ഹോളിയും ക്രിസ്മസും മാത്രമല്ല ന്യൂ ഇയര്‍ ആഘോഷവും ഇനി അനിസ്ലാമികം! ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതിനാല്‍ പുതുവത്സര ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റ്; ന്യൂഇയര്‍ ആഘോഷിക്കരുയെന്ന ഫത്വയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്

ന്യൂഇയര്‍ ആഘോഷിക്കരുയെന്ന ഫത്വയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്

Update: 2024-12-30 16:31 GMT

കേരളത്തിലടക്കം ഇന്നും ഇസ്ലാമിക സമൂഹത്തില്‍ വിവാദമായകാര്യമാണ് ആഘോഷങ്ങളിലെ പങ്കാളിത്തം. ക്രിസ്മസും ഹോളിയുമടക്കമുള്ള ആഘോഷങ്ങളില്‍, ഇസ്ലാം മതവിശ്വാസികള്‍ പങ്കെടുക്കരുതെന്ന് സാക്കിര്‍നായിക്കും, ഓണ സദ്യ ഉണ്ണരുതെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുരുത് എന്ന് മുജാഹിദ് ബാലുശ്ശേരി അടക്കമുള്ള പണ്ഡിതര്‍ പറയാറുണ്ട്. പക്ഷേ ഇത് ആദ്യമായാണ് ന്യൂഇയര്‍ ആഘോഷം അനിസ്ലാമികമാണെന്ന് ഫത്വ വരുന്നത്. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ആണ് മുസ്ലീങ്ങള്‍ ന്യൂ ഇയര്‍ ആശംസകള്‍ പോലും കൈമാറരുത് എന്ന നിലപാട് സ്വീകരിക്കുന്നത്്. ഇതേചൊല്ലി ഇസ്ലാമിക സമൂഹത്തില്‍ തന്നെ ഭിന്നതയുണ്ട്.

പുതുവത്സരാഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമില്ലെന്നാണ് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറയുന്നത്. ''പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതാണ്. നൃത്തവും പാട്ടും പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. ഇവ ഇസ്ലാമില്‍ അസിന്നിഗ്ദമായി നിരോധിച്ചിരിക്കുന്നു. ഈ പരിപാടികളില്‍ ഏര്‍പ്പെടരുത്. പുതുവത്സര ആഘോഷം ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാപമാണ്. മുസ്ലീം യുവാക്കള്‍ ഇവയില്‍ നിന്നെല്ലാം മാറിനില്‍ക്കണം. പുതുവത്സരത്തില്‍ ആശംസകള്‍ നേരുന്നതും പതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. ''-മൗലാന റസ്വി ബറേല്‍വി വ്യക്തമാക്കി.

എന്നാല്‍ ഫത്വ പുറപ്പെടുവിച്ചതോടെ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി സൂഫി ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് കാശിഷ് വാര്‍സി രംഗത്തെത്തി. മുസ്ലീങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്ന ഫത്വ ഫാക്ടറിയാണെന്നാണ് കാശിഷ്വാര്‍സി വിമര്‍ശിച്ചത്. മിസ്ലീങ്ങളുടെ ഇടയിലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇനിയും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക കലണ്ടര്‍ ആരംഭിക്കുന്നത് മുഹറം മാസത്തിലാണെങ്കിലും, പുതുവത്സര ആഘോഷങ്ങളെ ഹറാമെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎഎ അനുകൂലിച്ച സംഘടന

കേരളത്തിടലക്കം വലിയ അനുയായികള്‍ ഇല്ലെങ്കിലും ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംഘടനയാണ്, അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്. സിഎഎ എന്ന പൗരത്വ ദേദഗതി നിയമത്തെ സ്വാഗതം ചെയ്ത ഏക മുസ്ലീം സംഘടയാണിത്. അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി അന്ന് പറഞ്ഞത്, ഇന്ത്യയിലെ മുസ്ലീങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്നും, വ്യാജപ്രചാരണങ്ങളെ ചെറുക്കണമെന്നുമാണ്-'കേന്ദ്രസര്‍ക്കാര്‍ സിഎഎ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഈ നിയമത്തെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. ഇത് വളരെ നേരത്തെ തന്നെ സംഭവിക്കേണ്ട ഒന്നായിരുന്നു.അല്‍പ്പം വൈകിയാണെങ്കിലും വളരെ മികച്ച നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് മാത്രമാണ് പറയാനുള്ളത്. ഈ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള നിയമമല്ല ഇത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരത്തില്‍ അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നില്ല.

കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങളെ ഈ നിയമം ഒരു രീതിയിലും മോശമായി ബാധിക്കാന്‍ പോകുന്നില്ല. ഒരു മുസ്ലീം പൗരന്റെ പൗരത്വം പോലും ഇതുമൂലം നഷ്ടമാവുകയുമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിന്റെ പേരിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ നമ്മളെല്ലാം കണ്ടതാണ്. രാഷ്ട്രീയക്കാര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കിക്കൊണ്ട് ഓരോ മുസ്ലീം പൗരനും സിഎഎയെ സ്വാഗതം ചെയ്യണം. ഒരാളുടെ പോലും പൗരത്വം എടുത്തുകളയാന്‍ ഈ നിയമത്തിന് സാധിക്കില്ലെന്നും'' -റസ്വി ബറേല്‍വി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലിയെന്നൊക്കെ അദ്ദേഹം ഏറെ പഴികേട്ടു. അന്ന് മതേതരരായി വിലയിരുത്തപ്പെട്ട അതേ റസ്വി ബറേല്‍വിയാണ് ഇന്ന് ന്യൂഇയറിന്റെ പേരില്‍ മതതീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ താന്‍ ഉള്ളതുപോലെ പറയുകയാണെന്നാണ് റസ്വി ബറേല്‍വി പറയുന്നത്.


Tags:    

Similar News