വനംവകുപ്പ് മന്ത്രി പഞ്ചാരക്കൊല്ലിയില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ മന്ത്രിയെ തടഞ്ഞ് കൂകി വിളിച്ച് നാട്ടുകാര്‍; റോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധം; കരിങ്കൊടി വീശി; കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ്; പെട്രോളിംഗ് ശക്തമാക്കുമെന്നും മന്ത്രി
വനംവകുപ്പ് മന്ത്രി പഞ്ചാരക്കൊല്ലിയില്‍
കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കടുത്ത പ്രതിഷേധം. മന്ത്രിക്കെതിരെ ശക്തമായ ജനരോഷമാണ് രൂപപ്പെട്ടിരിക്കുന്നത്. രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു. വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാര്‍ മന്ത്രിക്കുനേരെ കരിങ്കൊടി വീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിലാക്കാവില്‍വച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്.
രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം. കടുവയുടെ സാന്നിധ്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിലാണ് ജനങ്ങള്‍ ഉപരോധം തീര്‍ത്തിരിക്കുന്നത്.
ആളുകളെ നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തില്‍ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താന്‍ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങള്‍ ചോദ്യമുയര്‍ത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വന്‍ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്.
പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സിപിഎം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. രാധയുടെ മകന് താല്‍ക്കാലിക ജോലി നല്‍കിയുള്ള ഉത്തരവ് മന്ത്രി കൈമാറി
പൈലറ്റ് വാഹനത്തിന്റെ മുന്‍പില്‍ കരിങ്കൊടിയുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. അതേസമയം, പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ് പുറത്തിറങ്ങി. നരഭോജിയാതിനാല്‍ കടുവയെ വെടിവച്ച് കൊല്ലാന്‍ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിയമോപദേശം തേടിയാണ് ഈ തീരുമാനമെടുത്തതെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിക്കാനുളള തീരുമാനമാണ് ഇപ്പോള്‍ എടുത്തത്. കൂട് വച്ച് പിടിക്കുക, മയക്കുവെടി വയ്ക്കുക തുടങ്ങിയ നടപടി ക്രമങ്ങളില്‍ പോകാതെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവച്ച് കൊല്ലാനുളള ഉത്തരവാണ് ഉന്നതസമിതി എടുത്തിരിക്കുന്നത്. വനത്തിനകത്തെ അടിക്കാടുകള്‍ വനം വകുപ്പ് നീക്കം ചെയ്യണം. തോട്ടങ്ങളുമായി ബന്ധപ്പെട്ട അടിക്കാടുകള്‍ തോട്ടം ഉടമകള്‍ നീക്കം ചെയ്യണം. ഇങ്ങനെയുളള പ്രദേശങ്ങളില്‍ ക്യാമറകളുടെ അഭാവമുണ്ട്. ഈ പ്രശ്‌നം ഫെബ്രുവരി ഒന്നിനകം പരിഹരിക്കപ്പെടും. ആറ് പഞ്ചായത്തുകളില്‍ ഇത്തരത്തിലുളള അപകടം ഉണ്ടാകാന്‍ സാദ്ധ്യതയുളളതിനാല്‍ പെട്രോളിംഗ് ശക്തമാക്കും'- മന്ത്രി വ്യക്തമാക്കിak-saseendran-minister-at-wayanad-tiger-attack-spot