ഇസ്രായേലിനെ ലക്ഷ്യമിട്ട് യെമനില്‍ നിന്നും മിസൈല്‍; ഹൂതികള്‍ തൊടുത്തതെന്ന് സൂചന; അയേണ്‍ ഡോം പ്രതിരോധിച്ചെന്ന് ഐ.ഡി.എഫ്; ഇന്ത്യന്‍ പൗരന്മാര്‍ ലബനന്‍ യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി
ഇസ്രായേലിനെ ലക്ഷ്യമിട്ട് യെമനില്‍ നിന്നും മിസൈല്‍
തെല്‍ അവീവ്: ലെബനനില്‍ ആക്രമണത്തിന് കടന്നാക്രമണത്തിന് തയ്യാറെടുക്കുന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി കൂടുതല്‍ കനക്കുകയാണ്. ഇതിനിടെ ഇസ്രായേലിന് നേരെ യെമനില്‍ നിന്നും മിസൈല്‍ ആക്രമണം വരെ എത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ചുവെന്നും പ്രതിരോധസേന അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തലസ്ഥാനമായ ടെല്‍ അവീവില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു.
അതേസമയം, രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് തന്നെ മിസൈലിനെ പ്രതിരോധിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. മിസൈല്‍ നിര്‍വീര്യമാക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങള്‍ വീണ് 17കാരിക്ക് നിസാര പരിക്കേറ്റുവെന്നും ഇസ്രായേല്‍ പ്രതിരോധസേന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ യെമനില്‍ നിന്നുള്ള ഹൂതികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം വക്താവ് നടത്തുമെന്നാണ് ഹൂതികള്‍ അറിയിക്കുന്നത്. മുതിര്‍ന്ന ഹിസ്ബുല്ല നേതാവിനെ കൊലപ്പെടുത്തിയതിന്റെ മറുപടിയായാണ് ഹൂതികളുടെ ആക്രമണം വിലയിരുത്തുന്നത്. ഹൂതികള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ഉള്‍പ്പടെ ഹിസ്ബുല്ല വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം.
അതേസമയം ഇസ്രായേല്‍ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലബനനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. വ്യോമാക്രമണങ്ങളും ആശയവിനിമയ ഉപകരണങ്ങളില്‍ സ്ഫോടനങ്ങളും ഉണ്ടായ സംഭവത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ബെയ്റൂത്തിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്.
ലബനനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നും അങ്ങേയറ്റം ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എംബസി ബുധനാഴ്ച അറിയിപ്പില്‍ പറഞ്ഞു. നേരത്തേ ബ്രിട്ടനും തങ്ങളുടെ പൗരന്മാര്‍ക്ക് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
cons.beirut@mea.gov.in എന്ന ഇ-മെയില്‍ വഴിയോ +96176860128 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും എംബസി പറഞ്ഞു. ലബനനില്‍ ഇസ്രായേല്‍ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തില്‍ കുറഞ്ഞത് 558 മരണങ്ങളെങ്കിലും ഉണ്ടായതായി ലബനീസ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇതിനിടെ ലബനാനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി ഫ്രാന്‍സ് രംഗത്തുവന്നിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ രണ്ടാം ദിവസമാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സിവിലിയന്മാരെ സംരക്ഷിക്കാനും മേഖലയില്‍ യുദ്ധം വ്യാപിപ്പിക്കുന്നത് തടയാനും നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു.
ലബനാനില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് യു.എസിന്റേയും ഫ്രാന്‍സിന്റേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ലബനാന്‍ വിഷയത്തില്‍ യു.എന്‍ അടിയന്തര രക്ഷാസമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് ഗസ്സയില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ആസ്‌ട്രേലിയ, കാനഡ, യുറോപ്യന്‍ യൂണിയന്‍, ജര്‍മ്മന, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ എട്ട് മുതല്‍ ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘര്‍ഷമാവാന്‍ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേല്‍, ലബനാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിര്‍ത്തികളിലുള്ള ജനങ്ങള്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളേയും ഞങ്ങള്‍ വിളിക്കും. ഇസ്രായേല്‍, ലബനാന്‍ സര്‍ക്കാറുകളുമായി സംസാരിക്കും. ഉടന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം തള്ളുന്ന നിലപാടാണ് ഇസ്രായേല്‍ കൈക്കൊണ്ടിരിക്കുന്നത്.