രക്ഷിച്ച കൈകളെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ ബോയിംഗ്! ബോയിംഗ് അന്യായമായി തന്നെ കുറ്റപ്പെടുത്തിയെന്ന് പറഞ്ഞു ഹീറോ പൈലറ്റിന്റെ വക എട്ടിന്റെ പണി; 83 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാന കമ്പനിക്കെതിരെ കോടതിയെ സമീപിക്കും
രക്ഷിച്ച കൈകളെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ ബോയിംഗ്!
അലാസ്‌ക: പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഡോര്‍ പ്ലഗ് പാനല്‍ പറന്നുപോയതിനെത്തുടര്‍ന്ന് ഒരു ജെറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് ലോകമെമ്പാടും ഹീറോ ആയി പ്രശംസിക്കപ്പെടുന്ന അലാസ്‌ക എയര്‍ലൈന്‍സ് പൈലറ്റ്, മുന്‍കാല നിയമ നടപടികളില്‍ തന്നെയും മറ്റ് ജീവനക്കാരെയും കുറ്റപ്പെടുത്താന്‍ തെറ്റായി ശ്രമിച്ചുവെന്നതിന്റെ പേരില്‍ ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്കെതിരെ കേസ് കൊടുക്കുന്നു. 2024 ജനുവരിയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ 177 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
മുഴുവന്‍ യാത്രരക്കാരുടേയും ജീവന്‍ രക്ഷിച്ചതിന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെയും മേധാവികളും ബോയിംഗ് എക്സിക്യൂട്ടീവുകളും ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ ഫിഷറിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ മുന്‍ കേസുകളില്‍ ബാധ്യത ഒഴിവാക്കാന്‍ ബോയിംഗ് നടത്തിയ ശ്രമങ്ങള്‍ ചില യാത്രക്കാര്‍ പൈലറ്റിനെതിരെ കേസെടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് പരാതി. ഇത് ഫിഷറിന് വലിയ തോതിലുള്ള മാനസിക സംഘര്‍ഷം ഉണ്ടാക്കി എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്.
ഫിഷറിനെ പ്രശ്ംസിക്കുന്നതിന് പകരം ബോയിങ് കമ്പനി അദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സിലെ തന്റെ ജോലിയുടെ മുഴുവന്‍ സമയവും അദ്ദേഹം ബോയിംഗ് വിമാനങ്ങളാണ് പറത്തിയിരുന്നത്. പൈലറ്റുമാരെ ഏറെ ആദരവോടെ കാണുന്നു എന്ന് അവകാശപ്പെടുന്ന ബോയിങ് കമ്പനി നടത്തിയത് വ്യക്തിപരമായ വഞ്ചനയാണ് എന്നാണ് അഭിഭാഷകന്‍ കുറ്റപ്പെടുത്തുന്നത്.
സംഭവത്തില്‍ നാല് ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ മുമ്പ് ബോയിംഗിനെതിരെ കേസ് കൊടുത്തിരുന്നു. ബോയിംഗ് 737 മാക്സ് 9 വിമാനം കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍, ഡോര്‍ പ്ലഗ് പാനല്‍ എന്നറിയപ്പെടുന്ന നാല് ബോള്‍ട്ടുകള്‍ നീക്കം ചെയ്തതായും അറ്റകുറ്റപ്പണികള്‍ക്കിടെ ഒരിക്കലും മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രശ്നം ഉണ്ടായത്. ഏഴ് യാത്രക്കാര്‍ക്കും ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിനും നിസ്സാര പരിക്കേറ്റിരുന്നു എങ്കിലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. ഇടതു ചിറകിന് പിന്നിലെ ഉപയോഗിക്കാത്ത എമര്‍ജന്‍സി എക്സിറ്റ് ഉള്‍ക്കൊള്ളുന്ന ഫ്യൂസ്ലേജിന്റെ കഷണം പൊട്ടിത്തെറിക്കുകയായിരുന്നു. ബോയിംഗ് ഫാക്ടറി തൊഴിലാളികള്‍ അന്വേഷകരോട് വളരെ വേഗത്തില്‍ ജോലി ചെയ്യാന്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നതായും യോഗ്യതയില്ലാത്ത ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി.
ബോയിംഗിലെ വാണിജ്യ വിമാന യൂണിറ്റിന്റെ തലവനായ സ്റ്റാന്‍ ഡീല്‍, സംഭവത്തിന് ശേഷം ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് അലാസ്‌ക എയര്‍ലൈന്‍സ് ജീവനക്കാരെ അഭിനന്ദിച്ചിരുന്നു. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ അലാസ്‌ക എയര്‍ലൈന്‍സും വിസമ്മതിച്ചു. എന്നാല്‍ ജീവനക്കാരുടെ സമയോചിതവും ബുദ്ധിപരവുമായ നീക്കത്തെ കമ്പനി അഭിനന്ദിച്ചിട്ടുണ്ട്.
