ചീനിവിളയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ മൊട്ടിട്ട പ്രണയം; വിവാഹത്തിനും സാക്ഷിയായി അതേ ബസ്; ലൈഫിന് ഡബിള്‍ ബെല്ലടിച്ച അമലിനും അഭിജിതയ്ക്കും ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍
അമലിനും അഭിജിതയ്ക്കും ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: പഠന കാലം മുതല്‍ കെഎസ്ആര്‍ടിസി ബസിനോട് തോന്നിയ പ്രണയം, ഒടുവില്‍ അമല്‍ ജീവിത സഖിയെ കണ്ടെത്തിയതും അതേ ബസില്‍ നിന്നായിരുന്നു. ഇരുവരുടെയും പ്രണയ സാഫല്യത്തിനൊടുവില്‍ വിവാഹ ദിനത്തില്‍ എല്ലാത്തിനും സാക്ഷിയാകാനും അമലിന്റെ പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ബസെത്തിയിരുന്നു.
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അമലും അഭിജിതയും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ബസ്സിനെ ഒപ്പം കൂട്ടിയ വിവരമറിഞ്ഞ് നവദമ്പതികള്‍ക്ക് ആശംസയര്‍പ്പിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രണയ യാത്രയ്ക്ക് ഡബിള്‍ ബെല്ല് അടിച്ച കെഎസ്ആര്‍ടിസി ബസിനെ സാക്ഷിയാക്കി കഴിഞ്ഞ ദിവസമാണ് അമലും അഭിജിതയും വിവാഹിതരായത്. ഇതറിഞ്ഞാണ് മന്ത്രി ഇരുവരേയും ഓഫീസിലേക്ക് വിളിപ്പിച്ചത്.
പഠിക്കുന്ന കാലത്ത് അരുണ്‍ നിവാസില്‍ സി. കെ നിത്യാനന്ദന്‍ എസ് ഗീതാമണി ദമ്പതികളുടെ ഇളയ മകനായ അമല്‍ ബാലു നിരന്തരം നിവേദനം നല്‍കി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ്.
ചീനിവിളയില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് ഓടുന്ന ഒരൊറ്റ ബസ്സാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രാസൗകര്യത്തിന് ആ ബസിന് റൂട്ട് ഉണ്ടാക്കിയത് അമല്‍ ബാലുവാണ്. അമല്‍ ഉള്‍പ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവര്‍ക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി.
പോകപ്പോകെ ഒരു പെണ്‍കുട്ടി അതില്‍ യാത്ര ചെയ്ത് തുടങ്ങി. അവളോടുള്ള ഇഷ്ടം വീട്ടില്‍ തുറന്ന് പറഞ്ഞ് വിവാഹത്തിലേക്കെത്തി. ചെങ്കല്‍ ക്ഷേത്രത്തില്‍ താലി കെട്ടാന്‍ പോയപ്പോഴും ബസ്സിനേയും കൂടെ കൂട്ടി, കെഎസ്ആര്‍ടിസി ബസ്സിലെ പ്രണയകഥ വൈറലായതോടെയാണ് ഇരുവരേയും മന്ത്രി വിളിപ്പിച്ചത്.
ആദ്യ പ്രണയം കെഎസ്ആര്‍ടിസിയോട്.....
അമലിന് കുട്ടികാലം മുതല്‍ തുടങ്ങിയ പ്രണയമാണ് കെഎസ്ആര്‍ടിസിയോട്. ബസിനോടുള്ള ഇഷ്ടം പില്‍ക്കാലത്തുള്ള എല്ലാ യാത്രകള്‍ക്കും കെഎസ്ആര്ടിസി ബസിനെ തന്നെ ആശ്രയിച്ച് ആണ്. പഠനത്തിനും പിന്നീട് ജോലിക്കും ഒക്കെ യാത്ര ബസില്‍ തന്നെ.
ചീനിവുള്ള നിവാസികള്‍ക്ക് രാവിലെ തിരുവനന്തപുരത്തേക്ക് ഓഫീസ്, സ്‌കൂള്‍ ആശുപത്രി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് മനസ്സിലാക്കി അമല്‍ മാറനല്ലൂര്‍ ,ചീനിവിള മലയിന്‍കീഴ് പേയാട് വഴി തിരുവനന്തപുരത്തേക്ക് ബസ് എന്ന ആശയം അധികൃതരുമായി പങ്കു വച്ചു. ഒടുവില്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചു. അമല്‍ ഉള്‍പ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവര്‍ക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി.
ഈ ബസ്സിലെ മുന്‍ സീറ്റിലെ യാത്രക്കാരി ആണ് അഖിലിന്റെ മുന്നോട്ടുള്ള ജീവിത്തിലെ പങ്കാളിയായി മാറിയത്. അമല്‍ ബാലുവും തിനക്കോട്ടുകോണം, രാധാ ഭവനില്‍ ശ്രീകുമാരന്‍ എ. ശ്രികുമാരി ദമ്പതികളുടെ മകള്‍ അഭിജിത. എസ്.എസ്സും ആണ് ചെങ്കല്‍ ക്ഷേത്ര സന്നിധിയില്‍ ഇഷ്ട വാഹനത്തെയും തങ്ങളുടെ ഇഷ്ടം മൊട്ടിട്ട ബസിനെയും സാക്ഷിയാക്കി ജീവിതത്തിന് ഡബിള്‍ ബെല്‍ അടിച്ചു. ചെങ്കല്‍ ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മാറനല്ലൂര്‍ ദേവഗിരി ആഡിറ്റോറിയത്തില്‍ മറ്റു ചടങ്ങുകള്‍ നടന്നു. ഇവിടെയും അമലിന്റെ പ്രിയ ബസായ ആര് എന്‍ ഈ 522 കെഎസ്ആര്‍ടിസി ബസ് കാവലായി സാക്ഷിയായി ഉണ്ടായിരുന്നു.
ഡ്രൈവര്‍ അശോകന്‍ കണ്ടക്ടര്‍ സത്യ ദാസ് എന്നിവരാണ് അമലിന്റെ പ്രിയ ബസുമായി വിവാഹം കൂടാന്‍ എത്തിയത്. ഇതേ കെഎസ്ആര്ടിസി സ്ഥിരം യാത്രക്കിടെ ആണ് വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എസ് ആര്‍ ഒ ആയ അഭിജിതയും, രാജധാനി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ബ്രാഞ്ച് ഇന്ദ്രപുരി രാജധാനി സിനിയര്‍ എഫ് ഒ എ ആയ അമലും കണ്ടു മുട്ടിയതും സുഹൃത്തുകളായതും. മനസില്‍ മൊട്ടിട്ട പ്രണയം ഇരുവരും വീട്ടില്‍ അവതരിപ്പിച്ചു ഒടുവില്‍. തങ്ങളുടെ ഇഷ്ട വാഹനത്തെ സാക്ഷിയായി ഒരുമിച്ചുള്ള യാത്ര തുടങ്ങി.
കെഎസ്ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കാന്‍ അമല്‍ സമൂഹ്യമമാധ്യമങ്ങളെയും പ്രയോജനപെടുത്തുന്നുണ്ട്. കെഎസ്ആര്ടിസി ലവേഴ്‌സ് ഫോറം, കെഎസ്ആര്‍ടിസി ഫ്ഫ്രണ്ട്‌സ്, ഫ്രെണ്ട്‌സ് ഓഫ് കെഎസ്ആര്ടിസി, കെഎസ്ആര്‍ടിസി പാസഞ്ചേഴ്‌സ് ഫോറം, കെഎസ്ആര്ടിസി സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുകയും കെഎസ്ആര്‍ടിസിയുടെ നെയിംബോര്‍ഡുകളും അതിന്റെ അലങ്കാരങ്ങളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും അമലിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് . കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന ബസ്സും ബസ് നമ്പറും റൂട്ടും ഷെഡ്യൂളും സമയവുമൊക്കെ ഏതു നിമിഷം ചോദിച്ചാലും ഒരിടത്തും നോക്കാതെ പറയാന്‍ അമലിനാകും.
വിവാഹത്തിന് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നവരും, റെസിഡന്‍സ് അസോസിയേഷനുകളും സംഘടകളും ഉല്ലാസായത്രകള്‍ സംഘടിപ്പിക്കുമ്പോഴും രാഷ്ട്രീയ കക്ഷികള്‍ അവരുടെ സംഘടന യാത്രകള്‍ സംഘടിപ്പിക്കുമ്പോഴും യാത്ര കെഎസ്ആര്ടിസി ബസില്‍ ആകണമെന്നാണ് അമലിന്റെ അഭിപ്രായം. അങ്ങനെ എങ്കില്‍ കെഎസ്ആര്‍സി ലാഭകരമായി മുന്നോട്ട് പോയി സാധാരണക്കാര്‍ക്ക് ആശ്രയമായി എന്നും നിരത്തില്‍ ഉണ്ടാകുമെന്നും അമല്‍ പറയുന്നു. എല്ലായിടത്ത് നിന്നും അമലിനും അഭിജിതക്കും അഭിനന്ദനപ്രവാഹമാണ്.