാനത്തെ എംബസിയില്‍ ഒരു 'സാങ്കേതിക സംഘത്തെ' നിയോഗിച്ചുകൊണ്ട് ഇന്ത്യ കാബൂളില്‍ തങ്ങളുടെ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചിരുന്നു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം സുരക്ഷാ ആശങ്കകളെത്തുടര്‍ന്നാണ് ഇന്ത്യ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്.
മാസങ്ങളായി ഇന്ത്യന്‍ നയതന്ത്ര അധികൃതര്‍ ഈ നിമിഷത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ജെ.പി. സിങ്ങും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ മുത്തഖിയുമായും മറ്റ് താലിബാന്‍ നേതാക്കളുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ദുബായില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചകള്‍. അഫ്ഗാന്റെ ആരോഗ്യമേഖലയ്ക്കായും അഭയാര്‍ഥി പുനരധിവാസത്തിനായും ഇന്ത്യ നല്‍കുന്ന സഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച സന്ദര്‍ശനം പാക്കിസ്ഥാനുള്ള അടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാബൂളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം 80,000-ത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ഇസ്ലാമാബാദിന്റെ തീരുമാനം താലിബാനുമായുള്ള ബന്ധം വഷളാക്കി, ഇത് ഇന്ത്യക്ക് കൂടുതല്‍ ശക്തമായി ഇടപെടാനുള്ള ഇടം നല്‍കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ സന്ദര്‍ശനം തന്ത്രപരമായ ഒരു ചൂതാട്ടമാണ്. താലിബാന്‍ സര്‍ക്കാരുമായി നേരിട്ട് ഇടപെടുന്നത് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കാനും, മേഖലയില്‍ നിന്ന് ഉയരുന്ന ഭീകര ഭീഷണികളെ തടയാനും, ചൈന, പാക്കിസ്ഥാന്‍ സ്വാധീനങ്ങളെ പ്രതിരോധിക്കാനും ഇന്ത്യക്ക് അവസരം നല്‍കുന്നു.