അലന്‍ വോക്കര്‍ ഷോയ്ക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നത് രണ്ട് സംഘങ്ങള്‍; നാല് പേര്‍ പിടിയില്‍; ഡല്‍ഹിയില്‍ നിന്നും പിടികൂടിയ രണ്ട് പേരെ കൊച്ചിയിലെത്തിച്ചു; പിടിയിലായത് ബെംഗളുരുവിലും മൊബൈല്‍ മോഷണം നടത്തിയ പ്രതികള്‍
സംഗീതനിശയ്ക്കിടെ മൊബൈല്‍ മോഷണം; പിടിയിലായത് ഉത്തരേന്ത്യന്‍ സംഘങ്ങള്‍
കൊച്ചി: അലന്‍ വോക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ കൂട്ടക്കവര്‍ച്ച നടത്തിയ ഉത്തരേന്ത്യന്‍ സംഘത്തിലെ രണ്ടു പ്രതികളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു. ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ച് പ്രദേശത്തു നിന്നു പിടികൂടിയ അതിപുര്‍ റഹ്‌മാന്‍, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഒക്ടോബര്‍ ആറിന് കൊച്ചിയില്‍ നടന്ന സംഗീത നിശയ്ക്കിടെ 21 ഐഫോണുകള്‍ ഉള്‍പ്പെടെ 39 ഫോണുകളാണ് മോഷണം പോയത്.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു സംഘങ്ങളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ ഡല്‍ഹിയില്‍ നിന്നുപിടികൂടിയവരെയാണ് കൊച്ചിയിലെത്തിച്ചത്. മുംബൈയില്‍നിന്നുള്ള സംഘത്തിലെ 2 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
മുംബൈയില്‍ നിന്നും നാല് പേരാണ് കൊച്ചിയിലെത്തി മോഷണം നടത്തിയത്. ഇവരില്‍പെട്ട രണ്ട് പേരെ താനെയില്‍ നിന്ന് പിടികൂടി. സണ്ണി ബോല യാദവ്, ശ്യാം ബെല്‍വാള്‍ എന്നിവരാണ് മുംബൈയില്‍ പിടിയിലായത്. രണ്ട് പേരെ കൂടി ഇവിടെ പിടികൂടാനുണ്ട്. പിടിയിലായവരെ ഉടന്‍ കൊച്ചിയിലെത്തിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
ഡല്‍ഹി സംഘത്തില്‍ നിന്ന് 20 ഫോണുകളും മുംബൈ സംഘത്തില്‍ നിന്ന് 3 ഫോണുകളുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ 15 എണ്ണം ഐ ഫോണുകളാണ്. എന്നാല്‍ ഇത് കൊച്ചിയിലെ സംഗീതനിശയ്ക്കിടെ മോഷണം പോയ ഫോണുകള്‍ ആണോ എന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടില്ല.
ഐഎംഇഐ നമ്പര്‍ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസിന്റെ കൈവശമുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള പ്രതികള്‍ കൊച്ചിയില്‍ മുറിയെടുത്ത് താമസിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കവര്‍ച്ചക്ക് പിന്നില്‍ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന.
ഡല്‍ഹി സംഘം ഒക്ടോബര്‍ ആറിന് രാവിലെ ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തി ലോഡ്ജില്‍ താമസിച്ച ശേഷമാണ് വൈകിട്ട് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. മോഷണ ശേഷം ലോഡ്ജില്‍ തിരിച്ചെത്തി പിറ്റേന്നു തന്ന ട്രെയിന്‍ മാര്‍ഗം മടങ്ങുകയും ചെയ്തു. ഡല്‍ഹിയിലെത്തിയ ശേഷം ഫോണുകള്‍ വില്‍ക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈ സംഘം പരിപാടിക്ക് മുമ്പ് വിമാനമാര്‍ഗമാണ് കൊച്ചിയിലെത്തിയത്. മോഷണത്തിനു ശേഷം രാത്രി കൊച്ചിയില്‍ തങ്ങിയ ശേഷം പിറ്റേന്ന് വിമാനത്തിനു തന്നെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.
2000 രൂപ വീതം വിലയുള്ള ടിക്കറ്റുകള്‍ വാങ്ങിയാണ് പ്രതികള്‍ സംഗീതപരിപാടിയില്‍ പങ്കെടുത്തത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികളും മൊബൈല്‍ മോഷണ കേസിലടക്കം പ്രതികളുമാണ്. 2022ല്‍ ബെംഗളുരുവില്‍ നടന്ന സംഗീതപരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായ വസീം അഹമ്മദ്. അതിപുര്‍ റഹ്‌മാന്‍ ഡല്‍ഹിയിലെ ഒരു പരിപാടിക്കിടെ നടന്ന മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും മൊബൈല്‍ മോഷണം നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.