മന്ത്രിസഭ അറിയാതെ മന്ത്രിയുടെ ഒപ്പോടുകൂടി സ്വാശ്രയ കോളജുകള്‍ക്ക് അനുമതി; മുഖ്യമന്ത്രി നായനാര്‍ ഇക്കാര്യമറിഞ്ഞു; പി.ജെ.ജോസഫിന്റെ ഭീഷണിക്ക് വഴങ്ങിയെന്നും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തല്‍; ഒന്നും പറയാനില്ലെന്ന് പി.ജെ.ജോസഫ്

കണ്ണന്താനത്തിന്റെ വെളിപ്പെടുത്തല്‍, ഒന്നും പറയാനില്ലെന്ന് പി.ജെ.ജോസഫ്

Update: 2025-05-23 07:42 GMT

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന താനും മന്ത്രിയായിരുന്ന പി.ജെ. ജോസഫും നായനാര്‍ മന്ത്രിസഭയെ മറികടന്നാണ് കേരളത്തില്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വഴിയൊരുക്കിയതെന്ന വെളിപ്പെടുത്തലുമായി അല്‍ഫോണ്‍സ് കണ്ണന്താനം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ കണ്ണന്താനം 'ദി വിന്നിങ് ഫോര്‍മുല: 52 വേയ്സ് ടു ചേഞ്ച് യുവര്‍ ലൈഫ്' എന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിനോട് ഒന്നും പറയാനില്ലെന്നും അന്നു മുന്നണി വേറെ ആയിരുന്നല്ലോ എന്നുമാണ് പി.ജെ.ജോസഫ് പ്രതികരിച്ചത്.

33 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയതാണ് തന്റെ സര്‍വീസ് ജീവിതത്തിലെ ഏറ്റവും പുരോഗമനപരമായ കാര്യമെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം അവകാശപ്പെട്ടത്. കേരളത്തില്‍ ഒന്നും നടക്കില്ലെന്നുപറയുന്നവരോട്, ഇതൊക്കെ സാധിക്കുമെന്ന് പറയാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമില്ലാതിരുന്ന കാലത്തു നടത്തിയ സാഹസത്തെക്കുറിച്ചാണ് കണ്ണന്താനത്തിന്റെ പരാമര്‍ശം.

മന്ത്രിസഭ അറിയാതെ മന്ത്രിയുടെ ഒപ്പോടുകൂടിയാണ് ഈ കോളജുകള്‍ക്ക് എന്‍ഒസി നല്‍കിയത്. പിന്നീട് മുഖ്യമന്ത്രി നായനാര്‍ ഇക്കാര്യമറിഞ്ഞു. അല്‍ഫോന്‍സിനെതിരെ നടപടിയെടുത്താല്‍ താന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന പി.ജെ.ജോസഫിന്റെ ഭീഷണിക്ക് മുഖ്യമന്ത്രി വഴങ്ങി. അങ്ങനെയാണ് തനിക്കെതിരെ നടപടി ഒഴിവായതെന്നും പുസ്തകത്തില്‍ അല്‍ഫോന്‍സ് പറയുന്നു. സര്‍ക്കാരിനെ മറികടന്ന് അനുമതികള്‍ നല്‍കാന്‍ ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനെയും താന്‍ നിര്‍ബന്ധിച്ചെന്നും അല്‍ഫോന്‍സ് പറയുന്നു.

പുസ്തകത്തില്‍ നിന്ന്: '' 2000 ല്‍ ഞാന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ 2 ലക്ഷം വിദ്യാര്‍ഥികളാണ് പ്രഫഷനല്‍ കോഴ്‌സുകള്‍ കേരളത്തിനു പുറത്ത് പഠിച്ചിരുന്നത്. അന്നു കേരളത്തില്‍ 300 മെഡിക്കല്‍ സീറ്റുകളും 3,000 എന്‍ജിനീയറിങ് സീറ്റുകളും മാത്രം. നമ്മുടെ കുട്ടികള്‍ക്ക് കേരളത്തില്‍ പഠിക്കുന്നതിനു സാഹചര്യമുണ്ടാക്കണമെന്നു ഞാന്‍ മന്ത്രിയോടു പറഞ്ഞു. അതിനോട് യോജിക്കുന്നെങ്കിലും ഇത് എല്‍ഡിഎഫ് അംഗീകരിക്കില്ലെന്നും വിഷയം മന്ത്രിസഭ വരെ എത്തുക പോലുമില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രി വാക്കാല്‍ അനുവദിച്ചാല്‍ കോളജുകള്‍ക്ക് അനുമതി ഞാന്‍ നല്‍കാമെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാമെന്നും പറഞ്ഞു. മന്ത്രി സമ്മതിച്ചു.

കോവളം ഗെസ്റ്റ് ഹൗസില്‍ വച്ച് കോളജ് മാനേജ്‌മെന്റുകളുടെ ഹിയറിങ് രഹസ്യമായി നടത്തി. 33 കോളജുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചു. മന്ത്രി ഫയലില്‍ ഒപ്പിട്ടു. ഐഐസിടിഇയില്‍ നിന്നുള്ള അന്തിമാനുമതി ലഭിക്കുമ്പോള്‍ വിഷയം മന്ത്രിസഭയില്‍ എത്തിക്കാമെന്നു ഞാന്‍ പറഞ്ഞു. മൂന്ന് മാസത്തിനു ശേഷം നായനാര്‍ ഇക്കാര്യം അറിഞ്ഞു. അദ്ദേഹം രോഷാകുലനായി. പിറ്റേന്നു തന്നെ വിഷയം മന്ത്രിസഭയില്‍ വച്ചു. എന്‍ഒസി റദ്ദാക്കാനും എന്നെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രിസഭയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ പി.ജെ.ജോസഫ് എനിക്കൊപ്പം നിന്നു. കേരളത്തിന് ആവശ്യമായ തീരുമാനമാണ് അല്‍ഫോന്‍സ് എടുത്തതെന്നും അദ്ദേഹത്തെ തൊട്ടാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും ജോസഫ് പറഞ്ഞു. അതോടെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഒഴിവാക്കി.

എന്‍ഒസി റദ്ദാക്കാനുള്ള മന്ത്രിസഭാ തീരുമാനവുമായി എഐസിടിഇ ചെയര്‍മാന്‍ നടരാജനെ കാണാന്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ഡല്‍ഹിക്ക് അയച്ചു. ഞാന്‍ നടരാജനെ കണ്ട് കോളജുകള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ അദ്ദേഹം അനുമതി നല്‍കി. പിന്നാലെ 2001ല്‍ 13 എന്‍ജിനീയറിങ് കോളജുകള്‍ കേരളത്തില്‍ ആരംഭിച്ചുവെന്നും പുസ്തകത്തില്‍ അല്‍ഫോന്‍സ് വ്യക്തമാക്കുന്നു.

Tags:    

Similar News