വനിത എസ്.ഐമാര്‍ക്കെതിരെ സ്വന്തം നിലയില്‍ വിനോദ് കുമാര്‍ 'അന്വേഷണ'വുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതും എച്ച് വെങ്കിടേഷിനെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയോടും പൊളിട്ടിക്കല്‍ സെക്രട്ടറിയോടും പരാതി പറഞ്ഞത് തെളിവ് സഹിതം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാറിന് ക്രമസമാധാനം പോയത് ഇങ്ങനെ

Update: 2025-09-27 03:16 GMT

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി സ്ഥാനത്തുനിന്ന് വി.ജി.വിനോദ്കുമാര്‍ തെറിച്ചതിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എ.ഡി.ജി.പി (ക്രമസമാധാനം) എച്ച്. വെങ്കിടേഷിന്റെ അതൃപ്തിയാണ് ഇതിന് കാരണമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതിന്റെ കാര്യങ്ങളും പുറത്തേക്ക വരുന്നു. തന്റെ ഓഫിസിലെ പല വിവരങ്ങളും ചോരുകയാണെന്നും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന വിനോദ് കുമാറിനെ ഒഴിവാക്കാതെ മുന്നോട്ടുപോകാനില്ലെന്നും ക്രൈംബ്രാഞ്ച് മേധാവികൂടിയായ എച്ച്. വെങ്കിടേഷ് സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ച പശ്ചാത്തലത്തിലാണ് വിനോദിനെ നീക്കിയതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവരസാങ്കേതിക വിനിമയ എസ്.പിയായാണ് പുനര്‍ നിയമനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് വിനോദ് കുമാറിനെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റുന്നത്. ആറന്മുള പോക്‌സോ അട്ടിമറി കേസില്‍ പത്തനംതിട്ട എസ്.പിയായിരുന്ന വിനോദ് കുമാറിന് വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ 24ന് എസ്.പി സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയാക്കിയത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോള്‍ വിനോദിനെ പൊലീസ് ആസ്ഥാനത്ത് സുപ്രധാന തസ്തികയില്‍ നിയമിച്ചതിന് പിന്നില്‍ ബാല്യകാല സുഹൃത്തുകൂടിയായ ഒരു മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. മന്ത്രി വാസവന് എതിരെയാണ് ആരോപണങ്ങള്‍ നീണ്ടത്. അതിനിടെ വിനോദ് കുമാറിനെ പത്തനംതിട്ടയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ രണ്ട് വനിതാ എസ്.ഐമാര്‍ ഇദ്ദേഹത്തിനെതിരെ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കി. അര്‍ധരാത്രി ഫോണിലേക്ക് മോശം വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കുന്നുവെന്നും എസ്.പിക്കെതിരെ പോഷ് ആക്ട് പ്രകാരം കേസ് എടുക്കണമെന്നുമായിരുന്നു ആവശ്യം.

പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി റേഞ്ച് ഡി.ഐ.ജി റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് നല്‍കി. റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ എസ്.പി മെറിന്‍ ജോസഫ് അന്വേഷിക്കുകയാണ്. മൊഴിയെടുപ്പുകള്‍ പൂര്‍ത്തിയായെങ്കിലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ പരാതിക്കാരായ വനിത എസ്.ഐമാര്‍ക്കെതിരെ സ്വന്തം നിലയില്‍ വിനോദ് കുമാര്‍ 'അന്വേഷണ'വുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതുമാണ് എച്ച്. വെങ്കിടേഷിനെ പ്രകോപിപ്പിച്ചതെന്നാണ് മാധ്യമത്തിലെ വാര്‍ത്ത. എത്രയൊക്കെ റിപ്പോര്‍ട്ടുകള്‍ എതിരായി ചെന്നാലും വിനോദിനെതിരേ മാത്രമായി ഒരു നടപടിയുണ്ടാകില്ല. മറ്റ് സ്ഥലം മാറ്റങ്ങളുടെ കൂട്ടത്തില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്. പത്തനംതിട്ട എസ്.പിയായിരിക്കുമ്പോള്‍ വിനോദിനെ സ്ഥലം മാറ്റണമെന്ന് റേഞ്ച് ഡിഐജി അജിതാ ബീഗം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിനോദ് തന്റെ രക്ഷകനായ മന്ത്രി വാസവനെ ചെന്ന് കണ്ട് ഒറ്റയ്ക്ക് മാറ്റുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. അങ്ങനെയാണ് അന്ന് മറ്റ് ട്രാന്‍സ്ഫറുകള്‍ക്കൊപ്പം വിനോദ്കുമാറിനെയും മാറ്റിയത്. ഇന്നലെയും അതാണ് സംഭവിച്ചത്. പുറത്തുള്ളവര്‍ക്ക് ഇതൊരു അച്ചടക്ക നടപടി പോലെ തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഒരുമിച്ചുള്ള മാറ്റത്തിന്റെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ കോയിപ്രം കസ്റ്റഡി മര്‍ദനം, ആറന്മുള പോക്സോ അട്ടിമറി, വനിതാ എസ്ഐയുടെ പോക്സോ കേസ് അട്ടിമറി, ശബരിമലയിലേക്കുള്ള എഡിജിപിയുടെ ട്രാക്ടര്‍ യാത്ര, റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ കരിക്കിനേത്ത് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശ്രമം നടത്തി തുടങ്ങി ഒരു പാട് സംഭവങ്ങളില്‍ ആരോപണ വിധേയനായിരുന്നു. ആറന്മുള പോക്സോ അട്ടിമറി, കോയിപ്രം കസ്റ്റഡി മര്‍ദനം അട്ടിമറി എന്നിവയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. രണ്ട് സംഭവങ്ങളിലും റാങ്കില്‍ വിനോദിനേക്കാള്‍ കുറഞ്ഞ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയിരുന്നു. ഒരാള്‍ നോണ്‍ ഐപിഎസ് എസ്പിയും മറ്റൊരാള്‍ ഡിവൈ.എസ്.പിയുമാണ്. രണ്ടു പേരും ക്രൈംബ്രാഞ്ചില്‍ നിന്നാണ്. ഇതേ ക്രൈംബ്രാഞ്ച് എഡിജിപി ക്രമസമാധാന ചുമതല കൂടി വഹിക്കുന്ന ഓഫീസില്‍ എഐജി എന്ന തന്ത്രപ്രധാന പോസ്റ്റിലാണ് വി.ജി. വിനോദ്കുമാര്‍ ഇരുന്നത്. അതായത് തനിക്കെതിരായ ഏത് റിപ്പോര്‍ട്ടും ആദ്യമെത്തുന്നത് ഇദ്ദേഹത്തിന് തന്നെയാണ്. ആവശ്യമെങ്കില്‍ നോട്ടീസ് കൊടുത്ത് വിളിപ്പിക്കാനും ഇദ്ദേഹത്തിന് കഴിയും. അതു കൊണ്ടു തന്നെയാണ് തനിക്കെതിരായ വനിത എസ്.ഐമാരുടെ മൊഴിയും ഇദ്ദേഹത്തിന് ലഭിച്ചതും അതൊാരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്തയായതും. ഇക്കാര്യം മറുനാടന്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് മാറിയതിന് ശേഷമാണ് വനിതാ എസ്ഐമാര്‍ അദ്ദേഹത്തിന് എതിരേ പരാതി നല്‍കിയത്. അസമയത്ത് പഴ്സണല്‍ ഫോണിലേക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നും എസ്പിക്കെതിരേ പോഷ് ആക്ട് പ്രകാരം കേസ് എടുക്കണമെന്നുമായിരുന്നു ആവശ്യം. ഈ പരാതിയിന്മേല്‍ മൊഴിയെടുപ്പ് മാത്രം നടന്നു. തുടര്‍ നടപടി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, തന്റെ പദവി ഉപയോഗിച്ച് വിനോദ്കുമാര്‍ പരാതിക്കാരെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരുവല്ലയില്‍ സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ തന്റെ ഡ്രൈവറുടെ മൊഴി വാങ്ങി കേസെടുപ്പിച്ചതും വിവാദമായിരുന്നു. അപകടത്തില്‍പ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്ന് മനസിലാക്കിയാണ് അത്തരമൊരു നീക്കം നടത്തിയത്. ഇത് ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിച്ചു വരികയാണ്. വി.ജി. വിനോദ്കുമാറിനെതിരായ ഒരു ആഭ്യന്തര അന്വേഷണത്തിലും ഇതു വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തിനെതിരേ റിപ്പോര്‍ട്ട് അയയ്ക്കാന്‍ ഭയമുണ്ട്. മന്ത്രി വാസവന്റെ സംരക്ഷണമാണ് വിനോദ്കുമാറിനെ എല്ലാ വിഷയങ്ങളിലും നിന്ന് രക്ഷപ്പെടുത്തുന്നതെന്നത് പരസ്യമായ രഹസ്യമാണ്.

Tags:    

Similar News