ഒരു സെക്കന്‍ഡ് ഇടവേളയില്‍ കോക്പിറ്റിലെ രണ്ട് ഫ്യുവല്‍ സ്വിച്ചും ഓഫായി; കൈകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയില്ല; വൈദ്യുത സ്രോതസുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ സഹായിക്കുന്ന റാറ്റ് ഓണ്‍ ചെയ്തതും പൈലറ്റുമാര്‍; അഹമ്മദബാദില്‍ വിമാനം മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകള്‍; പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലവിധ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടത്. അഹമ്മദാബാദില്‍നിന്ന് പറന്നുയര്‍ന്ന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ 'റണ്‍' എന്ന നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ആ സ്വിച്ച് ആരെങ്കിലും മനഃപൂര്‍വം ഓഫാക്കിയതാണോ എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. എന്താണ് ആ ദിവസം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകൂ.
വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫാക്കിയതാണ് അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വിച്ച് ആരെങ്കിലും മനഃപൂര്‍വം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയില്‍വരും. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്ന് വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റാം എയര്‍ ടര്‍ബൈന്‍ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ തള്ളിക്കളയുന്നത്.
എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തന രഹിതമാകുമ്പോള്‍ മാത്രം വിമാനത്തിന്റെ അടിയില്‍ നിന്ന് പുറത്തെത്തി കാറ്റില്‍ കറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഉപകരണമാണ് റാറ്റ്. വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ ഇത് സഹായിക്കും. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവര്‍ത്തിക്കുക. ഓക്സിലിയറി പവര്‍ യൂണിറ്റും വിമാനത്തിന് ഊര്‍ജം നല്‍കേണ്ട ബാറ്ററി യൂണിറ്റും പ്രവര്‍ത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഒന്നാം എന്‍ജിന്റെ ഇന്ധന സ്വിച്ച് ഓണ്‍ചെയ്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓക്സിലിയറി പവര്‍ യൂണിറ്റ് (എപിയു) പ്രവര്‍ത്തനക്ഷമമായെന്ന് കണ്ടെത്തിയിട്ടുണ്ട്. എപിയു പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ റാറ്റ് സ്വയം പുറത്തുവരില്ല. പൈലറ്റാകും റാറ്റ് ഓണ്‍ ചെയ്തിട്ടുണ്ടാകുക. പൈലറ്റ് മനപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയില്ല എന്നതിന് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ധനം നിലച്ചത് എങ്ങനെ?
കൃത്യമായി ഉറച്ചിരിക്കാന്‍ സ്പ്രിങ് സംവിധാനത്തോടെയാണ് ഇന്ധന സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അബദ്ധവശാല്‍ താഴില്ല. മുകളിലേക്ക് വലിച്ചു പൊക്കിയതിനുശേഷമാണ് താഴേക്ക് താഴ്ത്തേണ്ടത്. സ്വിച്ച് ട്രിപ്പായത് തിരിച്ചറിഞ്ഞ് പൈലറ്റുമാര്‍ 10 സെക്കന്‍ഡിനുള്ളില്‍ ഓഫ് എന്ന നിലയില്‍നിന്നും റണ്‍ എന്ന നിലയിലേക്കു സ്വിച്ചുകളെ മാറ്റി. വിമാനം പറന്നു പൊങ്ങുന്ന ഘട്ടത്തിലായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയശേഷം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ 30 സെക്കന്‍ഡ് എങ്കിലും എടുക്കും. ഇതാണ് വിമാനം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണമായത്.
റണ്‍വേയില്‍ ടേക്ക് ഓഫ് വേഗം കൈവരിക്കുന്നതില്‍ പിഴവ് വന്നിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. സോഫ്റ്റുവെയറാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്‍ജിനിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ച് ഓഫ് ആയാല്‍ പൈലറ്റ് ഇന്‍ കണ്‍ട്രോള്‍ സഹപൈലറ്റിനോട് സ്വാഭാവികമായും കാരണം ചോദിക്കും. ആരെങ്കിലും ഓഫ് ചെയ്തതതാണോയെന്ന് അദ്ദേഹത്തിന് തോന്നാം. എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ച് പൈലറ്റ് ഓഫ് ചെയ്യുമെന്ന് കരുതാനാകില്ല. അത് ആത്മഹത്യാപരമാണെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ട് ഈജിപ്ഷ്യന്‍ പൈലറ്റ് ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ എയര്‍ഇന്ത്യയില്‍ അങ്ങനെ സംഭവിച്ചതായി കാണാനാകില്ല.
സ്വിച്ച് ഓഫ് ആയത് തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ നാല് സെക്കന്‍ഡിനുള്ളില്‍ രണ്ടും സ്വിച്ചും ഓണ്‍ ആക്കി. മാനുവലായി സ്വിച്ച് ഓണാക്കാന്‍ 4 സെക്കന്‍ഡ് വേണം. അപ്പോള്‍ ഒരു സെക്കന്‍ഡ് കൊണ്ട് ഓഫാക്കി എന്നു പറയുന്നതില്‍ അര്‍ഥമില്ല. എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇന്‍ കണ്‍ട്രോള്‍ സ്വിച്ച് ഓഫ് ചെയ്തോ എന്നു ചോദിച്ചപ്പോള്‍ സഹപൈലറ്റ് ഉടനെ തന്നെ ഇല്ലെന്നും പറഞ്ഞിട്ടുണ്ട്.
പൈലറ്റുമാര്‍ പരിചയ സമ്പന്നര്‍
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറത്തിയ പൈലറ്റുമാര്‍ പരിചയ സമ്പന്നരായിരുന്നു. പൈലറ്റ് ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ എയര്‍ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ബോയിങ് 787 ഡ്രീംലൈനര്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു. പറക്കല്‍ പരിചയം 8,200 മണിക്കൂറുള്ള അദ്ദേഹം ശാന്തനും സുരക്ഷയ്ക്കു മുന്‍ഗണന കൊടുക്കുന്നയാളുമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കോ-പൈലറ്റ് ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദര്‍ മംഗളൂരു സ്വദേശിയാണ്. പറക്കല്‍ പരിചയം 1,100 മണിക്കൂര്‍. ഫ്‌ലോറിഡയിലെ പാരിസ് എയര്‍ ഇന്‍ക് ഫ്‌ലൈറ്റ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം.
സാങ്കേതിക തകരാര്‍?
എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന കോക്പിറ്റിലെ ഫ്യുവല്‍ സ്വിച്ചിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാകും അഹമ്മദാബാദിലെ എയര്‍ഇന്ത്യ വിമാന ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി.മാക്സിസ് പറയുന്നത്. ഒരു സെക്കന്‍ഡ് ഇടവേളയില്‍ രണ്ട് സ്വിച്ചും ഓഫായി. പൈലറ്റിന് ഒരു സെക്കന്‍ഡ് സമയത്തില്‍ മാനുവലി അങ്ങനെ ചെയ്യാന്‍ കഴിയില്ല. സാങ്കേതിക തകരാര്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ബോയിങ് മുഖവിലയ്ക്കെടുത്തില്ലെന്നും മാക്സിസ് പറഞ്ഞു.
മുന്‍പ് ജപ്പാന്‍ വിമാനത്തിന്റെ, എന്‍ജിനിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ചും തകരാറിലായിരുന്നു. അതു നിലത്തുവച്ചായിരുന്നു. ബോയിങ് കമ്പനിയുടേതായിരുന്നു വിമാനം. നിരവധി തരാറുകള്‍ ബോയിങ് വിമാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സോഫ്റ്റുവെയര്‍ പരിഷ്‌ക്കരിക്കണമെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശമുണ്ടായിരുന്നു. അത് ബോയിങ് നടപ്പിലാക്കിയില്ല.
എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നതിനു ശേഷമുള്ള വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിന് നല്ല വേഗം ഉണ്ടെങ്കില്‍ എന്‍ജിന്‍ ഇടയ്ക്കു കട്ടായാലും വീണ്ടും പറത്താനാകും. അന്വേഷണം നടത്തിയവര്‍ ആദ്യം എന്‍ജിന്റെ പ്രവര്‍ത്തനം പരിശോധിക്കണമായിരുന്നു. എന്‍ജിന്റെ പ്രവര്‍ത്തനം സെക്കന്‍ഡുകള്‍ അനുസരിച്ച് വിലയിരുത്തിയാലേ പ്രശ്നം മനസ്സിലാകൂ. ഇപ്പോഴത്തെ കണ്ടെത്തല്‍ പൈലറ്റുമാര്‍ക്കു നേരെ സംശയമുണ്ടാക്കുന്നതാണെന്നും മാക്സിസ് പറയുന്നു.
അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കണം
അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിര്‍ദേശം. അപകടത്തെക്കുറിച്ചുള്ള അന്വേഷണം വെല്ലുവിളി നിറഞ്ഞതാണെന്ന് പറഞ്ഞ റാം മോഹന്‍ നായിഡു, നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പെട്ടെന്ന് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
''ഈ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സമഗ്രമായി വിശകലനം ചെയ്യുകയാണ്. ഒരു നിഗമനത്തിലേക്കും എത്താന്‍ തിടുക്കപ്പെടരുത്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞാല്‍ മാത്രമേ നമുക്ക് വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ'', റാം മോഹന്‍ നായിഡു ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരും നമുക്കുണ്ട്. അവരാണ് വ്യോമയാന വ്യവസായത്തിന്റെ നട്ടെല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണം മാത്രം അടിസ്ഥാനമാക്കി ഒരു നിഗമനത്തിലും എത്തിച്ചേരാന്‍ കഴിയില്ലെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു. പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തില്‍ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടിയും പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു.