തകര്‍ന്നു വീണ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ യുകെ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ആര് നായര്‍; യുകെ മലയാളിയെന്നു സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചവരുടെ ലിസ്റ്റില്‍; 8500 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള പൈലറ്റ് മുതിര്‍ന്ന ജീവനക്കാരന് തന്നെ; അപകടത്തില്‍ പെട്ടത് നിത്യവും സര്‍വീസ് നടത്തുന്ന വിമാനം
മരിച്ചവരില്‍ യുകെ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ആര് നായര്‍
ലണ്ടന്‍: ഞെട്ടിക്കുന്ന വിവരങ്ങളുമായാണ് തകര്‍ന്നു വീണ അഹമ്മദാബാദ് - ഗാറ്റ്വിക് എയര്‍ ഇന്ത്യ സര്‍വീസിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും അനുനിമിഷം ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലണ്ടിലേക്കുള്ള വിമാനം ആണെന്നതിനാല്‍ യുകെയില്‍ മലയാളികളും ഏറെ വിഹല്വതയോടെയാണ് വാര്‍ത്തകള്‍ വീക്ഷിക്കുന്നത്. വിമാനദുരന്തത്തില്‍ യുകെ മലയാളിയായ ഒരു നഴ്സ് മരണപ്പെട്ടുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പത്തനംതിട്ട തിരുവല്ലയിലെ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്.നായര്‍ (39) ആണ് മരിച്ചത്. ഒമാനില്‍ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയില്‍ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍നിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.
ഇതോടെ എയര്‍ ഇന്ത്യ പുറത്തു വിട്ട യാത്രക്കാരുടെ ലിസ്റ്റ് സൂക്ഷ്മ പരിശോധന നടത്തുകയാണ് മാധ്യമങ്ങളും വിമാനത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ളവരുടെ കുടുംബങ്ങളും. ഇതുവരെ ലഭ്യമായ സൂചനയില്‍ രണ്ടു പേരെങ്കിലും മലയാളികള്‍ ആണെന്ന സൂചനയാണ് പുറത്തുവരുന്നത്. ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയും ആണെന്നു പാസഞ്ചര്‍ ലിസ്റ്റ് വ്യക്തമാക്കുന്നു. ഇന്ന് വൈകുന്നേരം ഗാറ്റ്വികില്‍ ഇറങ്ങേണ്ട വിമാനത്തിലെ യാത്രക്കാരുടെ കുടുംബങ്ങളില്‍ പലരും ഇപ്പോഴും വിമാനം തകര്‍ന്നു വീണ വിവരം അറിഞ്ഞിട്ടുമില്ല.
അതേസമയം വിമാനം പറത്തിയിരുന്നത് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പൈലറ്റ് കാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആയിരുന്നു എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. അന്തരാഷ്ട്ര സര്‍വീസില്‍ 8500 മണിക്കൂര്‍ പറന്നു പരിചയമുള്ള സുമീതിന്റെ സീനിയര്‍ പൈലറ്റിന്റെ റോളും ആയിരുന്നു. അതിനാല്‍ പൈലറ്റിന്റെ പരിചയക്കുറവെന്ന നിഗമനത്തിലേക്ക് എത്താന്‍ ഉള്ള സാധ്യത അടയുകയാണ്. സഹ പൈലറ്റ് ക്ളൈവ് കുണ്ടറും 1100 മണിക്കൂര്‍ പറന്നു പരിചയമുള്ള വൈമാനികനാണ്. ഇതോടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചു എന്ന നിഗമനത്തിലേക്കാണ് ഇപ്പോള്‍ എത്താനാകുന്നത്. സ്ഥിരമായി എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഈ വിമാനത്തിന്റെ പഴക്കം സംബന്ധിച്ചും കാര്യമായ ചോദ്യം ഉയരുന്നില്ല.