ചേര്‍ത്തല പള്ളിപ്പുറത്ത് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ലഭിച്ചത് ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍; പുല്ല് നീക്കിയും മണ്ണുമാറ്റിയും കുളം വറ്റിച്ചു തിരച്ചില്‍ തുടരുന്നു; മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; സെബാസ്റ്റ്യനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
ചേര്‍ത്തല പള്ളിപ്പുറത്ത് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സിഎം സെബാസ്റ്റ്യനുമായി പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ പുരയിടത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പോലീസ് തിരച്ചില്‍ നടത്തിവരുന്നത്. സ്ഥലത്തെ പുല്ല് നീക്കിയും മണ്ണുമാറ്റിയും തിരച്ചില്‍ തുടരുകയാണ്. സംശയമുള്ള സ്ഥലങ്ങള്‍ കുഴിച്ചും കുളം വറ്റിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതാണെന്ന് അറിയാനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും.
കഴിഞ്ഞദിവസമാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജെയ്‌നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിള്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്കു കടന്നിട്ടുണ്ട്.
എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്. ജെയ്‌നമ്മയ്ക്ക് അത്തരത്തില്‍ പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കയച്ചു. അടുത്തയാഴ്ചയോടെ ഡിഎന്‍എ ഫലം വരുമ്പോള്‍ ഇതില്‍ സ്ഥിരീകരണമാകും.
ജെയ്‌നമ്മ പള്ളിപ്പുറത്തെ വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നുറപ്പിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നടപടികള്‍. കാണാതായ, 2024 ഡിസംബര്‍ 23-നു തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശരീരാവശിഷ്ടങ്ങള്‍ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്നുമാണ് കണക്കാക്കുന്നത്.
സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തില്‍ വീടിനകത്ത് ചോദ്യം ചെയ്തു. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ജെയ്നമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളടക്കം അപഹരിച്ച് പണയംവെക്കുകയും പിന്നീട് എടുത്ത് വില്‍ക്കുകയുമായിരുന്നു. ഇവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി പരസ്പരവിരുദ്ധമായ മൊഴികളിലൂടെ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണെന്നാണു സൂചന. പഠിച്ചുറച്ച മൊഴിയാണ് നല്‍കുന്നതെന്നും പോലീസ് കരുതുന്നു.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടില്‍ പരിശോധന നടത്തുമെന്നാണ് വിവരം. ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.
രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചത്തുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസില്‍ ഏറെ നിര്‍ണയാകമാണ്.
ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്‍ (47), ചേര്‍ത്തലതെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു (43) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി 2017ലാണ് ലഭിച്ചത്. ബിന്ദുവിന് എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖ ചമച്ച് സെബാസ്റ്റ്യന്‍ തട്ടിയെടുത്തെന്ന് കേസുണ്ട്. സെബാസ്റ്റ്യന്റെ വീടിന്റെ പല ഭാഗവും കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. വിസമ്മതിച്ചതിനാല്‍ നുണ പരിശോധന നടന്നില്ല.
പാലയിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ് ജെയിന്‍ മാത്യുവിനെ (ജെയ്‌നമ്മ -55) സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. സ്ഥലമിടപാട് നടത്തിയിരുന്നു. ജെയ്‌നമ്മയുടെ സ്വര്‍ണം സെബാസ്റ്റ്യന്‍ വിറ്റെന്ന് കണ്ടെത്തി. ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെയിനിനെ 2024 ഡിസംബര്‍ 23നാണ് കാണാതായത്. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ടയില്‍വച്ച് റീച്ചാര്‍ജ് ചെയ്തിരുന്നു.
ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. കുടുംബസ്വത്ത് തര്‍ക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനല്‍കാന്‍ മുന്‍കൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു.
തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബര്‍ 19നാണ് കാണാതായത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതായി കണ്ടെത്തി. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.